അക്ഷയ തൃതീയയിലെ സ്വര്‍ണ്ണം ദാനം സമ്പദ്‌സമൃദ്ധി തരും; വെള്ളിദാനം മന:സുഖം
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
വൈശാഖ മാസത്തിലെ പുണ്യദിനമായ അക്ഷയതൃതീയ 2021 മേയ് 14 വെള്ളിയാഴ്ചയാണ്. അക്ഷയ എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയം ഇല്ലാത്തത് അഥവാ കുറയാത്തത് അല്ലെങ്കില്‍ നശിക്കാത്തത് അതുമല്ലെങ്കില്‍ അനശ്വരമായ സത്കര്‍മ്മഫലം നല്കുന്നത് എന്നാണ്. പൊതുവെ പുണ്യം ക്ഷയിക്കാത്ത ഒരു ദിവസമായി അക്ഷയതൃതീയ ദിനത്തെ കരുതാം. സൂര്യനും, ചന്ദ്രനും അവരവരുടെ ഉച്ചരാശിയില്‍ സഞ്ചരിക്കുമ്പോള്‍ വന്നുചേരുന്ന ഈ ശുഭദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ അനശ്വരമായ സത്കര്‍മ്മഫലം കുടുംബത്തില്‍ സ്ഥിരമായി നിലനില്ക്കും. അതിലുപരി ഈ ദിവസം ദാനം ചെയ്യുന്ന ഓരോ വസ്തുക്കളും അതിനിരട്ടിയായി തിരികെ ലഭിക്കും. കൂടാതെ ദാനം ചെയ്യുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ സത്ഫലം ലഭിക്കും. ഉദാഹരണമായി സ്വര്‍ണ്ണം ദാനം ചെയ്താല്‍ സമ്പദ്‌സമൃദ്ധിയും, വെള്ളിദാനം ചെയ്താല്‍ മനോസുഖവും, തൈരും ചോറും ദാനം ചെയ്താല്‍ രോഗശമനവും, വസ്ത്രം ദാനം നല്കിയാല്‍ ജന്മാന്തര വസ്ത്രലാഭവും, ഊന്നുവടി നല്കിയാല്‍ മുട്ടുവേദന ശമനവും, മലര്‍പ്പൊടി നല്കിയാല്‍ സമൃദ്ധിയും, വിശറി ദാനം ചെയ്താല്‍ വായുഭഗവാന്റെ അനുഗ്രഹവും, ശര്‍ക്കര ദാനം ചെയ്താല്‍ ഗൃഹസുഖവും, പാദുകം ദാനം ചെയ്താല്‍ മന:സമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണു പ്രീതികരമായ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നതും അതീവ ശ്രേഷ്ഠമാണ്. പിതൃശാപദോഷം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പിതൃശ്രാദ്ധം നടത്തി ദോഷമകറ്റി പിതൃപ്രീതി നേടാനും ഈ ദിവസം അനുയോജ്യമാണ്. അക്ഷയ തൃതീയ ദിവസം പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്താല്‍ സര്‍വ്വപാപ ദോഷങ്ങളും മാറും. കൂടാതെ പുണ്യ പ്രവൃത്തി ചെയ്ത് മന:സുഖവും ആരോഗ്യവും സാമ്പത്തികാഭിവൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നേടാനും അക്ഷയതൃതീയ ഉപകരിക്കും. ഈ ദിവസം ശേഖരിക്കുന്ന വസ്തുക്കള്‍ക്കും മെച്ചപ്പെട്ട ഫലം ലഭിക്കും. വസ്ത്രം, അന്നം, ആഭരണം, തുടങ്ങി ഏതു വസ്തു അക്ഷയതൃതീയ ദിവസം ശേഖരിക്കുന്നുവോ ആ വസ്തുക്കള്‍ക്കൊന്നും പിന്നീട് അവര്‍ക്ക് കുറവുണ്ടാകില്ല. സ്വര്‍ണ്ണാഭരണ രംഗത്ത് അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രാധാന്യം ഉണ്ടാകുവാനുള്ള കാരണം ഇതാകാം. ഈ ദിവസം ശിവ–പാര്‍വ്വതി ക്ഷേത്രത്തില്‍ ഉമാ മഹേശ്വര മന്ത്രാര്‍ച്ചന നടത്തിയാല്‍ കുടുംബത്തില്‍ ഐശ്വര്യ ലബ്ധി കൈവരും. വിദ്യാര്‍ത്ഥികള്‍ ഈ ദിവസം സരസ്വതി ക്ഷേത്രദര്‍ശനം നടത്തി വിദ്യാസൂക്താര്‍ച്ചന നടത്തിയാല്‍ വിദ്യാഭിവൃദ്ധി കൈവരും.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
- 91 9847575559
Story Summary: Benifits of donations on Akshaya Thridiya