Saturday, 23 Nov 2024

അഞ്ചുപേരില്‍ തുടങ്ങി; നാല്പതു ലക്ഷത്തിലേക്ക്

ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന്‍ മുല്ലുവീട്ടില്‍ പരമേശ്വരന്‍പിള്ള സ്വാമിയാണ് ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തിയത്. അവിടെ ഭഗവതിയുടെ കമനീയ വിഗ്രഹവും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞതും അമ്മയെ സങ്കല്പിച്ച് സ്വാമി ഒരു പുത്തന്‍ മണ്‍കലത്തില്‍ നാഴി ഉണക്കലരി വേവിച്ച് ഭഗവതിക്ക് നേദിച്ചു. ഇതാണ് ആദ്യത്തെ പൊങ്കാല. തുടര്‍ന്ന് നാട്ടുകാരില്‍ അഞ്ചുപേര്‍ പൊങ്കാലനിവേദ്യം സമര്‍പ്പിക്കാന്‍ തുടങ്ങി. ഇത് അമ്പതുപേരിലെത്തിയപ്പോഴാണ് ചട്ടമ്പിസ്വാമി തിരുവടികള്‍ അമ്മ നങ്ങമ്മപിള്ളയുമൊത്ത് ഭഗവതിക്ക് പൊങ്കാല അര്‍പ്പിച്ചത്. ബാലനായിരുന്ന സ്വാമികള്‍ക്ക് കരപ്പന്‍ മാറിക്കിട്ടിയതിനുള്ള നേര്‍ച്ചയായിട്ടായിരുന്നു പൊങ്കാല. ആറ്റുകാലമ്മയുടെ ദിവ്യചൈതന്യം മനസിലായ സ്വാമികള്‍ ക്ഷേത്ര ഭാരവാഹികളോടും അമ്മയോടുമെല്ലാം ആ വിവരം പറഞ്ഞു. ക്ഷേത്രഭാരവാഹികളിലൂടെ ദേശവാസികളും അറ്റുകാൽ അമ്മയുടെ ഭക്തരായി മാറി. സ്വാമികളില്‍ നിന്ന് ആറ്റുകാല്‍ പൊങ്കാലയുടെ മഹത്വമറിഞ്ഞ ശ്രീനാരായണഗുരു സ്വാമികള്‍ ശിഷ്യരുമൊത്ത് തിരുനടയില്‍ ഭജനമിരിക്കുകയും പൊങ്കാല സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചതോടെ സ്ത്രീകളുടെ ശബരിമല എന്ന പേരുവന്നു. അങ്ങനെയാണ് പൊങ്കാല സ്ത്രീകളുടേത് മാത്രമായത്. ഇത്തവണ 40 ലക്ഷം പൊങ്കാല അമ്മയ്ക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 15  സ്ത്രീകൾ പങ്കെടുത്തതിനെ അടിസ്ഥാനമാക്കിയാണ്‌ ഈ മഹോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ മഹോത്സവത്തിൽ പങ്കെടുത്തു. പൊങ്കാല സമയത്ത്  ആറ്റുകാൽ ക്ഷേത്രവും തിരുവനന്തപുരം നഗരവും ജനസമുദ്രമാകും. ക്ഷേത്ര പരിസരത്ത്  ഏകദേശം 20 കിലോമീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.  ക്ഷേത്രം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെങ്കിലും സംസ്ഥാന സർക്കാറും തിരുവനന്തപുരം കോർപ്പേഷനും മഹോത്സവം  കെങ്കേമമാക്കാൻ വേണ്ട എല്ലാ സഹായവും നൽകും. 2020 മാർച്ച് 9 തിങ്കളാഴ്ച രാവിലെ 10.20 നാണ് പൊങ്കാല അടുപ്പുകൾ കത്തിക്കുന്നത്. ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം.

– ടി.കെ. സുരേഷ് കുമാർ .

error: Content is protected !!
Exit mobile version