Saturday, 23 Nov 2024

അത്തിവരദ ദർശനത്തിന് നിത്യേന 2 ലക്ഷം പേർ

അത്തിവരദ പെരുമാളെ ഇനി കാണണമെങ്കിൽ 40 വർഷം കാത്തിരിക്കണം. നാല് ദശാബ്ദം കൂടുമ്പോൾ മാത്രമാണ്  അത്തിവരർ ദർശനം തരുന്നത്. 1979 ജൂലൈ – ആഗസ്റ്റ് മാസങ്ങളിലാണ്  മുമ്പ് അത്തിവരദ തിരുവിഴ നടന്നത്. അതിന് ശേഷം.  ഇപ്പോഴാണ് ദർശനം. പ്രയാസപ്പെട്ടാണെങ്കിലും ഈ അപൂവ അവസരം പാഴാക്കാതെ അർചാ രൂപമായി അവതരിച്ച  അത്തിവരദ പെരുമാളിനെ ദർശിക്കുന്നതിന് എല്ലാവരും ശ്രമിക്കണം. കാരണം അടുത്ത ദർശനം 2059 ലെ  വൈകാശി ബ്രഹോത്സവ സമയത്തായിരിക്കും; നാല്പതു വർഷങ്ങൾക്ക് ശേഷം! 
രാഷ്ട്രപതി രാം നാഥ് കോവിന്ദ്,​ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ഉൾപ്പെടെയുള്ള അരക്കോടി ഭക്തർ ഇത്തവണ ഇതിനകം ഈ അപൂർവ വിഗ്രഹം ദർശിച്ചു കഴിഞ്ഞു. 

കാഞ്ചീപുരം പട്ടണത്തിൽ നിന്നു നാലു കിലോമീറ്റർ അകലെ 23 ഏക്കർ സ്ഥലത്താണ് അഞ്ചു പ്രാകാരങ്ങളോടുകൂടിയ വരദരാജ പെരുമാൾ ക്ഷേത്രം  സ്ഥിതിചെയ്യുന്നത്. കിഴക്കും പടിഞ്ഞാറും രണ്ട് വലിയ ഗോപുരങ്ങളുണ്ട്. 24 പടികളോട് കൂടിയ ഒരു കുന്നിൻ മുകളിൽ പുണ്യകോടി എന്ന വിമാനം അലങ്കാരമായിട്ടുള്ള ഗർഭഗ്യഹത്തിൽ 1008 സാള ഗ്രാമങ്ങൾ കൊണ്ടുള്ള മാലയണിഞ്ഞാണ് സർവാഭരണവിഭൂഷിതനായ ശ്രീ വരദരാജ പെരുമാൾ വർണിക്കാൻ അസാധ്യമായ മന്ദസ്മിതത്തോടെ ദർശനമരുളുന്നത്.

പ്രതിദിനം ഒരു ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഇവിടെ ദർശനത്തിന്എത്തിക്കൊണ്ടിരിക്കുന്നത്.  അടുത്ത ആഴ്ച മുതൽ ഇത് രണ്ടു ലക്ഷം പേരായി മാറും. അനന്തസരസ് പുഷ്കരണി തീർത്ഥത്തിൽ നിന്ന്‌ അത്തിവരദർ ക്ഷേത്രത്തിലെ വസന്തമണ്ഡപത്തിൽ ജൂലൈ ഒന്നിന് ദർശനമരുളാനെത്തിയ അത്തിവരദ‌ർ ശയനരൂപത്തിലായിരുന്നു ആദ്യം. ഇപ്പോൾ പെരുമാൾ നിൽക്കുന്ന രൂപമാണ് ദർശനത്തിനുള്ളത്. 48 ദിവസം ദർശനം നൽകിയ ശേഷം വീണ്ടും വെള്ളി പേടകത്തിലേറി ക്ഷേത്രക്കുളത്തിന്റെ ആഴങ്ങളിലേക്ക്. അടുത്ത ഉയിർത്തെഴുന്നേല്പ് 2059ൽ മാത്രം.

ഒരു പുരുഷായുസിൽ ഒരു തവണ ഈ ദർശനം നടത്തുന്നവർക്ക് വൈകുണ്ഠ പദവിയും രണ്ട് തവണ ദർശനം നടത്തുന്നവർക്ക് മോക്ഷവും മൂന്നാമത്  ദർശനം നടത്താൻ സാധിച്ചാൽ ദേവപദവിയും സിദ്ധിക്കും എന്നാണ് വരദരാജ പുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 

രാജ്യത്തെ അതി പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തെ വദരരാജ പെരുമാൾ ക്ഷേത്രം. 40 വർഷത്തിലൊരിക്കൽ നടക്കുന്ന അത്തിവരദർ ഉത്സവമാണു പ്രധാനം. ഒരു മനുഷ്യായുസിൽ ഒന്നോ രണ്ടോ തവണ മാത്രം പങ്കെടുക്കാൻ കഴിയുന്ന  ഈ ആഘോഷത്തിനു പിന്നിൽ ചരിത്രവും ഐതിഹ്യവും ഇടകലർന്നു കിടക്കുന്നു.ക്ഷേത്രത്തിനു നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അത്തിമരം കൊണ്ടു നിർമ്മിച്ച വരദവിഗ്രഹമായിരുന്നു ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ. ഉത്തരേന്ത്യൻ ഭരണാധികാരികളുടെ ആക്രമണം ഭയന്ന് വിഗ്രഹം ക്ഷേത്രത്തിനു മുന്നിലെ വലിയ കുളത്തിൽ താഴ്ത്തി. പിന്നീട് വിഗ്രഹം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 40 വർഷത്തോളം ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലായിരുന്നു. തുടർന്നാണ്‌ ഇപ്പോഴത്തെ കല്ലുകൊണ്ടുള്ള വിഷ്ണുവിഗ്രഹം നിർമ്മിച്ചത്.

1709ൽ ക്ഷേത്രക്കുളം വറ്റിച്ചപ്പോൾ അപ്രതീക്ഷിതമായി അത്തിവരദർ വിഗ്രഹം കണ്ടെത്തി. ഇതിനെത്തുടർന്നാണു 40 വർഷത്തിലൊരിക്കൽ വിഗ്രഹം ക്ഷേത്രക്കുളത്തിൽ നിന്നെടുത്ത്‌ 48 ദിവസത്തെ ദർശനോത്സവം നടത്താൻ തീരുമാനിച്ചത്. ക്ഷേത്രക്കുളത്തിലെ മണ്ഡപത്തിനു കീഴിലെ ചതുപ്പിലാണു 12 അടി നീളമുള്ള വെള്ളിപേടകത്തിനുള്ളിലാക്കി 9 അടി നീളമുള്ള അത്തിവരദർ വിഗ്രഹം താഴ്ത്തുന്നത്.തീർത്ഥക്കുളം വറ്റിച്ച ശേഷമാണ് വിഗ്രഹമെടുക്കുന്നത്. ജീവജാലങ്ങൾ ഉൾപ്പെടെ ജലം മുഴുവൻ സമീപത്തെ കുളത്തിലേക്ക് മാറ്റും. വിഗ്രഹം തിരികെ വയ്ക്കുമ്പോൾ പഴയപടിയാക്കും.

സരസ്വതിദേവി ഭർത്താവായ ബ്രഹ്മാവുമായി പിണങ്ങി. തുടർന്ന്, അത്തിവനത്തിൽ  അതായത് ഇപ്പോഴത്തെ കാഞ്ചീപുരത്ത്  ബ്രഹ്മാവു നടത്തിയിരുന്ന അശ്വമേധ യാഗം മുടക്കാൻ അസുരന്മാരുടെ സഹായത്തോടെ ദേവി വേഗാവതി നദിയായി ഒഴുകിവന്നു. വിഷ്ണു അത്തിവരദരായി അവതരിച്ചു സരസ്വതി ദേവിയെ സമാധാനിപ്പിച്ചു മടക്കി. യാഗവേദിയിലുണ്ടായിരുന്ന വിശ്വകർമ്മൻ  ഒരു അത്തിമരം കൊണ്ടു അത്തിവരദരെ  നിർമ്മിച്ച്  പ്രതിഷ്ഠിച്ചു. ഇതാണ് ഒരു ഐതിഹ്യം.യാഗത്തിന്റെ പ്രതിഷ്ഠയായി അത്തിമരം കൊണ്ട് വിശ്വകർമ്മാവ് വിഷ്ണുവിഗ്രഹം പണിതെന്നും യാഗാഗ്നിയുടെ ചൂടേറ്റ് വിഗ്രഹം കറുത്തെന്നും ഐതിഹ്യമുണ്ട്. യാഗശേഷം അഭിഷേകം നടത്തിയിട്ടും ചൂട് മറിയില്ല. അപ്പോഴുണ്ടായ അശരീരി പ്രകാരമാണ് വിഗ്രഹം കുളത്തിൽ താഴ്ത്തിയത്. 40 വർഷത്തിലൊരിക്കൽ പുറത്തെടുത്താൽ മതിയെന്നത് ഭഗവാൻ അരുൾ ചെയ്തുവെന്നും വിശ്വാസം. 

– ജ്യോത്സ്യൻ വേണു മഹാദേവ്+91 9847475559

error: Content is protected !!
Exit mobile version