Friday, 22 Nov 2024

അനുഭവയോഗം തടയുന്ന ദൃഷ്ടിദോഷം മാറാൻ ഇതാണ് വഴികൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

നമ്മുടെ ജാതകത്തിൽ പല യോഗങ്ങളും കാണും. കൊടിവച്ച കാറിൽ പറക്കുന്ന രാജയോഗം ഉൾപ്പടെ പലതും. കഴിഞ്ഞ ജന്മത്തിലെ സൽക്കർമ്മങ്ങളിലൂടെ ആർജ്ജിക്കുന്നതാണ് പല നല്ല യോഗങ്ങളും. എന്നാൽ മിക്കവർക്കും ഇതൊന്നും അനുഭവത്തിൽ ലഭിക്കില്ല. അപ്പോൾ പറയും അനുഭവയോഗമില്ലെന്ന്.

മുജ്ജന്മാർജ്ജിതമായ ഗുണദോഷങ്ങൾ അടിസ്ഥാനമാക്കിയാണ് ജാതകത്തിൽ ഗ്രഹങ്ങൾ നിൽക്കുന്നതും അവയുടെ കൂടിച്ചേരലിലൂടെ യോഗങ്ങൾ രൂപം കൊള്ളുന്നതും. ഇപ്പോഴത്തെ നിത്യജീവിതത്തിൽ നമ്മൾ ആർജ്ജിക്കുന്ന ഓരോ പുണ്യപാപങ്ങളും ഇവയെ സ്വാധീനിക്കും. രണ്ടും കൂടി കണക്കിലെടുക്കുമ്പോഴാണ് പൂർണ്ണഫലം ആകുന്നത്.

അതായത് നിത്യജീവിതത്തിലെ കർമ്മങ്ങളിലൂടെ നേടുന്ന പുണ്യം, ശ്രേയസ്, പാപങ്ങൾ, ദൃഷ്ടിദോഷം, ശാപദോഷം , ധർമ്മദൈവശാപം, ഗുരുശാപം, സ്ത്രീശാപം, ശത്രുദോഷം എന്നിവയെല്ലാം നമ്മുടെ ജീവിതഫലങ്ങളെ സ്വാധീനിക്കുന്നു. അതുപോലെ നമ്മുടെ പ്രാർത്ഥനകൾ, നാം നടത്തുന്ന പൂജകൾ, നോൽക്കുന്ന വ്രതങ്ങൾ എന്നിവയും കർമ്മ ഫലത്തിൽ, നിർണ്ണായക സ്വാധീനമാകും. ഇവയെല്ലാം അനുഭവയോഗത്തെയും മറ്റ് ഫലങ്ങളെയും മാറ്റിമറിക്കും. ഏതൊരു വ്യക്തിക്കും ഏറ്റവും പെട്ടെന്ന് ഫലം നൽകുന്ന മൂർത്തികളാണ് ധർമ്മദൈവങ്ങൾ. പരദേവതകളെ വേണ്ടവിധം ആചരിക്കാതെ വേറെ എത്ര വലിയ കർമ്മം നടത്തിയാലും അനുഭവയോഗം ഉണ്ടാകില്ല. അതുപോലെ തന്നെ അനുഭവയോഗത്തിന് തടസമാകുന്ന മറ്റൊരു പ്രധാന കാരണമാണ് ദൃഷ്ടിദോഷം. കണ്ണേറ്, അസൂയ, പ്രാക്ക് തുടങ്ങിയവ ബാധിക്കുന്നതിലൂടെ വ്യക്തിയുടെ ഭാഗ്യയോഗങ്ങൾ തന്നെ തടസപ്പെടും. ദൃഷ്ടിദോഷമുണ്ടെന്ന് ജ്യോതിഷത്തിലൂടെയും അനുഭവങ്ങളിലൂടെയും മനസിലാക്കിയാൽ അതിന് എത്രയും പെട്ടെന്ന് തന്നെ പരിഹാരം കാണണം.

ജാതകപ്രകാരം ഒരു ഭാഗ്യവും നേട്ടവും കാണുന്നു എങ്കിൽ അത് നമുക്ക് അർഹതപ്പെട്ടത് തന്നെയാണെന്ന് മനസിലാക്കണം. എന്നാൽ മുകളിൽ സൂചിപ്പിച്ച പോലുള്ള ഓരോ ദോഷങ്ങൾ കാരണം അതിന് തടസം വരാം എന്നതാണ് വാസ്തവം. ഇത്തരം ദോഷങ്ങളിൽ വളരെ ഗൗരവമേറിയ ദൃഷ്ടിദോഷം ദാമ്പത്യ ജീവിതം, കർമ്മം, വിദ്യാഭ്യാസം, ഐശ്വര്യം, ആരോഗ്യം, കലാവിരുത് തുടങ്ങിയവയെ എല്ലാം പ്രതികൂലമായി ബാധിക്കാം. യഥാവിധി പരിഹാരം ചെയ്താൽ അതെല്ലാം മാറും. അതിനുള്ള ചില മാർഗ്ഗങ്ങൾ പറഞ്ഞു തരാം:

ദാമ്പത്യദോഷ ശാന്തിക്ക് ദൃഷ്ടിദോഷത്താലുള്ള ദാമ്പത്യദോഷം തീരുന്നതിന് സുദർശനമന്ത്രം കൊണ്ട് വിഷ്ണുക്ഷേത്രത്തിൽ 12 വ്യാഴാഴ്ച പുഷ്പാജ്ഞലി ചെയ്യുന്നത് ഗുണകരമാണ്. നിത്യവും സുദർശനമന്ത്രം ജപിക്കുകയും വേണം. ശാസ്താക്ഷേത്രത്തിൽ എള്ളുകിഴി തെളിയിക്കുന്നതും ശംഖുപുഷ്പ മാല ചാർത്തുന്നതും ദൃഷ്ടിദോഷ ശാന്തിക്ക് നല്ലതാണ്. നന്നായി പ്രാർത്ഥിച്ചിട്ട് ചുവന്ന പട്ടും ഒരു പിടിനാണയവും കൂടി ഭദ്രകാളി ക്ഷേത്രത്തിൽ സമർപ്പിച്ചാൽ ദൃഷ്ടിദോഷം നീങ്ങി ദാമ്പത്യ ഭദ്രതയുണ്ടാകും. പാർവ്വതീയന്ത്രം ഏലസ്‌ ധരിക്കുന്നത് ദൃഷ്ടിദോഷം തീരാൻ നല്ലതാണ്. ഉത്തമനായ കർമ്മിയെക്കൊണ്ട് വേണം ഏലസ് തയ്യാറാക്കാൻ.

രോഗാരിഷ്ടത മാറാൻ
പൂർണ്ണാരോഗ്യയോഗമുള്ള ഒരു വ്യക്തിക്ക് ദൃഷ്ടിദോഷം മൂലം രോഗാരിഷ്ടത കണ്ടാൽ ശിവക്ഷേത്രത്തിൽ ശ്രീരുദ്രധാര നടത്തി തീർത്ഥം സേവിപ്പിക്കുന്നത് ഉത്തമ പരിഹാരമാണ്. ശൂലിനീ യന്ത്രം ഏലസ്‌ ധരിക്കുന്നതും ഉത്തമമാണ്. മഹാമൃത്യുഞ്ജയ യന്ത്രം ധരിച്ചാൽ ദൃഷ്ടിദോഷം നീങ്ങി ആയൂർബലം കിട്ടും. മഹാമൃത്യുഞ്ജയ മന്ത്രജപം പതിവാക്കുന്നത് നല്ലതാണ്.

ഐശ്വര്യാഭിവൃദ്ധി വീണ്ടെടുക്കാൻ
ഉത്തമ യോഗങ്ങൾ കാരണം എല്ലാവിധ സുഖങ്ങളും അനുഭവിച്ച് രാജാവിനെപ്പോലെ കഴിഞ്ഞവർ പിന്നീട് ഒന്നും ഇല്ലാത്ത അവസ്ഥയിൽ എത്തുന്നത് കണ്ടിട്ടില്ലേ. ഇതിന് കാരണം ദൃഷ്ടിദോഷവും ആകാം. ജ്യോതിഷ ചിന്തയിൽ ഇങ്ങനെ കാണപ്പെടുകയോ മറ്റു രീതിയിൽ മനസിലാക്കുകയോ ചെയ്താൽ അഘോരഹോമം നടത്തി ശാന്തിയുണ്ടാക്കാം. ഈ ഹോമത്തിന്റെ അത്ഭുതശക്തി കൊണ്ട് ദൃഷ്ടി ദോഷശക്തി നീക്കി ഐശ്വര്യാഭിവൃദ്ധി വീണ്ടെടുക്കാം.

കർമ്മ തടസം നീങ്ങാൻ
ദൃഷ്ടിദോഷം കാരണം കർമ്മമേഖലയിൽ തിരിച്ചടിയും തടസവും നേരിടുന്നത് മറികടക്കാൻ മഹാഗണപതി യന്ത്രം പൂജിച്ച് ഗൃഹത്തിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ക്ഷിപ്രഗണപതി യന്ത്രം ധരിക്കുന്നതും ഫലപ്രദമാണ്. ഉഗ്രനരസിംഹ മന്ത്രം ജപിക്കുന്നതും ദൃഷ്ടിദോഷം നീങ്ങുന്നതിന് ഉത്തമമാണ്. കർമ്മ സംബന്ധമായ ഉന്നതയോഗങ്ങൾ തടസപ്പെട്ട് കാണുന്നവർക്ക് നരസിംഹ മന്ത്രജപം പെട്ടെന്ന് സദ് ഫലം നൽകും.

മഹാസുദര്‍ശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധ
അസ്ത്ര – ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ്വദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹാ

മഹാ മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

ഉഗ്ര നരസിംഹ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം

അഘോരമന്ത്രം
ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചടചട പ്രചട പ്രചട
കഹ കഹ വമ വമ ബന്ധ ബന്ധ
ഘാതയ ഘാതയ ഹും ഫട് സ്വാഹാ
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും
ബന്ധപ്പെടുക:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!
Exit mobile version