അന്നദാനപ്രഭു അനുഗ്രഹം
ചൊരിയുന്ന വൈക്കത്തഷ്ടമി
ശിവനാരായണൻ
ശ്രീ മഹാദേവൻ ദേവീസമേതം ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ നേരിട്ട് പ്രത്യക്ഷമാകുന്ന മഹോത്സവമാണ് വ്യശ്ചികത്തിലെ കൃഷ്ണപക്ഷത്തിൽ സമാഗതമാകുന്ന വൈക്കത്തഷ്ടമി. ആശ്രയിക്കുന്നവരെ കയ്യും മനവും നിറയെ അനുഗ്രഹിക്കുന്ന ശിവചൈതന്യമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈക്കത്തപ്പനായി കുടി കൊള്ളുന്നത്. തെന്നിന്ത്യയിലെ മുഖ്യ ശിവസന്നിധികളിൽ ഒന്നാണിത്. വലിപ്പച്ചെറുപ്പമോ ജാതി ഉച്ചനീചത്വങ്ങളോ ഇല്ലാതെ ഭക്തരെ ഒരേ പോലെ രക്ഷിക്കുന്ന അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധി കാശിക്ക് തുല്യമാണെന്ന് വിശ്വസിക്കുന്നു.
ഈ ക്ഷേത്ര ചൈതന്യത്തിന്റെ ആവിർഭാവം തേത്രായുഗത്തിലേക്ക് നീളുന്നു. മാല്യവാൻ എന്ന രാക്ഷസ തപസ്വിയിൽ നിന്നും ശൈവ വിദ്യോപദേശം നേടി ഖരൻ എന്ന അസുരൻ ചിദംബരത്ത് പോയി മോക്ഷസിദ്ധിക്ക് കഠിനവും അത്യുഗ്രവുമായ തപസ് അനുഷ്ഠിച്ചു. കൊടും തപസിൽ പ്രീതനായ മഹാദേവൻ ഖരൻ ആവശ്യപ്പെട്ട വരം നൽകി. ഒപ്പം ശ്രേഷ്ഠമായ മൂന്നു ശിവലിംഗങ്ങളും സമ്മാനിച്ചു. ഈ ലിംഗങ്ങൾ വലതു കൈയ്യിലും ഇടതു കൈയ്യിലും കഴുത്തിലും ഇറുക്കിയും ആകാശമാർഗ്ഗേ ഖരൻ യാത്ര ചെയ്തു. വഴിമദ്ധ്യേ ഭൂമിയിലിറങ്ങി ശിവലിംഗങ്ങൾ താഴെ വച്ച് വിശ്രമിച്ചു. യാത്ര പുനരാരംഭിക്കാൻ തുടങ്ങിയപ്പോൾ ഒരു ശിവലിംഗം ഭൂമിയിലുറച്ചു പോയെന്ന് മനസിലായി. വീണ്ടും ഉയർത്താൻ നടത്തിയ ശ്രമം വിഫലമായി. ഖരൻ അഞ്ജലീബദ്ധനായ് പാർവ്വതീപതിയെ സ്തുതിച്ചു. ആ സമയം അശരീരി മുഴങ്ങി: ”എന്നെ ആശ്രയിക്കുന്ന ഭൂലോകവാസികൾക്ക് മോക്ഷം നൽകി ഞാനിവിടെ ഇരുന്നു കൊള്ളാം” ഇത് കേട്ട് ആഹ്ലാദ ചിത്തനായ ഖരൻ കണ്ണു തുറന്നപ്പോൾ സമീപത്ത് വ്യാഘ്രപാദ മഹർഷിയെ കണ്ടു. ഈ ശിവലിംഗം യഥാവിധി പൂജിച്ച് സംരക്ഷിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞ് ഖരൻ കൈലാസം പൂകി മോക്ഷം പ്രാപിച്ചു. ഖരൻ വലതു കൈയ്യിൽ പിടിച്ച ശിവലിംഗമാണ് വൈക്കത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. കഴുത്തിലിറുക്കി വച്ച ശിവലിംഗം കടുത്തുരുത്തിയിലും ഇടത് കൈയിലേത് ഏറ്റുമാനൂരിലും പ്രതിഷ്ഠിച്ചു. വൈക്കത്തുനിന്ന് കടുത്തുരുത്തിയിലേക്കും അവിടെ നിന്നും ഏറ്റുമാനൂരിലേക്കും തുല്യ ദൂരമാണെന്ന വസ്തുത ഈ ഐതിഹ്യത്തിന് ബലം കൂട്ടുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരു ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവദർശനം നടത്തിയതിന് തുല്യമാണെന്ന് വിശ്വാസം.
ക്ഷേത്രങ്ങളുടെ ബന്ധം ഇങ്ങനെ എങ്കിലും ദേവന്മാർ ഏക പ്രസാദ സ്വഭാവം ഉള്ളവർ അല്ല. വൈക്കത്തപ്പന് ഒന്നിലും പ്രത്യേകിച്ച് ആസക്തിയില്ല. ഭക്തിയും വിശ്വാസവും ബോദ്ധ്യപ്പെട്ടാൽ എല്ലാം നൽകും. പക്ഷേ ഏറ്റുമാനൂരപ്പൻ ക്ഷിപ്രപ്രസാദിയാണ്. എന്ത് തന്നെ ആഗ്രഹിച്ചാലും അപ്പോൾ തന്നെ നൽകും. ന്യായാധിപനായ കൈലാസനാഥന്റെ കോടതിയാണ് കടുത്തുരുത്തി കടുത്തുരുത്തി തളിക്ഷേത്രം.
ഖരൻ ഏൽപ്പിച്ചു പോയ വിഗ്രഹം ശ്രദ്ധയോടെയും ഭക്തിയോടെയും പൂജിച്ചാരാധിച്ച ഭക്തോത്തമനായ വ്യാഘ്രപാദമഹർഷിക്ക് ഒരു വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി ദിവസം ശ്രീ മഹാദേവൻ പർവ്വതീ സമേതനായി ദർശനം നൽകി ; വ്യാഘ്രപാദപുരം എന്ന പേരിൽ ഇവിടം അറിയപ്പെടുമെന്ന് അനുഗ്രഹിച്ച ശേഷം അപ്രത്യക്ഷനായി. ഈ ദിവസം വൈക്കത്തഷ്ടമിയായി.
വൈക്കം കായലിൽ മുങ്ങി ശിവലിംഗം എടുത്ത് പരശുരാമൻ ക്ഷേത്ര പ്രതിഷ്ഠ നടത്തി എന്നും ഐതിഹ്യം ഉണ്ട്. ആചാരാനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തിയതും പരശുരാമൻ ആണത്രേ.
വർഷത്തിൽ രണ്ട് ഉത്സവം നടക്കുന്നതാണ് വൈക്കം ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വൃശ്ചികത്തിൽ രേവതി നാളിൽ കൊടിയേറുന്ന 13 ദിവസത്തെ ഉത്സവത്തിന്റെ പന്ത്രണ്ടാം നാളാണ് വൈക്കത്തഷ്ടമി. ഇത്തവണ ഇത് നവംബർ 27 ശനിയാഴ്ചയാണ്. 28 ന് ഉദയനാപുരം ക്ഷേത്രത്തിൽ ആറാട്ടോടെ ഉത്സവം സമാപിക്കും.കുംഭത്തിലെ മാശി അഷ്ടമിയിലാണ് രണ്ടാമത്തെ ഉത്സവം. അന്നദാനപ്രഭുവാണ് വൈക്കത്തപ്പൻ. ദേവന്റെ ഏറ്റവും പ്രധാന വഴിപാട് 13 തരം വിഭവങ്ങളടങ്ങിയ പ്രാതലാണ്. വൈക്കത്തപ്പന് പ്രാതൽ കഴിപ്പിക്കുന്നതും ഇവിടുത്തെ പ്രാതൽ കഴിക്കുന്നതും ശ്രേയസ്കരമായി കരുതുന്നു.
ശിവനാരായണൻ
Story Summary: Vikkathashtami: Myth, Rituals and Festival