Saturday, 23 Nov 2024

അന്നപൂർണ്ണേശ്വരി സ്തോത്രം ജപിച്ചാൽ ധനധാന്യ സമൃദ്ധി, രോഗ ദുരിത മോചനം

മംഗള ഗൗരി

ഒരു കയ്യിൽ അന്നം നിറച്ച പാത്രവും മറുകയ്യിൽ കരണ്ടിയുമായി പ്രത്യക്ഷപ്പെടുന്ന ദേവീ രൂപ സങ്കല്പമായ അന്നപൂർണ്ണേശ്വരി പാർവതിയുടെ മൂർത്തീഭേദമാണ്. ശംഖും താമരയും വഹിക്കുന്ന മറ്റു രണ്ടു കൈകൾ കൂടി സമൃദ്ധിയുടെ ദേവതയായി ആരാധിക്കുന്ന ദേവിക്ക് ചില ചിത്രങ്ങളിൽ കാണാം.

പാർവ്വതി അന്നപൂർണ്ണേശ്വരിയായി മാറിയ ഐതിഹ്യം പ്രസിദ്ധമാണ്: ഭഗവാനാണെങ്കിലും ശിവനെയും ശനിദശ പിടികൂടി. ഈ ദശയിൽ താൻ അനുഭവിക്കേണ്ട ഭിക്ഷാടനയോഗത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കെ
കലഹ പ്രിയനായ നാരദൻ സമീപിച്ച് പറഞ്ഞു: ഭർത്താവും കുഞ്ഞുങ്ങളും പട്ടിണി കിടക്കേണ്ടി വരുന്നത് ‘ ഐശ്വര്യമില്ലാത്ത ‘ ഭാര്യയുടെ കുഴപ്പം കൊണ്ടാണ്. അതു കഴിഞ്ഞ് നാരദർ തന്നെ പാർവ്വതിയോട് പറഞ്ഞു: ഒരു ജോലിയുമില്ലാതെ കറങ്ങി നടക്കുന്ന ഈ ഭർത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ?

ഇത് കേട്ടതും ദേവിക്കും പ്രശ്നമായി. പാർവതി മക്കളെയും കൂട്ടി പിതാവായ ഹിമവാന്റെ അടുത്തേക്ക് പുറപ്പെട്ടു. ചെറിയൊരു കലഹമുണ്ടാക്കി രസിക്കാൻ നോക്കിയ നാരദന് ഇത്രയുമായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നെന്ന് മനസിലായി. സംഗതി കുഴപ്പമാകുമെന്ന് കരുതിയ നാരദൻ പാർവ്വതിയെ വഴിയിൽ തടഞ്ഞിട്ട് പട്ടിണി ഉണ്ടാകാതിരിക്കാൻ ഒരു വഴി പറഞ്ഞു കൊടുത്തു. അതിരാവിലെ ശിവനെക്കാൾ മുൻപ് ഉണർന്ന് ശിവൻ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക. കിട്ടുന്നതെല്ലാം കൊണ്ട് സുഭിക്ഷമായി കഴിയാം.

പാർവ്വതി പിറ്റേന്ന് നാരദൻ പറഞ്ഞതു പോലെ ചെയ്തു. അന്ന് ഭിക്ഷാടനത്തിനു പോയ ശിവന് എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രവുമായി തിരിച്ചെത്തിയ ശിവന് പാർവ്വതി ആഹാരം കൊടുത്തു. മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവൻ പാർവ്വതിയെ ആലിംഗനം ചെയ്തു. അങ്ങനെ അവരുടെ ശരീരം ഒന്നായി; ശിവൻ അർദ്ധനാരീശ്വരൻ ആയി. അന്നുമുതൽ പാർവ്വതി അന്നപൂർണ്ണേശ്വരിയായി അറിയപ്പെട്ടു.

അനേകം അന്നപൂർണ്ണേശ്വരി സ്തുതികളുണ്ടെങ്കിലും ശങ്കരാചാര്യർ രചിച്ച അന്നപൂർണേശ്വരീ സ്തവമാണ്
ഏറ്റവും പ്രസിദ്ധം. ചൈത്രമാസത്തിലെ നവമിയാണ് ദേവിക്ക് ഏറെ പ്രധാനം. ദേവീ ഉപാസനയ്ക്ക് അതിവിശേഷമായി കരുതുന്ന വെള്ളിയാഴ്ചകളിൽ അന്നപൂർണേശ്വരീ സ്തവം ജപിച്ചാൽ ഐശ്വര്യവും സമ്പദ് സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ഈ ദിവസം അഗതികൾക്ക് ആഹാരം നൽകുന്നതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു. അന്നദാനം മഹാദാനം എന്ന് ശിവപുരാണവും പറയുന്നു. ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം ആഹാരം നൽകുന്നതാണ്; ഇതു വഴി മാത്രമേ ആരെയും പൂർണ്ണ തൃപ്തരാക്കാൻ കഴിയൂ.
അന്നപൂർണ്ണേശ്വരിയെ ഭജിച്ചാൽ അന്നവസ്ത്രദികൾക്ക് മുട്ടുമുണ്ടാകില്ല. ദാരിദ്ര്യദുഃഖം അനുഭവിക്കേണ്ടി വരില്ല.
ധ്യാനവും മൂലമന്ത്രവും അന്നപൂർണ്ണാഷ്ടകവും മുഴുവനും എന്നും ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിന്
കഴിയുന്നില്ലെങ്കിൽ സ്തോത്രത്തിന്റെ അവസാന ഭാഗമായ ‘അന്നപൂര്‍ണ്ണേ സദാ പൂര്‍ണ്ണേ…..’ എന്ന ശ്ലോകം മാത്രമെങ്കിലും ദിവസവും ജപിക്കണം. പൗർണ്ണമിയിൽ ഇത് ജപിക്കുന്നതിന് വളരെ നല്ലതാണ്.

അന്നപൂർണ്ണേശ്വരി സ്തോത്രം

കേരളത്തിൽ ചില ക്ഷേത്രങ്ങളിൽ അന്നപൂർണ്ണേശ്വരി പ്രതിഷ്ഠയുണ്ട്. ചില തറവാടുകളിൽ പരദേവതയാണ്. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണ്ണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്. ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും പറയുന്നു. ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം പ്രസിദ്ധമാണ്.

അന്നപൂർണ്ണേശ്വരി ധ്യാനം
തപ്തസ്വർണ്ണ നിഭാശശാങ്കമുകുടാ രത്ന പ്രഭാ ഭാസുര
നാനാവസ്ത്ര വിരാജിതാ ത്രിണയനാ ഭ്രൂമീരാമാഭ്യാം
യുതാദർവ്വീഹാടക ഭാജനം ച ദധതീ രമ്യോച്ച പീനസ്തനീം
നൃത്യന്തം ശിവമാകലയ്യമുദിതാധ്യേയാന്നപൂർണ്ണേശ്വരി

മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി
അന്നപൂർണ്ണേ സ്വാഹാ

അന്നപൂർണ്ണേശ്വരി സ്തവം
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ
നിർധൂതാഖില ഘോരപാവനകരീ പ്രത്യക്ഷ മാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ
മുക്താഹരവിലംബമാനവിലസദ്‌വക്ഷോജകുംഭാന്തരീ
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

യോഗാനന്ദകരീ രിപുക്ഷയകരീ ധർമ്മാത്ഥനിഷ്ഠാകരീ
ചന്ദ്രാർക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരീ
സർവ്വൈശ്വര്യ കരീ തപ: ഫലകരീ കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരി

കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ
കൗമാരീ നിഗമാർത്ഥഗോചരകരീ ഓങ്കാരബീജാക്ഷരീ
മോക്ഷദ്വാരകവാടപാടനകരീ കാശീപൂരാധീശ്വരീ,
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ദൃശ്യാദൃശ്യവിഭൂതി പാവനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ
ലീലാനാടകസൂത്രഖേലനകരീ വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമന: പ്രസാദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ആദിക്ഷാന്ത സമസ്തവർണ്ണനകരീ ശംഭോസ്ത്രിഭാവാകരീ
കാശ്മീരാ ത്രിപുരേശ്വരീ തൃലഹരീ വിശ്വേശ്വരീ ശർവരീ
കാമാകാംക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ഉർവ്വീ സർവ്വജനേശ്വരീ ജയകരീ മാതാ കൃപാസാഗരീ
നാരീ നീലസമാനകുന്തളധരീ നിത്യാന്നദാനേശ്വരീ
സർവ്വാനന്ദകരി സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ദേവീ സർവ വിചിത്രരത്നരുചിരാ ദാക്ഷായണീ സുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ
ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ
ചന്ദ്രാർക്കാനലകോടികോടിസദൃശാ ചന്ദ്രാംശുബിംബാധരീ
ചന്ദ്രാർക്കാഗ്നി സമാന കുണ്ഡലധരീ
ചന്ദ്രാർക്കവർണ്ണേശ്വരി
മാലാ പുസ്തക പാശസാങ്കുശധരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂർണ്ണേശ്വരീ

ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ
സാക്ഷാന്മോകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതി
മാതാ മേ പാർവ്വതീ ദേവീ പിതാ ദേവോ മഹേശ്വര:
ബാന്ധവാ: ശിവഭക്താശ്ച സ്വദേശോ ഭൂവന ത്രയം

Story Summary: Significance of Annapoorneswari and Benefits of Annapoorna Sthothram Recitation

error: Content is protected !!
Exit mobile version