Saturday, 23 Nov 2024

അഭിമന്യുവിന് ഉത്തര അല്ലാതെ ശശിരേഖയും ഭാര്യയാണോ?

ജോതിഷരത്നം വേണു മഹാദേവ്

അഭിമന്യുവിന് എത്ര ഭാര്യമാരുണ്ട്? അഭിമന്യുവിന് ഒരു ഭാര്യമാത്രമേയുള്ളൂ – അത് ഉത്തര ആണ്. ചിലർ പറയുന്നുണ്ട് , ബലരാമന്റെ മകൾ വത്സല / ശശിരേഖയെയും വിവാഹം ചെയ്തതായി. എന്നാൽ മഹാഭാരതത്തിൽ ഒരിടത്തും ആ വിവാഹത്തെപ്പറ്റി പരാമർശം ഇല്ല. എന്നാൽ ചില തെലുങ്ക് സിനിമകൾ – മായാബസാർ , ശശി രേഖാപരിണയം തുടങ്ങിയവയിൽ അഭിമന്യു ഭീമപുത്രൻ ഘടോൽക്കചന്റെ സഹായത്താൽ ശശി രേഖയെ വിവാഹം കഴിക്കുന്നതായി പറയുന്നുണ്ട്. എന്നാൽ ഇതിന് പുരാണത്തിന്റെ പിൻബലമില്ല.
അഭിമന്യുവിന്റെ ഭാര്യ ഉത്തര മത്സ്യ രാജവംശത്തിലെ വിരാട രാജാവിന്റെ മകളാണ്. ഉത്തര രാജകുമാരിയും അഭിമന്യുവും തമ്മിലുള്ള വിവാഹത്തിന്റെ കഥ ഇങ്ങനെ:

പാണ്ഡവരും ദ്രൗപതിയും അഞ്ജാതവാസത്തിൽ കഴിഞ്ഞ കാലത്ത് ഉത്തരയെ നൃത്തം പഠിപ്പിച്ചത് മറ്റാരുമല്ല ഗാന്ധീവധാരി അർജ്ജുനൻ ആയിരുന്നു. ഒടുവിൽ പാണ്ഡവർ വിരാട രാജാവിനു മുന്നിൽ വെളിപ്പെടുന്നു. പെട്ടെന്ന് സന്തോഷം കൊണ്ട് മതിമറന്ന വിരാട രാജാവ് അർജ്ജുനൻ ഉത്തരയെ വിവാഹം കഴിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു. എന്നാൽ അർജ്ജുനൻ പറഞ്ഞു – ഒരു ഗുരുവും ശിഷ്യയും തമ്മിലുള്ളത് പിതൃ പുത്രീ ബന്ധമാണ്, അതിനാൽ ഉത്തര തനിക്ക് മകളാണ്. അപ്പോൾ വിരാട രാജാവ് പറഞ്ഞു, എങ്കിൽ അഭിമന്യു വിവാഹം കഴിക്കട്ടെ, അങ്ങ് ഉത്തരയെ മരുമകളായി സ്വീകരിക്കൂ. അങ്ങനെ ആ വിവാഹം ആർഭാടമായി നടന്നു – ഇതാണ് മഹാഭാരതം പറയുന്ന കഥ .

എന്നാൽ നാടോടി കഥകൾ പറയുന്നത്, ശ്രീകൃഷ്ണന്റെ സഹോദരൻ ബലരാമന്റെ മകൾ വത്സല
അഭിമന്യുവിന്റെ കാമുകിയായിരുന്നു എന്നാണ്. ഒന്നിച്ചു കളിച്ചു വളർന്ന ഇവർ മുറപ്രകാരം സഹോദരങ്ങളായി വരുമെന്നതിനാൽ വിവാഹം സാധ്യമല്ല. എന്നാൽ അഭിമന്യു ഘടോൽക്കചന്റെ സഹായത്താൽ വത്സല / ശശി രേഖയെ രഹസ്യ വിവാഹം ചെയ്തു എന്നാണ് നാടോടിക്കഥ. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിമൂന്നാം നാൾ ചക്രവ്യൂഹം ഭേദിക്കാൻ കഴിയാതെ ധീരനായ അഭിമന്യു വധിക്കപ്പെടുമ്പോൾ ഉത്തര ഗർഭിണി ആയിരുന്നു. ആ കുഞ്ഞാണ് പരീക്ഷത്ത് മഹാരാജാവ്. കുരു ക്ഷേത്ര യുദ്ധശേഷം അവശേഷിച്ച ഏക പാണ്ഡവൻ. പിന്നീട് ശുകമുനി ശ്രീമദ് ഭാഗവത കഥ മുഴുവൻ പരീക്ഷത്തിനാണ് പറഞ്ഞു കൊടുക്കുന്നത്.

ജോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Mythology behind Abhimanyu and Uthara Marriage

error: Content is protected !!
Exit mobile version