Wednesday, 18 Sep 2024

അമാവാസിയിൽ ഉഗ്രമൂര്‍ത്തികളെ ഭജിച്ചാൽ അതിവേഗം ഫലം ലഭിക്കും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന ദിവസമാണ് അമാവാസി. വെളുത്ത പക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു. ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായി കണക്കാക്കുന്നുണ്ടെങ്കിലും സര്‍വ്വദേവതാ പ്രാര്‍ത്ഥനകൾക്കും പിതൃപ്രീതി നേടുന്നതിനും അമാവാസി നല്ല ദിവസമാണ്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡീ, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്കാണ് അമാവാസി ഏറ്റവും നല്ലത്. ക്ഷിപ്രകാര്യസിദ്ധിക്ക് ഈ ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ നിത്യവും ഇത് 108 തവണ വീതം ജപിക്കുക. ഇങ്ങനെ 5 മാസം കൃത്യമായി ചെയ്താല്‍ കാര്യസിദ്ധിയുണ്ടാകും.

ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ അഞ്ചു മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. ഇത് നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

പിതൃപ്രീതിക്ക് ഏറ്റവും ഗുണകരമായ വ്രതമാണ് അമാവാസി അഥവാ കറുത്തവാവ് വ്രതം. എല്ലാമാസവും വ്രതമെടുക്കാന്‍ ഉത്തമമാണെങ്കിലും കര്‍ക്കടകം,
തുലാം മാസങ്ങളിലെ കറുത്തവാവ് ഏറെ വിശേഷമാണ്. പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, നാമജപ പ്രാര്‍ത്ഥന എന്നിവ നടത്തുകയും വേണം. പുണ്യതീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും വിശേഷം. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. ബലിതര്‍പ്പണത്തിനും ഏറെ വിശേഷം. ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടി ഈ വ്രതധാരണം വിശേഷമാണ്. 18 അമാവാസികളിൽ ഈ വ്രതം സ്വീകരിക്കുന്നവരുടെ പൂര്‍വ്വിക തലമുറ മുഴുവനും ദുരിതമോചിതരാകും എന്നാണ് വിശ്വാസം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 944 702 0655

Story Summary: Which God to worship on Amavasya ?

error: Content is protected !!
Exit mobile version