Tuesday, 26 Nov 2024

അമാവാസിയിൽ രൗദ്ര മൂർത്തികളെ ഭജിച്ചാൽ പെട്ടെന്ന് അഭീഷ്ട സിദ്ധി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം ലഭിക്കുന്ന അമാവാസി ദിവസം പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ഏറ്റവും ഗുണകരവുമാണ്. അമാവാസി അഥവാ കറുത്തവാവ് വ്രതം നോറ്റ് പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, നാമജപ പ്രാര്‍ത്ഥന എന്നിവ നടത്തുകയും ചെയ്താൽ എല്ലാ പാപദോഷങ്ങളും ശമിക്കും. എല്ലാമാസവും അമാവാസി വ്രതമെടുക്കാന്‍ ഉത്തമമാണ്. ഈ ദിവസം പുണ്യതീര്‍ത്ഥ ഘട്ടങ്ങളില്‍ ദര്‍ശനം നടത്തുന്നതും ദാനം നൽകുന്നതും വിശേഷമാണ്. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മതി. ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടിയും ഈ വ്രതധാരണം ഉത്തമമാണ്. 18 അമാവാസി വ്രതം നോൽക്കുന്നവരുടെ മുൻതലമുറ മുഴുവൻ ദുരിതമുക്തരാകും എന്നാണ് വിശ്വാസം. 2023 ഡിസംബർ 12 ചൊവ്വാഴ്ചയാണ് വൃശ്ചിക മാസത്തിലെ അമാവാസി ദിവസം.

വെളുത്തപക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു. ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും നല്ല ദിവസമാണ്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡി, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്കാണ് അമാവാസി ഏറ്റവും നല്ലത്.

പെട്ടെന്ന് അഭീഷ്ട സിദ്ധി നേടാൻ അമാവാസി ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ നിത്യവും ഈ മന്ത്രം 108 തവണ വീതം ജപിക്കുകയും ഇങ്ങനെ 5 മാസം കൃത്യമായി തുടരുകയും ചെയ്താല്‍ കാര്യസിദ്ധി ഉറപ്പാണ്.

മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94-470-20655

Story Summary: Every month, the Amavasya day is considered auspicious for the worship of forefathers and this day is considered more beneficial to get quick results from Ugra Moorthies like Agora Shiva, Bhadrakali, Narasimha Swamy, Raktha Chamundi, Hanuman Swamy etc.

error: Content is protected !!
Exit mobile version