Monday, 1 Jul 2024

അമൃതവർഷം 67; മന:ശുദ്ധിയുണ്ടെങ്കിൽ  ഭഗവാൻ പ്രസാദിക്കും

പൂർണ്ണ വിശ്വാസം വരാതെ ആരെയും ഗുരുവായി സ്വീകരിക്കരുത്. ഗുരുവായി ഒരാളെ സ്വീകരിച്ചു കഴിഞ്ഞാൽ അവിടെ പരിപൂർണ്ണ സമർപ്പണം ഉണ്ടാകണം – 2020 സെപ്തംബർ 27 ന് അമൃതവർഷം 67 എന്ന പേരിൽ ഭക്തർ ജന്മദിനം ആഘോഷിക്കുന്ന
മാതാ അമൃതാനന്ദമയി ദേവിയുടെ സത് വചനങ്ങളിൽ സുപ്രധാനമായ ഒന്നാണിത്. തന്റെ ഓരോ തിരുവചനങ്ങളും ഭക്തരെ ബോദ്ധ്യപ്പെടുത്താൻ
അമ്മ ഒരോ കഥകൾ പറയാറുണ്ട്. ഇത്തരം കഥകളിലൂടെയാണ് തന്റെ ദിവ്യവാണികളുടെ
സാരാംശം അമ്മ ഭക്തർക്ക് ബോദ്ധ്യമാക്കി
കൊടുക്കുന്നത്. അതിൽ ഒരു കഥ ഈ പുണ്യ ദിനത്തിൽ നമുക്ക് കേൾക്കാം:

മനോഹരമായ ഒരു കാെച്ചു ഗ്രാമം. അടുത്തടുത്ത വീടുകളിൽ രണ്ടു സ്ത്രീകൾ താമസിച്ചിരുന്നു. ദേവയാനിയും ഭാനുപ്രിയയും. ദേവയാനി പരമ ഭക്തയാണ്. ഭാനുപ്രിയ ഒരു അഭിസാരികയും.
ഒരിക്കൽ ഇരുവരും കുളിക്കടവിൽ കണ്ടുമുട്ടി.
അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
ദേവയാനി ഭാനുവിനോട് പറഞ്ഞു: “നീ ചെയ്യുന്നത് മഹാപാപമാണ്. ഇത് നിന്നെ നരകത്തിലെത്തിക്കും. അതിനാൽ നല്ല പ്രവൃത്തി ചെയ്യണം”

ഇതു കേട്ട് ഭാനുപ്രിയയ്ക്ക് സങ്കടമായി. അവൾ മനമുരുകി ഈശ്വരനോട് പ്രാർത്ഥിച്ചു. ” ഈശ്വരാ ജീവിക്കാൻ വേറെ മാർഗ്ഗമില്ല. കരുണാമയനായ അവിടുന്ന് എന്റെ തെറ്റുകൾ പാെറുക്കണേ. അടുത്ത ജന്മമെങ്കിലും ഭഗവാനെ പൂജിച്ചും പ്രാർത്ഥിച്ചും
ഒക്കെ കാലം കഴിക്കാൻ അനുഗ്രഹിക്കണേ.”
എപ്പോഴും ഭാനുവിന്റെ ചിന്ത ഇത് മാത്രമായിരുന്നു. ദേവയാനി ആകെട്ടെ ഭാനുപ്രിയയെക്കുറിച്ചും അവരുടെ പ്രവൃത്തിയെക്കുറിച്ചുമായിരുന്നു സദാ ചിന്തിക്കുന്നതും പറയുന്നതും.

ഒടുവിൽ രണ്ടു പേർക്കും വയസായി. ഇരുവരും മരിച്ചു. ഭക്തയെ നരകത്തിലേക്കും വേശ്യയെ സ്വർഗ്ഗത്തിലേക്കും കാെണ്ടു പോകാൻ യമദൂതൻമാർ എത്തി. ദേവയാനിക്ക് കോപം വന്നു. “ഇത്രയും കാലം ഭഗവാനെ മാത്രം വിളിച്ചു നടന്ന എന്നെ നരകത്തിലേക്കും വേശ്യാവൃത്തി ചെയ്തു നടന്ന അവളെ സ്വർഗ്ഗത്തിലേക്കും കൊണ്ടു പോകുന്നുവോ? ഇതെന്തു നീതി? നിങ്ങൾക്ക് ആളുമാറിയതായിരിക്കും.’
ദേവയാനി യമകിങ്കരന്മാരോട് കയർത്തു.

അതു കേട്ട് അവർ പറഞ്ഞു. “ഞങ്ങൾക്ക പിഴവു പറ്റിയിട്ടില്ല. കാരണം, നീ പ്രാർത്ഥനയും ക്ഷേത്രദർശനവും ഒക്കെ നടത്തിയിരുന്നു. എങ്കിലും നിന്റെ മനസ്സിൽ നികൃഷ്ട ചിന്തകളായിരുന്നു. പക്ഷെ വേശ്യയായ ഭാനുപ്രിയ ആകട്ടെ സദാ ഈശ്വരനെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു.
ചെയ്യുന്ന തെറ്റിനെക്കുറിച്ച് അവൾ ഭഗവാനോട് ക്ഷമ ചോദിക്കാത്ത ദിവസങ്ങളില്ലായിരുന്നു. പശ്ചാത്താപം കൊണ്ട് അവളുടെ മനസ്സ് സദാ വ്യാകുലമായിരുന്നു. വേശ്യാവൃത്തി അവൾക്ക് ജീവിക്കാനുള്ള ഒരു വഴി മാത്രമായിരുന്നു.. അതു കാെണ്ടാണ് അവരെ
സ്വർഗ്ഗത്തിലും നിന്നെ നരകത്തിലും കാെണ്ടു പോകുന്നത്. ” യമകിങ്കരന്മാർ പറഞ്ഞു.

ഈ കഥയിൽ നിന്ന് നമ്മൾ എന്താണ്
മനസിലാക്കേണ്ടത് ? മനസ്സ് ശുദ്ധമാണങ്കിൽ
ഈശ്വര സ്മരണയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെങ്കിൽ ഭഗവാന്റ കൃപാകടാക്ഷം നമുക്ക് ലഭിക്കും. എപ്പോഴും പ്രാർത്ഥിക്കുകയോ ക്ഷേത്രദർശനം നടത്തുകയോ ഒന്നും വേണ്ട. ക്ഷേത്രത്തിൽ പോയിട്ട് പരദൂഷണം പറയുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നവർക്ക്
ഒരിക്കലും ഭഗവാന്റെ കൃപാകടാക്ഷം ഉണ്ടാകില്ല.

സരസ്വതി ജെ. കുറുപ്പ്,
+91 90745 80476

error: Content is protected !!
Exit mobile version