അയ്യപ്പനും ശാസ്താവും രണ്ട് ഭാവം; ഭജിച്ചാൽ എല്ലാ കഷ്ടപ്പാടുകളും മാറും
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശ്രീ അയ്യപ്പനും ധർമ്മ ശാസ്താവും ഒന്നാണോയെന്ന സംശയം ധാരാളം ഭക്തർക്കുണ്ട്. ഈ മൂർത്തികൾ
തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധവും വ്യത്യാസം അറിയാത്തവരാണ് കൂടുതലും.
ഒരു മൂർത്തിയുടെ രണ്ട് ഭാവം മാത്രമാണ് ഇതു രണ്ടും എന്നതാണ് ഈ സംശയത്തിനുള്ള ലളിതമായ ഉത്തരം.
അതായത് ശ്രീകൃഷ്ണനും വിഷ്ണുവും ഒന്നാണോ എന്ന് സംശയം ചോദിക്കുന്നതു പോലെയാണ് അയ്യപ്പനും ശാസ്താവും ഒന്നാണോ എന്ന് ചോദിക്കുന്നത്.
ശ്രീ ധർമ്മശാസ്താവ് എന്ന സങ്കല്പത്തിൽ പ്രഭ, പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന പുത്രനുമുണ്ട്. ഗൃഹസ്ഥാശ്രമി സങ്കല്പമാണിത്. ശബരിമലയിലെ ധർമ്മ ശാസ്താസങ്കല്പം ഗൃഹസ്ഥാശ്രമി അല്ല; നൈഷ്ഠിക ബ്രഹ്മചാരിയാണ്. പക്ഷേ അടിസ്ഥാനപരമായി രണ്ടും ഒരേ മൂർത്തികളായതിനാൽ ശാസ്താ ക്ഷേത്രങ്ങളെ അയ്യപ്പക്ഷേത്രങ്ങൾ എന്നും പറയുന്നു. പന്തളം കൊട്ടാരവും ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യം
അയ്യപ്പനെക്കുറിച്ചാണ്.
എല്ലാവിധ ലൗകിക സുഖങ്ങൾക്കും ആത്മീയ ഉന്നതിക്കും അയ്യപ്പനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. നിത്യജീവിതത്തിലെ എല്ലാ സാധാരണ പ്രശ്നങ്ങളും കഷ്ടപ്പാടുകളും അയ്യപ്പപ്രാർത്ഥനയിലൂടെ പരിഹരിക്കാം. മന:സമാധാനവും അഭീഷ്ടസിദ്ധിയും പാപശാന്തിയുമാണ് ഫലങ്ങൾ. ശനിദോഷം കാരണം കഷ്ടപ്പെടുന്നവർക്ക് ദുരിതശാന്തിക്ക് അയ്യപ്പപ്രാർത്ഥനയും ശരണം വിളിയും ഏറ്റവും ഗുണകരമാണ്.
ഏത് ജപത്തിനും പ്രാർത്ഥനയ്ക്കും പൂർണ്ണ ഫലം ലഭിക്കാൻ വ്രതനിഷ്ഠയോടെ പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. അയ്യപ്പ മൂലമന്ത്രം, ശാസ്തൃ ഗായത്രി എന്നിവ ജപിക്കുന്നവർ വ്രതനിഷ്ഠ പാലിക്കുക തന്നെ വേണം. ശരണം വിളിക്കുന്നതിനും കീർത്തനങ്ങൾ ആലപിക്കുന്നതിനും വ്രതനിഷ്ഠ നിർബന്ധമില്ല. എന്നാൽ മണ്ഡല – മകര വിളക്ക് കാലത്തും മറ്റും ശബരിമല ദർശനത്തിന് പോകുന്നവർ വ്രതനിഷ്ഠ പാലിക്കണം. കലിദോഷങ്ങൾ അകറ്റുന്ന ഇക്കാലത്തെ അയ്യപ്പ പ്രാർത്ഥനകൾക്ക് അതിവേഗം ഫലം ലഭിക്കും.
വിവിധ കാരണങ്ങളാൽ ശബരിമല അയ്യപ്പദർശനം സാധിക്കാത്ത സാധിക്കാത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള
ഭക്തർക്ക് മണ്ഡല – മകരവിളക്ക് കാലത്ത് വ്രതം എടുക്കുകയും അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നെയ്യഭിഷേകം ഉൾപ്പടെയുള്ള വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യാം. മത്സ്യമാംസാദികൾ ഉപേക്ഷിച്ച്, ബ്രഹ്മചര്യവും സത്യനിഷ്ഠയും പാലിച്ച്, എന്നും രാവിലെയും വൈകിട്ടും കുളിച്ച്, ശരണം വിളിച്ച് 108 തവണ വീതം രണ്ടുനേരവും അയ്യപ്പ മൂലമന്ത്രവും ശാസ്തൃ ഗായത്രിയും ധർമ്മശാസ്താ അഷ്ടോത്തരവും ജപിച്ചാൽ എല്ലാത്തരം ദുരിതങ്ങളും മാറി ജീവിതവിജയം ലഭിക്കും.
മൂല മന്ത്രജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. വലിയ കഷ്ടപ്പാടുകൾ പോലും മാറും. 41 ദിവസം മുടങ്ങാതെ ഗൃഹത്തിൽ വച്ചും ക്ഷേത്രത്തിൽ നിന്നും ജപിക്കാം. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്. ജപവേളയിൽ വെളുത്ത വസ്ത്രമോ കറുത്ത വസ്ത്രമോ ധരിക്കാം. ജപം 41 ദിവസം എത്തുമ്പോഴേക്കും മാറ്റം അനുഭവിച്ചറിയാൻ കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കും ജപിക്കാം. ജാതിയും മതവും ലിംഗഭേദവും ഇല്ലാത്ത ഭഗവാനാണ് കലിയുഗ വരദൻ. മണ്ഡല – മകരവിളക്ക് കാലത്ത് അയ്യപ്പന്റെ അഷ്ടോത്തര ജപം ഏതൊരു വിഷയത്തിലെയും തടസം അകറ്റുന്നതിനും ഇഷ്ടകാര്യ വിജയത്തിനും നല്ലതാണ്.
മണ്ഡല – മകരവിളക്ക് കാലത്ത് അയ്യപ്പ ക്ഷേത്രങ്ങളിൽ ഇനി പറയുന്ന വഴിപാടുകൾ നടത്തുന്നത് ഇഷ്ടകാര്യലബ്ധിക്ക് അത്ഭുത ഫലം നൽകും: തൊഴിൽ രംഗത്തെ വിജയത്തിന് എള്ളുപായസം, ധനത്തിനും ഐശ്വര്യത്തിനും നെയ് വിളക്ക്, ഇഷ്ട കാര്യസിദ്ധിക്ക് നീരാജനം, സമൃദ്ധിക്കും പാപശമനത്തിനും നെയ്യഭിഷേകം, വിദ്യാവിജയത്തിന് ഭസ്മാഭിഷേകം, പ്രേമതടസ നിവാരണത്തിനും ദാമ്പത്യ ഭദ്രതയ്ക്കും മുല്ലമാല ചാർത്തൽ, സുഖസമൃദ്ധിക്കും ഐശ്വര്യത്തിനും താമരമാല ചാർത്തൽ. മണ്ഡലകാലത്തിനിടയിൽ ഇതിൽ ആവശ്യമുള്ള വഴിപാട് 3,5,7,9,12 തവണ കഴിവിനും സൗകര്യത്തിനും അനുസരിച്ച് ആവർത്തിച്ച് ചെയ്യുക.
അയ്യപ്പ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Copyright 2024 Neramonline.com. All rights reserved