Wednesday, 3 Jul 2024

അയ്യപ്പ ദർശന പുണ്യത്തിന് ഒട്ടേറെ ശാസ്താ സന്നിധികൾ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കേരളത്തിന്റെ രക്ഷയ്ക്കായി 108 ദുർഗ്ഗാലയങ്ങളും അയ്യപ്പൻ കാവുകളും ശ്രീ പരശുരാമൻ സ്ഥാപിച്ചതായി ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നു. കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവ് കുടികൊള്ളുന്ന ഭുവന പ്രസിദ്ധമായ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അതിൽ പെടുന്നു. അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഏരുമേലി, ശക്തികുളങ്ങര, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തകഴി, തിരുവുള്ളക്കാവ്, മുളംകുന്നത്തുകാവ്, ചമ്രവട്ടം, പൂഞ്ഞാർ, ശാസ്താം കോട്ട, പന്തളം വലിയ കോയിക്കൽ
എന്നിവ ഇക്കൂട്ടത്തിലുള്ളതും ഏറെ പ്രശസ്തവുമാണ്. ഈ ക്ഷേത്രങ്ങൾ ഒരോന്നായി പരിചയപ്പെടാം:

പാങ്ങോട് അശ്വരൂഢ ശാസ്താ ക്ഷേത്രം
തിരുവനന്തപുരത്ത് പാങ്ങോട്ട് എന്ന സ്ഥലത്ത് കുതിരപ്പുറത്ത് ഇരിക്കുന്ന അശ്വാരൂഢ ഭാവത്തിലെ ശാസ്താവിൻ്റെ വേറിട്ട സ്വരൂപമുണ്ട്. മംഗല്യഭാഗ്യം, ഉദ്യോഗ തടസം ഇവയിൽ നിന്ന് പെട്ടെന്ന് മോചനം നൽകി അനുഗ്രഹിക്കുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എള്ള് പായസമാണ് പ്രധാന വഴിപാട്.

മണക്കാട് ശാസ്താവ്
തിരുവനന്തപുരം ജില്ലയിൽ കിഴക്കേകോട്ടയ്ക്ക് സമീപം മണക്കാടാണ് ജില്ലയിലെ ഏറ്റവും വലിയ ശാസ്താ ക്ഷേത്രമുളളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മേജർ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആയിരക്കണക്കിന് ഭക്തർക്ക് ഒന്നിച്ചു കൂടാൻ വിശാലമായ പറമ്പും മുന്നിൽ പാർക്കുമുള്ള ക്ഷേത്രം. നാഗർകോവിൽ ഭാഗത്തു നിന്നു ശബരിമലക്ക് വരുന്ന അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായിരുന്നു ഇത്. പാനകം, നീരാജനം എന്നിവയാണ് ഇവിടെ പ്രധാന വഴിപാട്.

കൊല്ലൂർ ശനീശ്വര ശാസ്താവ്
തിരുവനന്തപുരം കണ്ണന്മൂലയിൽ ശനീശ്വരൻ പ്രത്യക്ഷനായി വിശ്വാമിത്രമഹർഷിയെ അനുഗ്രഹിച്ച ക്ഷേത്രമാണ് കൊല്ലൂർ ശനീശ്വര ശാസ്താവ്.കൊല്ലൂർ അത്തിയറമഠം തന്ത്രി കുടുംബ പരദേവതയായ ഈ ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബം നിർമ്മിച്ചതാണ് . എല്ലാ രണ്ടാം ശനിയാഴ്ചയും ഇവിടെ നടക്കുന്ന വിശേഷ ശനീശ്വര പൂജയിൽ പങ്കെടുക്കാൻ ദൂരെ നിന്നു പോലും ഭക്തർ എത്തുന്നു

തൈക്കാട് ധർമ്മ ശാസ്താ ക്ഷേത്രം
തിരുവനന്തപുരം നഗരത്തിൽ തൈക്കാടുള്ള ധർമ്മ ശാസ്താ ക്ഷേത്രം ഭക്തരുടെ വലിയ തിരക്കുള്ള ഒരു സന്നിധിയാണ്. എൻ.എസ് എസിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം മോഡൽ സ്കൂളിനും ആർട്സ് കോളേജിനും സമീപമാണ്. മുദി ശാസ്താ ക്ഷേത്രം, മാർക്കണ്ഡേയ ശാസ്താ ക്ഷേത്രം എന്നിവയും തലസ്ഥാന ജില്ലയിലെ സുപ്രധാന ശാസ്താ സന്നിധികളാണ്.

മേക്കതിൽ മന്ത്രയോഗീശ്വര ശാസ്താവ്
അത്യപൂർവ്വ അനുഷ്ഠാനങ്ങളുള്ള ശാസ്താ ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിൽ കരമന – കാലടി റോഡിൽ ഇടഗ്രാമം ജംഗ്‌ഷനിലുള്ള ഈ പുരാതന ശാസ്താ സന്നിധി. മുന്നൂറിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥാപിച്ചത് ബ്രഹ്മചാരിയും അവധൂതനുമായിരുന്ന ഒരു യോഗീശ്വരനാണ്. മന്ത്ര യോഗീശ്വരനായിരുന്നു അദ്ദേഹം. ഇവിടുത്തെ ഭഗവാന്റെ അനുഗ്രഹം തേടി അന്യദേശങ്ങളിൽ നിന്നു പോലും വിശ്വാസികൾ പ്രവഹിക്കുന്നു. ശബരിമല ശാസ്താവിനെ തുടർച്ചയായി 50 കൊല്ലം ദർശിച്ച യോഗിക്ക് തൊട്ടടുത്ത വർഷം യാത്രക്ക് കഴിയാതെ വരുകയും ശ്രീധർമ്മശാസ്താവ് പ്രത്യക്ഷനായി ഇനി മല ചവിട്ടേണ്ട ഞാനിവിടെ വന്ന് അനുഗ്രഹിച്ചോളാം എന്നരുളിയെന്നും ഐതിഹ്യം. മലയാളമാസം ഒന്നാം തിയതിയും ശനിയാഴ്ചയുമാണ് വിശേഷം. ഈ ശാസ്താ സന്നിധിയിൽ നിന്ന് ലഭിക്കുന്ന നാണയം എല്ലാ കടബാധ്യതകൾ നീങ്ങാനും ധനം നിലനിൽക്കാനും ധനവർദ്ധനവിനും ഗുണപ്രദമത്രെ. ചാലക്കമ്പോളത്തിലെ ഉൾപ്പെടെ നിരവധി കച്ചവടക്കാർ ഇവിടെ വന്ന് സ്വാമികൈനീട്ടം വാങ്ങി ബിസിനസ് വിജയിപ്പിച്ച് വരുന്നു. മംഗല്യ ഭാഗ്യത്തിനായി വനമാല, താലി സമർപ്പണം,, ശനീശ്വരപൂജ ഇവയും നടത്തി വരുന്നു.

കുറ്റൂർ ശാസ്താ ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിൽ അമ്പലമുണ്ടാക്കി കളിച്ച കുട്ടികളുടെ കൂട്ടത്തിലൊരു കുട്ടിയായി കളിച്ചിരുന്ന ധർമ്മശാസ്താവിനെ തിരിച്ചറിഞ്ഞ കുഴിക്കാട് ഭട്ടതിരി ശാസ്താ ചൈതന്യം ആവാഹിച്ചു പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ബാലൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതിനാൽ പിള്ളേര് ശാസ്താവ് എന്നും അറിയപ്പെടുന്നു.

കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം
പത്തനാപുരം താലൂക്കിലെ കുളത്തൂപ്പുഴയിൽ കല്ലടയാറിൻ്റെ തീരത്ത് ബാലഭാവത്തിലുള്ള ശാസ്താവിനെ എട്ടു ശിലാഖണ്ഡലങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. മേടവിഷുവാണ് പ്രധാനം. വിഷുവിന് കണികണ്ടു തൊഴുത് ഏഴുദിവസമാണ് ഉത്സവം.

ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം
പുനലൂർ ചെങ്കോട്ട പാതയിൽ ആര്യങ്കാവ് പഞ്ചായത്തിൽ കൗമാര ഭാവത്തിലുള്ള ശാസ്താ സങ്കല്പമുണ്ട്. ശ്രീകോവിലിനുള്ളിൽ വിഗ്രഹം വലതു മൂലയിലേക്ക് അല്പം ചരിഞ്ഞാണ് ഇരിക്കുന്നത്. കിഴക്കോട്ട് ദർശനമുള്ള വിഗ്രഹത്തിലേക്ക് പത്താമുദയം ദിവസം സൂര്യരശ്മി പതിക്കും വിധമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.

അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രം
കൊല്ലം ജില്ലയിൽ ആര്യങ്കാവ് പഞ്ചായത്തിൽ ഭാര്യമാരായ പൂർണ്ണാ പുഷ്കലാ സമേതനായ ധർമ്മശാസ്താവാണ് പ്രതിഷ്ഠ. ശാസ്താവിന് കുളത്തൂപ്പുഴയിൽ ബാല്യവും ആര്യങ്കാവിൽ കൗമാരവും അച്ചൻകോവിലിൽ ഗൃഹസ്ഥവും കാന്തമലയിൽ വാനപ്രസ്ഥവും ശബരിമലയിൽ സന്ന്യാസവും എന്നാണ് വിശ്വാസം. പൗരാണിക കാലത്ത് വിഷചികിത്സയ്ക്കു പ്രസിദ്ധമായിരുന്നു ഇവിടം. പൂജാരി ധർമ്മശാസ്താവിൻ്റെ കൈകളിലരച്ചു വയ്ക്കുന്ന ചന്ദനം പ്രസാദമായി സ്വീകരിച്ച് മുറിപ്പാടിൽ പുരട്ടിയാൽ വിഷബാധ ഉണ്ടാകില്ല.

ശക്തികുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം
കൊല്ലം നഗരത്തിൽ നിന്നും 12 കിലോമീറ്റർ വടക്കാണ് ശക്തികുളങ്ങര ദേശത്തിൻ്റെ രക്ഷകനായ ശ്രീധർമ്മ ശാസ്താ ക്ഷേത്രം. മകരത്തിൽ ഏഴ് ദിവസത്തെ ഉത്സവം ആനക്കാഴ്ചയും മേളവും ശീവേലിയുമായി ആറാട്ടോടെ സമാപിക്കും. ശനിയാഴ്ചകളിൽ നീരാജനത്തിനും എള്ളു പായസത്തിനും വലിയ തിരക്കാണിവിടെ.

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്ക് കിഴക്ക് ശാസ്താംകോട്ട പഞ്ചായത്തിലാണിത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായലിൻ്റെ കരയിലാണ് ക്ഷേത്രം. പ്രഭാസത്യകാ സമേതനായ ശാസ്താവാണ് പ്രതിഷ്ഠ കുംഭമാസത്തിലെ ഉത്രം ആറാട്ടായി പത്തു ദിവസം ഉത്സവം.

ഇഴിഞ്ഞില്ലത്ത് ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ചങ്ങനാശ്ശേരി, തിരുവല്ല പാതയ്ക്കരികിലുള്ള ഇഴിഞ്ഞില്ലത്ത് ശാസ്താ സങ്കല്പത്തിൽ പൂജ ചെയ്തു വരുന്നു. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ പത്മാസനത്തിലിരിക്കുന്ന ശ്രീ ബുദ്ധനാണെന്നും വിശ്വാസമുണ്ട്. ചെറുക്ഷേത്രം എങ്കിലും മുൻകാലങ്ങളിൽ ഇവിടെ ഉത്സവത്തിന് കെട്ടുകാഴ്ചയുണ്ടായിരുന്നു

വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം
പത്തനംതിട്ടജില്ലയിൽ പന്തളത്ത് സ്വാമി അയ്യപ്പൻ ശബരിമല ശാസ്താവിൽ ലയിച്ച ശേഷം അയ്യപ്പ പ്രതിഷ്ഠ കഴിഞ്ഞു വന്ന പന്തളരാജൻ നിത്യപൂജയ്ക്കായി കോവിലകത്തു പ്രതിഷ്ഠിച്ച തേവാര മൂർത്തിയാണ് വലിയ കോയിക്കൽ ശാസ്താ ക്ഷേത്രം.

തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിൽ അയ്യപ്പൻ പാട്ടുകളിൽ പരാമർശിക്കപ്പെടുന്ന അയ്യപ്പൻ കുടികൊള്ളുന്നു. 108 അയ്യപ്പൻ കാവുകളിൽ ആദ്യത്തേതാണ് തൃക്കുന്നപ്പുഴ. പ്രഭാ സാത്യകാ സമേതനായ ശാസ്താവാണ് കടൽത്തീരത്തുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ദേവത ശ്രീബുദ്ധനാണെന്നും വിശ്വാസമുണ്ട്. കേരളത്തിലെ മത സംസ്കാര ചരിത്രത്തിൻ്റെ നാഴികക്കല്ലുകളിലൊന്നാണ്. പൗരാണികക്കാലത്ത് ശ്രീ മൂലവാസം എന്നറിയപ്പെടുന്ന ഇന്നത്തെ തൃക്കുന്നപ്പുഴ പ്രദേശം

തകഴി ധർമ്മശാസ്താ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തകഴിയിൽ പരശുരാമൻ ഓതറ മലയിൽ പ്രതിഷ്ഠിച്ച ശാസ്താ വിഗ്രഹം പമ്പയിലൂടെ ഒഴുകി തകഴിയിലെത്തി എന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിൽ വിവിധ അങ്ങാടി പച്ചമരുന്നുകളും എണ്ണകളും ചേർത്തു തയ്യാറാക്കുന്ന വലിയെണ്ണ വാതം, മഞ്ഞപ്പിത്തം, ക്ഷയം തുടങ്ങിയ മാറാരോഗങ്ങൾക്കും ഔഷധമാണ്.

എരുമേലി ധർമ്മശാസ്താ ക്ഷേത്രം
കോട്ടയം ജില്ലയിലെ എരുമേലിയിൽ കൈയ്യിൽ അമ്പേന്തി നില്ക്കുന്ന രൂപത്തിലാണ് ശാസ്താ പ്രതിഷ്ഠ. മഹിഷിയെ നിഗ്രഹിച്ച അയ്യപ്പൻ അവതാര പുരുഷനാണ് എന്നു തിരിച്ചറിഞ്ഞ പെരുശ്ശേരി പിള്ള ക്ഷേത്രം നിർമ്മിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനടുത്ത് കൊച്ചമ്പലത്തിൽ നിന്നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ആരംഭിക്കുന്നത്. എല്ലാ കന്നി അയ്യപ്പൻമാരും ശബരിമല ദർശനത്തിന് മുമ്പായി ഇവിടെ വന്ന് പേട്ട തുള്ളണം എന്നാണ് വിധി.

പാക്കിൽ ധർമ്മശാസ്താ ക്ഷേത്രം
കോട്ടയം ജില്ലയിലെ നാട്ടകം പഞ്ചായത്തിൽ പത്മാസനത്തിലിരിക്കുന്ന ശാസ്താവാണ് പ്രധാന മൂർത്തി. ആരൂഢത്തിൽ ഉറയ്ക്കാതിരുന്ന വിഗ്രഹം പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാർ “ഇവിടെ പാർക്ക് ” എന്നു പറഞ്ഞുറപ്പിച്ചു. കർക്കട സംക്രാന്തി ദിവസം ഇവിടെ നടക്കുന്ന സംക്രാന്തി വാണിഭം പ്രസിദ്ധമാണ്. അന്ന് മുറവും കുട്ടയും വില്ക്കാൻ പാക്കനാരും വാണിഭത്തുറയിലെത്തുമെന്നാണ് വിശ്വാസം

പൂഞ്ഞാർ ധർമ്മശാസ്താ ക്ഷേത്രം
കോട്ടയം ജില്ലയിലെ പൂഞ്ഞാർ പഞ്ചായത്തിൽ പനച്ചിപ്പാറയിലാണ് ക്ഷേത്രം. പൂഞ്ഞാർ കോവിലകം വക ഈ ക്ഷേത്രത്തിലെ 2000 വിളക്കുകളുള്ള വിളക്ക് മാടം മുഴുവൻ കരിങ്കല്ലിൽ തീർത്തതാണ്. തൊട്ടടുത്ത് പൂഞ്ഞാൽ രാജവംശത്തിൻ്റെ പരദേവതയായിരുന്ന മധുരമീനാക്ഷി ക്ഷേത്രവുമുണ്ട്.

അറക്കുളം ധർമ്മശാസ്താ ക്ഷേത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ മൂലമറ്റം പാതയ്ക്കരികിൽ ഉള്ള അറക്കുളത്ത്. മകരം 11 മുതൽ 18 വരെ ഇവിടെ നടക്കുന്ന ഉത്സവത്തിന് കൊടികൊണ്ടു വരുന്നത് ശബരിമലയിൽ നിന്നാണ്.

ദേവികുളം ധർമ്മശാസ്താ ക്ഷേത്രം
ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളത്ത് പ്രസിദ്ധമായ ഒരു ധർമ്മശാസ്താ ക്ഷേത്രമുണ്ട്.

അയ്യൻകാവ് ക്ഷേത്രം
ഏറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസിനു സമീപം. പ്രധാന മൂർത്തി ശാസ്താവും ഭാഗ്യപ്രഭയും. അസാധാരണ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശാസ്താവ് കാലുമടക്കി വലത് കൈ കുത്തിയും പ്രഭ ഇടത് കൈ കുത്തിയും ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.

കിഴക്കേദേശം ശാസ്താ ക്ഷേത്രം
ഏറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് കിഴക്കേ ദേശത്ത്. പത്മാസനത്തിൽ പ്രഭാസമേതനായി ഇരിക്കുന്ന രൂപത്തിലാണ് ശാസ്താവിഗ്രഹം.

പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം
ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ വലതുകാൽ പൊക്കി കാലിൽ കൈവെച്ചിരിക്കുന്ന രൂപത്തിലാണ് ശാസ്താ വിഗ്രഹം.

ആറാട്ടുപുഴ ശാസ്താ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലാണ് പൗരാണിക കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശാസ്താ ക്ഷേത്രം. ആറാട്ടുപുഴ പൂരത്തിന് 108 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവൻമാർ പങ്കെടുത്തിരുന്നു. കേരളത്തിൻ്റെ ചരിത്രവുമായ ബന്ധപ്പെട്ട പല സംഭവങ്ങൾക്കും ഈ ക്ഷേത്രം സാക്ഷിയായിട്ടുണ്ട്. ശാസ്താവല്ല വസിഷ്ഠനാണ് ഇവിടുത്തെ ആരാധനമൂർത്തി എന്നും ഐതിഹ്യം പറയുന്നു.

തായങ്കാവ് ശാസ്താ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ചൂണ്ടലിൽ സ്വയംഭൂവായ പ്രഭാസത്യക സമേതനായ ശാസ്താവാണ് പ്രതിഷ്ഠ. തകഴിയിലെ വലിയെണ്ണ പോലെ ഇവിടുത്തെ എണ്ണ ബാല ചികിത്സയ്ക്ക് ഉത്തമം എന്ന് വിശ്വാസം.

തിച്ചൂർ ശാസ്താ ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ പട്ടാമ്പി – നെല്ലുവായ് പാതയിലുള്ള തിച്ചൂറിൽ പ്രഭാസത്യകാ സമേതനായ ശാസ്താവാണ് പ്രതിഷ്ഠ തെക്ക് പടിഞ്ഞാറ് മൂലയിലേക്ക് ദർശനമുള്ള അപൂർവ്വ ക്ഷേത്രം. കൈലാസത്തിൽ നിന്നും വന്ന ശിവശക്തി സങ്കല്പത്തിൽ ശ്രീകോവിലിനുള്ളിൽ തന്നെ ശിവലിംഗ പ്രതിഷ്ഠ ഉണ്ട്.

മുളങ്കുന്നത്തുകാവ് ധർമ്മശാസ്താ ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവിൽ. ഈ ക്ഷേത്രത്തിലാരംഭിച്ച വേദപാഠശാലയാണ് പിൻകാലത്ത് തിരുനാവായ യോഗമായി വികസിച്ച് സാമൂതിരിയുടെ സംരക്ഷണയിൽ പ്രസിദ്ധ വേദപാഠശാലയായി മാറിയത് .

നിറം കൈതക്കോട്ട ശാസ്താ ക്ഷേത്രം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി – കോട്ടക്കടവ് പാതയിൽ പള്ളിക്കുന്ന് പഞ്ചായത്തിൽ കുന്നിൻ മുകളിൽ സ്വയംഭൂവായ ബാലശാസ്താവാണ് പ്രധാന മൂർത്തി. ഇവിടുത്തെ ഉച്ചപൂജ ശ്രീരാമ സങ്കല്പത്തിലാണ്.

ചമ്രവട്ടം ശാസ്താ ക്ഷേത്രം
മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 11 കിലോമീറ്റർ അകലെ തൃപ്പത്തോട്ടു പഞ്ചായത്തിൽ ഭാരതപ്പുഴയുടെ നടുവിലുള്ള ദ്വീപാണ് ക്ഷേത്രം. സ്വയംഭൂവായ പൂർണ്ണാപുഷ്കലാ സമേതനായ ശാസ്താവാണ് പ്രതിഷ്ഠ

മുണ്ടായ അയ്യപ്പൻകാവ്
പാലക്കാട് ജില്ലയിൽ ഷൊർണ്ണൂരിനടുത്ത് മുണ്ടായയിൽ ഭാരതപ്പുഴയുടെ തീരത്താണ് പ്രഭാസത്യക സമേതനായ ഈ ശാസ്താ ക്ഷേത്രം അനപത്യത ദുഃഖമകലാൻ ഇവിടെ പൂമൂടലും അയ്യപ്പൻ തീയാട്ടും വഴിപാടായി നടത്തുന്നു.

മലമക്കാവ് അയ്യപ്പക്ഷേത്രം
പാലക്കാട് ജില്ലയിലെ കുമ്പിടി തൃത്താല റൂട്ടിലുള്ള ആനക്കര പഞ്ചായത്തിലാണിത്. കേരള ക്ഷേത്രങ്ങളിൽ നടത്തിവരുന്ന കലശത്തിന് ആവശ്യമായ ചെങ്ങഴിനീര് പൂവ് ഈ ക്ഷേത്രക്കുളത്തിലുള്ള കൊക്കർണിയിൽ വളരുന്നു. കിഴക്കോട്ട് ദർശനമായുള്ള ഇവിടുത്തെ പ്രധാന മൂർത്തി അയ്യപ്പനാണ്.

ചേന്ദമംഗലം അയ്യപ്പക്ഷേത്രം
കോഴിക്കോട്ടു ജില്ലയിൽ വടകര – തലശ്ശേരി പാതയിലുള്ള ചേന്ദമംഗലത്ത്. പ്രധാന മൂർത്തി ശിവനാണെങ്കിലും അയ്യപ്പനും തുല്യ പ്രാധാന്യം. രണ്ടു കൊടി മരവുമുണ്ട്. ശിവലിംഗ പ്രതിഷ്ഠയ്ക്കു മുമ്പുതന്നെ ഇവിടെ സ്വയംഭൂവായ അയ്യപ്പനെ ആരാധിച്ചിരുന്നു. അപസ്മാരം അകലാൻ ഇവിടുത്തെ ആഘോരമൂർത്തിയായ ശിവനെയും നേത്രരോഗങ്ങളകലാൻ അയ്യപ്പനെയും സേവിക്കുന്ന പതിവുണ്ട്.

കുറുവക്കാവ് അയ്യപ്പക്ഷേത്രം
കോഴിക്കോട് ജില്ലയിലെ കാരന്തൂർ പഞ്ചായത്തിൽ രണ്ടു മൂർത്തികളുണ്ട് – സ്വയംഭൂവായ പ്രഭാസത്യകാ സമേതനായ ശാസ്താവും വേട്ടയ്ക്കൊരു മകനും.

തൃശിലേരി ജടധാരി ശാസ്താവ്
വയനാടു ജില്ലയിൽ മാനന്തവാടി, മൈസൂർ പാതയിൽ നിന്നും നാലു കിലോമീറ്റർ അകലെ തൃശിലേരിയിലെ മഹാദേവ ക്ഷേത്രം പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിലെ ഉപദേവതകൾ ധർമ്മശാസ്താവും ജല ദുർഗ്ഗയുമാണ്. ചമ്രം പടിഞ്ഞിരിക്കുന്ന ഇവിടുത്തെ ജടാധാരി ശാസ്താ വിഗ്രഹം അപൂർവ്വമായ ഒന്നാണ്.

കണ്ണാടിപറമ്പ് ധർമ്മശാസ്താ ക്ഷേത്രം
കണ്ണൂർ ജില്ലയിലുള്ള പുത്തൻ തെരുവ്, കണ്ണാടിപറമ്പ് പാതയിലുള്ള നാറാണത്ത് പഞ്ചായത്തിൽ അമ്പും വില്ലും കൈയിലേന്തി നിൽക്കുന്ന ശാസ്താവാണ് പ്രധാന പ്രതിഷ്ഠ.

കിഴൂർ ധർമ്മശാസ്താ ക്ഷേത്രം
കാസർകോട് ജില്ലയിൽ കുളനാട്ടിൽ നിൽക്കുന്ന രൂപത്തിലുള്ള ശാസ്താവ്. ചന്ദ്രഗിരി കോട്ടയ്ക്കടുത്തുള്ള ഈ ക്ഷേത്രത്തിന് 40 ഗ്രാമങ്ങളിൽ സ്വത്ത് വകകളും 3000 പറ നിലവും ഉണ്ടായിരുന്നത്രെ.

ചീമേനി ധർമ്മശാസ്താ ക്ഷേത്രം
കാസർകോട് ജില്ലയിൽ ചീമേനിയിലുള്ള ശാസ്താ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠിച്ചതാണെന്ന് ഐതിഹ്യം

(ഇനിയും ധാരാളം ശാസ്താ ക്ഷേത്രങ്ങൾ ഓരോ ജില്ലയിലുമുണ്ട്. ഭക്തർ സൗകര്യപ്രദമായ സ്ഥലത്തെ ശാസ്താ – അയ്യപ്പ ക്ഷേത്രങ്ങളെ ശരണം പ്രാപിക്കുക.)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story Summary: Famous Dharma Sastha Temples in Kerala

error: Content is protected !!
Exit mobile version