Saturday, 23 Nov 2024

അളവറ്റ തരത്തിൽ പണം കുമിഞ്ഞുകൂടാൻ ചിലവഴികൾ

ജ്യോതിഷരത്നം വേണു മഹാദേവ്

സാമ്പത്തിക അഭിവൃദ്ധിക്ക് പ്രധാനമായും പൂജിക്കേണ്ടത് ശ്രീമഹാലക്ഷ്മിയെയാണ്. മഹാലക്ഷ്മി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും കഴിക്കുന്നതിനൊപ്പം വീട്ടിൽ പൂജാ മുറിയിൽ നെയ് വിളക്ക് കൊളുത്തി ലക്ഷ്മീ മന്ത്രങ്ങളും സ്തുതികളും ജപിക്കണം. മഹാലക്ഷ്മീ സമ്മേതനായ ശ്രീമഹാവിഷ്ണുവിന്റെ അനുഗ്രഹം നേടുകയാണ് ധനാഭിവൃദ്ധിക്കും സാമ്പത്തിക ദുരിത മോചനത്തിനും മറ്റൊരു വഴി. ആത്മാർത്ഥമായി നിരന്തരം പ്രാർത്ഥിച്ചാൽ മഹാലക്ഷ്മിയും മഹാവിഷ്ണുവും അതി വേഗം പ്രസാദിക്കും. ലക്ഷ്മീവിനായക സങ്കല്പത്തിലുള്ള ഗണപതി പൂജയാണ് ധനപരമായ മേന്മ ലഭിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ആരാധനാ വഴി. ഗണപതി പ്രീതിയിലൂടെ ഐശ്വര്യലബ്ധിക്കുള്ള തടസങ്ങൾ അകറ്റുമ്പോൾ ലക്ഷ്മീദേവി അതി വേഗം പ്രസാദിക്കും.

പാലാഴി മഥനത്തിൽ അവതരിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ ലക്ഷ്മീ ഭഗവതി ഐശ്വര്യവും ധനവും സമ്മാനിക്കുന്ന ശുക്രന്റെ അധിദേവതയാണ്. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ലക്ഷ്മി ഭഗവതി അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. അതിനാൽ മീന മാസത്തിലെ ഉത്രത്തിന് ലക്ഷ്മീ പൂജ നടത്തുന്നത് ഐശ്വര്യദായകമായി കരുതുന്നു. അലങ്കാരപ്രിയയായ ലക്ഷ്മീ ഭഗവതിക്ക് വെള്ളിയാഴ്ചകളിൽ കമനീയ വർണ്ണങ്ങളിലുള്ള സുഗന്ധപുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ശ്രീസൂക്തം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുന്നതും ധനവർദ്ധനവിന് നല്ലതാണ്. വെള്ളിയാഴ്ച ദിവസമാണ് ലക്ഷ്മീ ഉപാസയ്ക്ക് ഏറ്റവും നല്ലത്.

ലക്ഷ്മീ ദേവിയുടെ ചിത്രത്തിനു മുന്നിൽ നെയ് വിളക്ക് കൊളുത്തി കമലാ മന്ത്രം ജപിക്കുന്നത് സമ്പത്ത് വർദ്ധിക്കുന്നതിനും ഐശ്വര്യത്തിനും ഉത്തമമാണ്. രാവിലെയും വൈകിട്ടും 1008 തവണ ഇത് ജപിക്കണം. മറ്റ് മന്ത്രങ്ങൾ 108 തവണ ദിവസവും ഒരു നേരമെങ്കിലും ജപിക്കുക. ധന വർദ്ധനവിന് മഹാലക്ഷ്മി പ്രീതി നേടാൻ സഹായിക്കുന്ന ചില ലക്ഷ്മീ മന്ത്രങ്ങൾ:

ലക്ഷ്മീ നാരായണ മന്ത്രം
ഓം ശ്രീലക്ഷ്മി നാരായണായ നമ:
ലക്ഷ്മീ ഗണേശ മന്ത്രം
ഓം ഗം ശ്രീം സർവ സിദ്ധി പ്രദായെ ശ്രീം ഗം നമ:
മഹാലക്ഷ്മീ മന്ത്രം
ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലായെ പ്രസീദ പ്രസീദ ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മിയൈ നമ:
കമലാ മന്ത്രം
കുബേരത്വം ധനാദീശ ഗൃഹതേ കമലാ സ്ഥിത
താം ദേവിം പ്രേഷയ ത്വാം ഷു മദ് ഗൃഹതേ നമോ നമ:

സർവാനുഗ്രഹദായിനിയായ ശ്രീ ലളിതാംബികയുടെ ചെെതന്യമുള്ള ശ്രീ ചക്രം ഉത്തമനായ കർമ്മിയെ സമീപിച്ച് വിധിപ്രകാരം തയ്യാറാക്കി വീട്ടിലെ പൂജാമുറിയിൽ സ്ഥാപിക്കുന്നത് ഐശ്വര്യസിദ്ധിക്കും സമ്പത്ത് വർദ്ധിക്കുന്നതിനും സഹായിക്കും. ലളിതാ സഹസ്രനാമാവലി പാരായണം ചെയ്തു കൊണ്ട് നിത്യവും ശ്രീചക്ര പൂജ ചെയ്താൽ ധനം കുന്നു കൂടും.

സൗന്ദര്യ ലഹരിയിലെ ശ്ലോകം 33 നിത്യവും ജപിക്കുന്നതും വെള്ളിയാഴ്ച തോറും ലളിതാസഹസ്രനാമം ചെല്ലുന്നതും അളവറ്റ തരത്തിൽ ധനവർദ്ധനവിന് സഹായിക്കും. ജന്മ നാൾ ദിവസം ക്ഷേത്രത്തിൽ ശ്രീസൂക്താർച്ചന ലക്ഷ്മീ നാരായണ പൂജ എന്നിവ ചെയ്യുന്നത് ഐശ്വര്യത്തിന് നല്ലതാണ്.

സൗന്ദര്യ ലഹരി ശ്ലോകം 33
സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോർ-
ന്നിധായൈകേ നിത്യേ ! നിരവധി മഹാ ഭോഗരസികാ:
ഭജന്തി ത്വാം ചിന്താമണി ഗുണനിബദ്ധാക്ഷവലയാ :
ശിവാഗ്‌നൗ ജൂഹന്ത്വ സുരഭി ഘൃതധാരാഹുതിശതൈ:

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Lakshmi Mantra for fortune and wealth

error: Content is protected !!
Exit mobile version