Saturday, 23 Nov 2024

അവതാര കീര്‍ത്തനം നിത്യവും ജപിക്കൂ,മന:ക്ലേശമുണ്ടാക്കുന്ന എന്ത് ദു:ഖവും മാറും

മംഗള ഗൗരി
ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ അവതാരങ്ങളിൽ ഏറ്റവും പ്രധാനം ശ്രീരാമനും ശ്രീകൃഷ്ണനുമാണ്. കർമ്മ
വിജയം, വിദ്യാലാഭം, സന്താനലാഭം, ബുധദോഷപരിഹാരം, വ്യാഴദോഷ പരിഹാരം, തുടങ്ങിയവയാണ് അവതാര മൂർത്തികളെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളും അതാത് മൂർത്തികളുടെ ‘ ദിനങ്ങളുമാണ് പ്രധാന ദിവസങ്ങൾ – ചൈത്രമാസത്തിലെ നവമി ശ്രീരാമജയന്തിയായി ആഘോഷിക്കുന്നു. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, പരസ്പര വശ്യതയുണ്ടാക്കുക, പ്രവൃത്തി മണ്ഡലത്തിൽ വിജയം നേടുക, സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ കൈവരിക്കുക തുടങ്ങിയവയാണ് ശ്രീരാമ ഉപാസന കൊണ്ടുള്ള ഫലങ്ങൾ. വിഷ്ണുവിനുള്ള എല്ലാ വഴിപാടുകളും ശ്രീരാമനും പ്രധാനമാണ്.

ബുധൻ, വ്യാഴം ദിവസങ്ങളും ചിങ്ങത്തിലെ അഷ്ടമിരോഹിണിയും എല്ലാ മാസത്തിലെയും രോഹിണി നക്ഷത്രവുമാണ് എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന് പ്രധാനം. നെയ് വിളക്ക്, പാൽപായസം, തുളസിമാല, താമരമാല ചാർത്തൽ, തൃക്കൈ വെണ്ണ, പുരുഷസൂക്താർച്ചന, നാരായണ സൂക്താർച്ചന, കദളിപ്പഴ നിവേദ്യം തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രിയപ്പെട്ട വഴിപാടുകൾ.

വൈശാഖത്തിലെ ശുക്ലപക്ഷ ചതുർദ്ദശി നരസിംഹമൂർത്തിയുടെയും ചിങ്ങത്തിലെ തിരുവോണം വാമനമൂർത്തിയുടെയും അവതാര ദിനങ്ങളാണ്. ശത്രുദോഷ നിവാരണം, ബുധദോഷ നിവാരണം തുടങ്ങിയവയാണ് നരസിംഹമൂർത്തി ഭജനം കൊണ്ടുള്ള പ്രധാന ഫലങ്ങൾ. പാനകമാണ് നരസിംഹമൂർത്തിയുടെ വിശിഷ്ടമായ വഴിപാട്. രോഗശാന്തിയാണ് പ്രധാന ഫലം.

വരാഹമൂർത്തിയെ ആരാധിച്ചാൽ ഭൂമി സംബന്ധമായ ദോഷങ്ങളും കുടുംബശാപം തുടങ്ങിയവയും ഇല്ലാതാകും. മത്സ്യമൂർത്തിയെ പൂജിച്ചാൽ വിദ്യാലാഭവും, കൂർമ്മ മൂർത്തിയെ ആരാധിച്ചാൽ എല്ലാ കാര്യത്തിലും വിജയവും കൈവരിക്കാനാകും. വാമനമൂർത്തിയെ ആരാധിച്ചാൽ സന്താനലാഭം, ഭൂമിലാഭം, വിദ്യാലാഭം എന്നിവ ലഭിക്കും. പരശുരാമനെ ആരാധിച്ചാൽ പിതൃദോഷശാന്തിയും, ബലരാമനെ ആരാധിച്ചാൽ കാർഷികവൃത്തികളിൽ അഭിവൃദ്ധിയും, കൽക്കിയെ ആരാധിച്ചാൽ ശത്രുനാശവും ഫലമാണ്. ഭഗവാൻ്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെ ആരാധിച്ചാൽ രോഗ നാശം, ആരോഗ്യ സിദ്ധി എന്നിവയാണ് ഫലം. പൊതുവെ വിഷ്ണുഭഗവാന് പറഞ്ഞിരിക്കുന്ന പാൽപായസം, തുളസിമാല, താമരമാല, നെയ് വിളക്ക് സഹസ്രനാമാർച്ചന, പുരുഷസൂക്താർച്ചന, നാരായണസൂക്താർച്ചന തുടങ്ങിയവയാണ് എല്ലാ അവതാരമൂർത്തികളുടെയും വഴിപാടുകൾ. ഭഗവാന്റെ
പത്ത് പൂർണ്ണാവതാരങ്ങളെയും മഹാവിഷ്ണുവിനെയും
ഒരു സ്തോത്രത്തിൽ കോർത്ത് ആരാധിക്കുന്ന
ഭക്തകവി പൂന്താനം രചിച്ച പ്രസിദ്ധമായ ഒരു കൃതിയുണ്ട്. ദശാവതാര കീർത്തനം എന്നാണ് ഈ സ്തോത്രം
അറിയപ്പെടുന്നത്. 10 അവതാര മൂർത്തികളും മദ്ധ്യത്തിൽ
മഹാവിഷ്ണുവും അടങ്ങുന്ന ഈ സ്തോത്രം ദിവസവും
ചൊല്ലുന്നത് നല്ലതാണ്. രോഗം, കലഹം, ദാരിദ്ര്യം, തൊഴിൽ, കുടുംബം, സന്താനദു:ഖം തുടങ്ങി എല്ലാത്തരം
ക്ലേശങ്ങളും ഇത് പരിഹരിക്കും.
അവതാര കീര്‍ത്തനം


https://youtube.com/watch?v=Dw430JA6fkM&si=7lOh9kZvH6K8gW5M

അംബുജായതലോചന കോമള
കംബുധാരണ കാരുണ്യവാരിധേ
കല്മഷാപഹ നിന്‍പാദപങ്കജം
ചെമ്മേ കാണുമാറാകണം ഗോവിന്ദ!

ആഴിതന്നില്‍ മുഴുകിയ വേദത്തെ
മീളുവാർന്നൊരു മീനായിച്ചെന്നുടന്‍
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമമ്പൊടു കാണണം ഗോവിന്ദ!

ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധി തോയം കടയുമ്പോള്‍
കച്ഛപാകൃതി കൈക്കൊണ്ടു മേവിടും
വിശ്വവ്യാപിയെക്കാണണം ഗോവിന്ദ!

ഈഷലെന്നിയെ സൂകരവേഷമായ്
ദ്വേഷിച്ചീടും ഹിരണ്യാക്ഷനെക്കൊന്നു
ധാത്രീചക്രത്തെ വീണ്ടുകൊണ്ടന്നൊരു
ഗാത്രമമ്പൊടു കാണണം ഗോവിന്ദ!

ഉഗ്രനായ ഹിരണ്യകശിപുവെ
നിഗ്രഹിച്ച നരസിംഹമൂര്‍ത്തിയെ
അഗ്രേ പ്രഹ്ലാദസേവിതനായിട്ട്
വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ!

ഊഢമോദം മഹാബലിതന്നോടു
ഗൂഢമായ്‌ച്ചെന്നു മൂവടി ഭൂമിയെ
യാചിച്ചീടുന്ന വാമനമൂര്‍ത്തിയെ-
സ്സേവിച്ചീടുമാറാകണം ഗോവിന്ദ!

എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡിപ്പിച്ച പരശുരാമാകൃതി
കണ്ണില്‍ കാണുമാറാകണം ഗോവിന്ദ!

ഏണനേര്‍മിഴിജാനകീചോരനെ
ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണിനേരം പിരിയാതെയെന്‍ മുമ്പില്‍
കാണുമാറരുളീടണം ഗോവിന്ദ!

ഐയോ ഹസ്തിനമായ പുരി പുക്കു
കയ്യില്‍ മേവും കലപ്പയാല്‍ കോരീട്ടു
പയ്യവേ എറിവാന്‍ തുനിയും ബല-
ഭദ്രരാമനെക്കാണണം ഗോവിന്ദ!

ഒട്ടൊഴിയാതെ ഭൂഭാരം തീര്‍പ്പാനായി
ദുഷ്ടഭൂപരെക്കൊന്നുമുടിച്ചതും
പെട്ടെന്നമ്പോടു കാട്ടിയതൊക്കെയും
കൃഷ്ണരൂപമേ കാണണം ഗോവിന്ദ!

ഓര്‍ക്കിലെത്രയും പേടിയാമിന്നിമേല്‍
കല്‍ക്കിയായിട്ടവതരിക്കുന്നതും
ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും
വെക്കം കൊല്‍വതും കാണണം ഗോവിന്ദ!

അവ്വിധമായ പത്തവതാരവും
ചൊവ്വോടേ ചൊല്‍വാനാര്‍ക്കു കഴിയുന്നു
ദൈവമേ തവ കാരുണ്യം കൊണ്ടു മേ
കൈവരേണമേ കൈവല്യം ഗോവിന്ദ!

അന്തമില്ലാതെ ഞാന്‍ ചെയ്ത പാപത്തെ
നിന്തിരുവടി നീക്കിക്കളഞ്ഞുടന്‍
അന്ത്യകാലത്തു മുക്തിയെ നല്‍കുവാന്‍
ബന്ധു നീയല്ലാതില്ലാരും ഗോവിന്ദ!

അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദരൂപ സനാതന
ഉച്ചരിക്കായ് വരേണം നിന്‍നാമങ്ങള്‍
വിശ്വനായക വിഷ്‌ണോ നമോസ്തു തേ

Story Summary: Importance of 10 incarnations of
Lord Maha Vishnu and Benefits of Recitating Deshavathara Kerthanam

Attachments area
Preview YouTube video മന:ക്ലേശമുണ്ടാക്കുന്ന എന്തുദു:ഖവും തീർക്കുന്ന ദശാവതാര സ്തോത്രം | Deshavathara Stotram |

error: Content is protected !!
Exit mobile version