അഷ്ടമിരോഹിണിക്ക് ക്ഷേത്രദർശനവും വഴിപാടും നടത്തിയാൽ പത്തിരട്ടി ഫലം
മംഗള ഗൗരി
സാധാരണ ദിവസത്തെ ക്ഷേത്ര ദർശനത്തെക്കാൾ
അഷ്ടമിരോഹിണി ദിവസത്തെ ദർശനത്തിന് പത്തിരട്ടി ഫലം കൂടുതൽ ഉണ്ടാകുമെന്നാണ് വിശ്വാസം. അഷ്ടമിരോഹിണി വ്രതമെടുത്ത് ഗുരുവായൂർ ദർശനം നടത്തുന്നതിന് നൂറിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. 2023 സെപ്തംബർ 6 ബുധനാഴ്ചയാണ്
ഇത്തവണ അഷ്ടമിരോഹിണി വരുന്നത്. ബുധനാഴ്ച ശ്രീകൃഷ്ണ പ്രധാനമായതിനാൽ ഇത്തവണത്തെ അഷ്ടമിരോഹിണിക്ക് സവിശേഷ പ്രാധാന്യമുണ്ട്.
അഷ്ടമിരോഹിണി ദിവസം ഉപവസിച്ച് അർദ്ധരാത്രി ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അവതാര പൂജ നടക്കുന്നത് വരെ ഭക്തർ ഭഗവാന്റെ അവതാരം മനസുകൊണ്ട് പ്രതീക്ഷിച്ച് കൃഷ്ണനാമങ്ങൾ, മന്ത്രങ്ങൾ, കീർത്തനങ്ങൾ എന്നിവ ജപിച്ചു കൊണ്ടിരിക്കണം. രാത്രി അവതാര പൂജ കഴിഞ്ഞാൽ ഭഗവത്പൂജയ്ക്കു ശേഷം പാരണ വിടാം. വ്രതദിവസം പഴയ ഭക്ഷണം നെല്ലരിച്ചോറ് എന്നിവ കഴിക്കരുത്. മത്സ്യ മാംസാദികൾ ഉപേക്ഷിക്കണം. ലഘു ഭക്ഷണമേ കഴിക്കാവൂ. ബ്രഹ്മചര്യം അത്യാവശ്യമാണ്. തുടർച്ചയായി മൂന്നു ദിവസം
ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തണം. വിഷ്ണുക്ഷേത്രം ആയാലും മതി. പകലും രാത്രിയും ശ്രീകൃഷ്ണ നാമങ്ങൾ ഉരുവിടണം; മന്ത്രങ്ങൾ ചൊല്ലണം. ഭാഗവതം പാരായണം കേൾക്കണം. ശ്രീകൃഷ്ണന്റെ അവതാരപൂർണ്ണതയും വൈശിഷ്ട്യവും മനസിലാക്കി ഭഗവാനെ ധ്യാനിക്കണം. .
അഷ്ടമിവ്രത ഫലശ്രുതി
അഷ്ടമിരോഹിണി വ്രതം ഉദ്ദിഷ്ട കാര്യസിദ്ധിക്കും, പ്രണയസാഫല്യത്തിനും പാപ മുക്തിക്കും രാഷ്ട്രീയ വിജയത്തിനും വശ്യ ശക്തിക്കും ദാമ്പത്യ സൗഭാഗ്യത്തിനും സാമ്പത്തികാഭിവൃദ്ധിക്കും ദാമ്പത്യകലഹം മാറാനും കർമ്മപുഷ്ടിക്കും ശത്രുതാനിവാരണത്തിനും സന്താന സൗഭാഗ്യത്തിനും കലാസാഹിത്യ പ്രവർത്തനങ്ങളിൽ വിജയിക്കാനും ധനസമ്പാദനത്തിനും ആപത് രക്ഷയ്ക്കും വ്യവഹാരവിജയത്തിനും ഭരണനൈപുണ്യത്തിനും ഉതകുമെന്നാണ് വിശ്വാസം. അഷ്ടമിരോഹിണി ദിവസം ഭക്തിയോടെയും ശുദ്ധിയോടെയും വ്രതമെടുത്താൽ തൊഴിൽപ്രശ്‌നം, വിദ്യാവിഘ്‌നം, കടബാദ്ധ്യത എന്നിവ തീരും. ഏത് കാര്യത്തിനും ശ്രീകൃഷ്ണാനുഗ്രഹം ലഭിക്കും. ജീവിതത്തിൽ ബുധദശ നടക്കുന്നവർ അഷ്ടമിരോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കേണ്ടതാണ്. മന്ത്രങ്ങൾ ഗുരുനാഥനിൽ നിന്നും ഉപദേശമായി സ്വീകരിച്ച് ജപിക്കണം. അഷ്ടമി രോഹിണിക്ക് സാധിച്ചില്ലെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ശുഭ്രവസ്ത്രം ധരിച്ച് ജപം തുടങ്ങേണ്ടതാണ്.
മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമഃ എന്ന ശ്രീകൃഷ്ണ ഭഗവാന്റെ മൂലമന്ത്രം വ്രതദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും 108 തവണ ജപിക്കുന്നത് ഏറ്റവും വിശേഷമാണ്.
ദ്വാദശാക്ഷ മന്ത്രം
ദ്വാദശാക്ഷ മഹാമന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ’ 144 പ്രാവശ്യം രണ്ട് നേരവും ജപിക്കുന്നത് ഇഷ്ടകാര്യലബ്ധിക്കും പാപശാന്തിക്കും ഗുണകരമാണ്.
ഗ്രന്ഥ പാരായണം
ജന്മാഷ്ടമിദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഗുണകരമാണ്. മന:ശാന്തിക്ക് രാവിലെയാണ് പാരായണം ചെയ്യേണ്ടത്. ചിലർ അതിരാവിലെ മുതൽ സന്ധ്യവരെയും ഭാഗവതപാരായണം ചെയ്തുവരാറുണ്ട്. ശ്രീകൃഷ്ണ അവതാരം നടന്ന അർദ്ധരാത്രിയിൽ ഈ കൃതികൾ പാരായണം ചെയ്യുന്നത് ഏറ്റവും ഫലപ്രദമാണ്.
Story Summary: Significance of Ashtami Rohini and Benefits of worshipping Lord Sree Krishna