Sunday, 24 Nov 2024

അഷ്ടമിരോഹിണിയിലെ ശ്രീകൃഷ്ണ പൂജ കഷ്ടതകൾ അകറ്റും

ദുഷ്ട നിഗ്രഹത്തിനും ലോകനന്മയ്ക്കും ധർമ്മ സംസ്ഥാപനത്തിനുമായി  ശ്രീ മഹാവിഷ്ണു ശ്രീകൃഷ്ണ അവതാരമെടുത്ത പുണ്യദിനമാണ് അഷ്ടമി രോഹിണി. ചിങ്ങമാസത്തിൽ കറുത്ത പക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും  ചേർന്നു വരുന്ന ദിനമാണ് അഷ്ടമിരോഹിണി. ഈ ദിവസം മനസ് ഭഗവാൻ ശ്രീകൃഷ്ണനിൽ സമർപ്പിച്ച്  മാനസികവും ശാരീരികവുമായ ശുദ്ധിയോടെ  ചെയ്യുന്ന ഏത്  പ്രാർത്ഥനയും അതിവേഗം ഫലിക്കും. 2019 ആഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് ഇത്തവണ അഷ്ടമി രോഹിണി. രോഗമോചനം, കടബാദ്ധ്യതയിൽ നിന്നുള്ള രക്ഷ, തൊഴിൽപരമായ പ്രശ്‌നങ്ങളിലും ക്ളേശങ്ങളിലും നിന്നുമുള്ള മുക്തി, വിദ്യാ തടസ പരിഹാരം തുടങ്ങി എല്ലാ  പ്രശ്‌നങ്ങൾക്കും  ശ്രീകൃഷ്ണ പ്രാർത്ഥന ദിവ്യഔഷധമാണ്. സന്താനങ്ങൾ ഇല്ലാത്തവർക്ക് ഇഷ്ട സന്താനലബ്ധിക്കും വിവാഹ തടസം അനുവിക്കുന്നവർക്ക് അത് മാറുന്നതിനും ശ്രീകൃഷ്ണ പൂജ  പ്രയോജനപ്പെടും. ആഗ്രഹങ്ങൾ സാധിക്കുന്നതിനും പ്രേമസാഫല്യത്തിനും കല, തൊഴിൽ വിജയത്തിനും ദാമ്പത്യകലഹം അകറ്റുന്നതിനും പാപശാന്തിക്കും രാഷ്ട്രീയ വിജയത്തിനുമെല്ലാം ശ്രീകൃഷ്ണ മന്ത്ര ജപവും പ്രാർത്ഥനയും സമർപ്പണവും ഗുണകരമാണ്

അഷ്ടമിരോഹിണി ദിവസം  ശ്രീകൃഷ്ണ പൂജ ചെയ്യാൻ  ആഗ്രഹിക്കുന്നവർ തലേന്നും അന്നും പിറ്റേന്നും ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തണം. അടുത്ത്  ശ്രീകൃഷ്ണ ക്ഷേത്രം ഇല്ലെങ്കിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തിയാലും മതി. ഒപ്പം ശ്രീകൃഷ്ണ ചിന്ത  മനസ്സിൽ നിറയ്ക്കണം.
ശ്രീകൃഷ്ണനെയോ വിഷ്ണുഭഗവാനേയോ സംബന്ധിച്ച സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കണം. 

ഓം ക്‌ളീം കൃഷ്ണായ നമഃ എന്നാണ് ശ്രീകൃഷ്ണ മൂലമന്ത്രം. ഈ മന്ത്രം കഴിയുന്നത്ര ജപിക്കുക. എന്തായാലും അഷ്ടമിരോഹിണി ദിവസവും തലേന്നും  പിറ്റേന്നുംരാവിലെയും വൈകിട്ടും 108 പ്രാവശ്യം വീതം ജപിക്കണം. അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിഷമതകളും ഒഴിഞ്ഞു പോകും. ജപം ശീലമാക്കിയാൽ ദുരിതങ്ങളും പ്രശ്നങ്ങളും അകന്നു തന്നെ നിൽക്കും.

അതു പോലെ ശ്രീകൃഷ്ണപ്രീതിക്കും ഇഷ്ടകാര്യ ലബ്ധിക്കും ഏറ്റവും ഏറ്റവും ഗുണകരമായ ഒന്നാണ്  ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മഹാമന്ത്രം. ഈ മന്ത്രം 144 വീതം  അഷ്ടമിരോഹിണി ദിവസവുംതലേന്നും  പിറ്റേന്നും  ജപിക്കണം.  

അഷ്ടമിരോഹിണി ദിവസം ശ്രീമദ്ഭാഗവതം, ഭഗവദ്ഗീത വിഷ്ണുസഹസ്രനാമം എന്നിവ വായിക്കുന്നത് വളരെ നല്ലതാണ്; മനഃശാന്തി  പ്രധാനഫലം. രാവിലെയാണ് പാരായണം ചെയ്യേണ്ടത്. ചില സമ്പ്രദായത്തിൽ രാവിലെ മുതൽ വൈകിട്ട് വരെയും ഭാഗവതപാരായണം ചെയ്യാറുണ്ട്. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രി നേരത്ത് ഇത് പാരായണം ചെയ്യുന്നത് ഏറ്റവും ശ്രേയസ്‌കരമാണ്. 

അഷ്ടമി രോഹിണിയുടെ തലേദിവസം മുതൽ മനസും ശരീരവും ശുദ്ധമാക്കാൻ  മത്സ്യം, മാംസം എന്നിവയും  ദുർചിന്തകളും ശാരീരിക ബന്ധവും ഒഴിവാക്കുക കൂടി ചെയ്താൽ വേഗം ഫലം ലഭിക്കും. ഓർക്കുക:  അഷ്ടമി രോഹിണി ദിവസത്തെ ശ്രീകൃഷ്ണ പൂജയ്ക്കും അനുഷ്ഠാനങ്ങൾക്കും നാലിരട്ടി ഫലമുണ്ടാകും.

– പുതുമന മഹേശ്വരൻ നമ്പൂതിരി     

മൊബൈൽ: +91 094-470-20655

error: Content is protected !!
Exit mobile version