Saturday, 23 Nov 2024

അഷ്ടമി തിഥിയുടെ ദു:ഖം അകറ്റിയ വിഷ്ണുവും ചന്ദ്രാഷ്ടമ ദോഷങ്ങളും

ജ്യോതിഷരത്നം വേണു മഹാദേവ്

ഗ്രഹങ്ങളുടെ സഞ്ചാരത്തിനനുസരിച്ച് ഭാരതീയ ജ്യോതിഷശാസ്ത്രം പ്രത്യേകം ദിവസങ്ങളെയും സമയത്തെയും നിർണ്ണയിച്ച് അതു പ്രകാരം ഒരോ ശുഭകർമ്മങ്ങൾ ചെയ്യുവാൻ വഴികാട്ടുന്നു. അതിൽ തിഥികൾ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഇതിൽ ചില തിഥികൾ നന്മയേകുന്നതും മറ്റു ചില തിഥികൾ ശുഭ വൃത്തികൾക്ക് വർജ്ജിക്കേണ്ടതുമാണ്. അതിൽ മുഖ്യമായ തിഥിയാണ് അഷ്ടമി. എല്ലാ മാസവും പൗർണ്ണമി, അമാവാസി എന്നിവ കഴിഞ്ഞുവരുന്ന എട്ടാമത്തെ തിഥി ദിവസമാണിത്. സൂര്യ ചന്ദ്രന്മാർ തമ്മിലുള്ള അകലത്തെയാണ് തിഥി എന്ന് പറയുന്നത്. ഒരോ പക്ഷത്തിലും 15 തിഥികൾ വീതമുണ്ട്. പ്രഥമ, ദ്വിതീയ മുതൽ ചതുർദ്ദശി, വാവ് വരെ.

പൊതുവേ എട്ട് എന്ന സംഖ്യയെ രാശിയില്ലാത്ത സംഖ്യയായി ഭാരതീയ ജോതിഷം കണക്കാക്കുന്നു. അതിനാൽ എല്ലാ നല്ല കാര്യങ്ങൾക്കും അഷ്ടമി വർജ്ജിക്കുന്നു. അതിൽ ദു:ഖിതയായ അഷ്ടമി തന്റെ അധിദേവതയായ മഹാവിഷ്ണുവിന്റെ മുന്നിൽ സങ്കടവുമായി എത്തി; ഈ നിരാസത്തിന് ഒരു പരിഹാരം നൽകണമെന്ന് അഷ്ടമി ദേവി യാചിച്ചു. അങ്ങനെ അഷ്ടമി തിഥിയുടെ ദു:ഖമകറ്റാൻ വേണ്ടി ഭഗവാൻ അഷ്ടമി തിഥിയിൽ ശ്രീകൃഷ്ണനായി അവതാരമെടുത്തു. ആ ദിവസം ഗോകുലാഷ്ടമിയായി ആഘോഷിക്കപ്പെടുന്നു. അങ്ങനെ അഷ്ടമിയെ മഹത്വവൽക്കരിക്കും വിധം ഭൈരവപ്രീതിക്കുള്ള സുദിനമായി കരുതി പൂജകൾ നടത്തപ്പെടുന്നു. അതേ തുടർന്ന് എല്ലാ അഷ്ടമി തിഥി ദിവസങ്ങളിലും വിഷ്ണു, ശ്രീകൃഷ്ണ പൂജകൾ ചെയ്ത് പ്രാർത്ഥിച്ചാൽ നമുക്ക് ഊർജ്ജവും ശക്തിയും ധൈര്യവും ഉണ്ടാകും.

തിഥിക്കു മാത്രമല്ല അഷ്ടമിക്ക് ദോഷം കല്പിക്കുന്നത്. ഭാരതീയ ജ്യോതിഷ പ്രകാരം ജനിച്ച കൂറിന്റെ, ജനന സമയത്ത് ചന്ദ്രൻ നിൽക്കുന്ന രാശിയുടെ എട്ടാമത്തെ രാശിയിൽ ചന്ദ്രൻ നിൽക്കുന്ന സമയമാണ് അഷ്ടമ രാശിക്കൂറ്. ഇതിനെ ചന്ദ്രാഷ്‌ടമം എന്ന് പറയുന്നു. വിവാഹം തുടങ്ങിയ ശുഭകർമ്മങ്ങൾക്ക് ഒരോരുത്തർക്കും അഷ്ടമരാശിക്കുറ് വർജ്ജ്യമാണ്. എല്ലാ ചന്ദ്ര മാസവും ഒരോരുത്തർക്കും ശരാശരി രണ്ടേകാൽ ദിവസം ചന്ദ്രാഷ്ടമം വരും. രണ്ടേകാൽ നക്ഷത്രങ്ങൾ അടങ്ങിയതാണ് ഒരു രാശി. അഷ്ടമ രാശിക്കൂറിലുള്ള നക്ഷത്രങ്ങളിൽ രോഗം വരുന്നതും അശുഭകരമാണെന്ന് വിശ്വസിക്കുന്നു. കൃഷ്ണപക്ഷത്തിൽ വരുന്ന ചന്ദ്രാഷ്ടമത്തിനും ജന്മനക്ഷത്രത്തിന്റെ 15, 17, 19 നക്ഷത്രങ്ങളിൽ വരുന്ന ചന്ദ്രാഷ്ടമത്തിനും ദോഷമില്ല. കൃഷ്ണ പക്ഷത്തിൽ ജനിച്ചവരെയും ചന്ദ്രാഷ്ടമ ദോഷം ബാധിക്കില്ല.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!
Exit mobile version