Wednesday, 3 Jul 2024

അഷ്ടമി രോഹിണിയിലെ ശ്രീകൃഷ്ണ മന്ത്രജപത്തിന് നാലിരട്ടിഫലം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വാസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി രോഹിണി നക്ഷത്രവും കൃഷ്ണപക്ഷ അഷ്ടമിതിഥിയും ചേർന്നദിവസം ശ്രീകൃഷ്ണഭഗവാൻ അവതരിച്ചത് ധർമ്മസംസ്ഥാപനത്തിനാണ്. 2021 ആഗസ്റ്റ് 30 നാണ് ഇത്തവണ അഷ്ടമി രോഹിണി.

സവിശേഷമായ ഈ ദിവസം ശ്രീകൃഷ്ണഭഗവാനെ പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യവും ദുരിത മോചനവും ലഭിക്കും. ശ്രീകൃഷ്ണ ഭഗവാനെ ഗോപാല മന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഇഷ്ട മന്ത്രങ്ങൾ ജപിച്ച് സാധാരണ ദിനങ്ങളിൽ ഭജിക്കുന്നതിന്റെ നാലിരട്ടി ഫലം ലഭിക്കും അഷ്ടമി രോഹിണി നാളിലെ ഉപാസനയ്ക്ക്.

എല്ലാവിധത്തിലുള്ള മനോവിഷമങ്ങൾക്കും അഷ്ടമിരോഹിണി വ്രതം നോറ്റാൽ ശാന്തി ലഭിക്കും. വ്രതം അനുഷ്ഠിക്കുന്നവർ കൃഷ്ണാഷ്ടമിയുടെ തലേന്ന് മുതൽ മത്സ്യമാംസാദികൾ ത്യജിച്ച് വ്രതനിഷ്ഠകൾ പാലിക്കണം. അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണ, വൈഷ്ണക്ഷേത്ര ദർശനം നല്ലതാണ്. ഗൃഹത്തിൽ ശ്രീകൃഷ്ണ അഷ്ടോത്തരം, ഗോപാല മന്ത്രങ്ങൾ, നാരായണീയം, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം തുടങ്ങിയവ പാരായണം ചെയ്യുന്നതും നല്ലതാണ്. അഷ്ടമിരോഹിണി നാളിൽ അർദ്ധരാത്രി 12 മണിക്കാണ് ഭഗവാൻ അവതരിച്ചത്. അതുകൊണ്ട് ആ സമയം വരെ പ്രാർത്ഥന, ജപം ഇവ തുടരണം. അടുത്ത ദിവസം തുളസിയിട്ട തീർത്ഥമോ ക്ഷേത്രത്തില തീർത്ഥമോ കഴിച്ച് വ്രതം മുറിക്കാം.

വ്യാഴഗ്രഹത്തിന്റെയും ബുധഗ്രഹത്തിന്റെയും അനുഗ്രഹം സിദ്ധിക്കുന്നതിന് ശ്രീകൃഷ്ണ ഉപാസന നല്ലതാണ്. ബുധൻ, വ്യാഴം ദിവസങ്ങളും തിരുവോണം, രോഹിണി നക്ഷത്രങ്ങളും ഏകാദശി തിഥിയുമാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രധാനം. പതിവായി ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി വഴിപാട് കഴിച്ചാൽ വിദ്യാതടസം മാറും. ഭാഗ്യസൂക്തം, പുരുഷസൂക്തം അർച്ചന നടത്തിയാൽ തൊഴിൽ തടസങ്ങൾ മാറിക്കിട്ടും. വ്യാഴാഴ്ചകളിൽ സന്താനഗോപാല പുഷ്പാഞ്ജലി, പുരുഷസൂക്താർച്ചന എന്നിവ ചെയ്താൽ സന്താനലാഭ തടസങ്ങൾ മാറും. സന്തതികൾക്ക് അഭിവൃദ്ധി ഉണ്ടാകും.

പതിവായി ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തിയാൽ എല്ലാ മനോവിഷമങ്ങളും ഇല്ലാതാകും. നെയ്‌വിളക്ക്, പുരുഷസൂക്താർച്ചന, അഷ്‌ടോത്തരാർച്ചന, സഹസ്രനാമാർച്ചന, പാൽപ്പായസം, തൃക്കൈവെണ്ണ എന്നിവയാണ് ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നടത്താവുന്ന പൊതുവായ വഴിപാടുകൾ. എല്ലാ മാസവും രോഹിണി നാളിൽ വ്രതം അനുഷ്ഠിച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുകയും സ്വയംവര പുഷ്പാഞ്ജലി നടത്തുകയും ചെയ്താൽ വിവാഹതടസങ്ങൾ മാറിക്കിട്ടും. ഇഷ്ടവിവാഹം സിദ്ധിക്കുകയും ചെയ്യും.

വിവിധ കാരണങ്ങളാൽ 8 പ്രധാനമായ ശ്രീകൃഷ്ണ ഭഗവാന്റെ അഷ്ട ഗോപാല മന്ത്രങ്ങൾക്ക് ഏറെ ദിവ്യത്വം കല്പിക്കുന്നു. അഷ്ട ഗോപാല മന്ത്രങ്ങൾ ജപിക്കുന്നത് പതിവാക്കിയാൽ അകന്നുപോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും സന്താനവും ദീർഘായുസും അഭീഷ്ടസിദ്ധിയും ജ്ഞാന വിജ്ഞാനവും വിദ്യാലാഭവും ചതുർവിധ പുരുഷാർത്ഥവും ലഭിക്കും. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ശ്രീകൃഷ്ണ മന്ത്രങ്ങൾ എന്നും ജപിച്ചാൽ ഫലം നിശ്ചയമാണ്.

എട്ടു ഗോപാല മന്ത്രങ്ങളും അവയുടെ ജപ ഫലങ്ങളും :

1. ആയുർ ഗോപാലം ദീർഘായുസിന്

ദേവകീസുതഗോവിന്ദ
വാസുദേവ ജഗൽപതേ
ദേഹിമേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗത:

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് ശരണം നൽകിയാലും.)

2 സന്താന ഗോപാലം സന്താനലബ്ധിക്ക്

ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് പുത്രനെ നൽകിയാലും.)

3. രാജഗോപാലം സമ്പൽസമൃദ്ധിക്ക്, വശ്യത്തിന്

കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാമഭയം കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ

(മഹായോഗിയും ഭക്തന്മാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.)

4. ദാശാക്ഷരീ ഗോപാലം അഭീഷ്ടസിദ്ധിക്ക്

ഗോപീജന വല്ലഭായ സ്വാഹ

(ഗോപീ ജനങ്ങളുടെ നാഥനായ ഭവനായിക്കൊണ്ട് സമർപ്പണം)

5. വിദ്യാ ഗോപാലം വിദ്യാലാഭത്തിന്

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രായച്ഛമേ

(പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് അതി വേഗത്തിൽ വിദ്യ നൽകിയാലും.)

6. ഹയഗ്രീവ ഗോപാലം സർവവിജ്ഞാന ലബ്ധിക്ക്

ഉദ്ഗിരിത് പ്രണവോദ്ഗീത
സർവവാഗീശ്വരേശ്വര
സർവവേദമയ! ചിന്ത്യ!
സർവ്വം ബോധയ ബോധയ

(പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.)

7. മഹാബല ഗോപാലം ശക്തി വർദ്ധനവിന്

നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ

(സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിന് നമസ്കാരം സമർപ്പണം.)

8. ദ്വാദശാക്ഷര ഗോപാലം ചതുർവിധ പുരുഷാർത്ഥ ലബ്ധിക്ക്

ഓം നമോ ഭഗവതേ വാസുദേവായ

(ഭഗവാൻ ശ്രീ കൃഷ്ണനെ നമസ്കരിക്കുന്നു.)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Significance of Ashtami Rohini and Ashta Gopala Manthra


error: Content is protected !!
Exit mobile version