Wednesday, 3 Jul 2024

ആഗ്രഹസാഫല്യത്തിനും ദുരിതമോചനത്തിനുംഏഴ് ദുർഗ്ഗാ ശ്ലോകങ്ങൾ

എം.നന്ദകുമാർ, റിട്ട. ഐ എ എസ്

ദേവീമാഹാത്മ്യത്തിലെ മന്ത്രശക്തി നിർഭരമായ ഏഴു ശ്ലോകങ്ങളാണ് സപ്തശ്ലോകീ ദുർഗ്ഗ എന്ന് അറിയപ്പെടുന്നത്. ദേവീമാഹാത്മ്യം പോലെ അതിവേഗം ഫലദായകമായി മറ്റൊന്നും തന്നെ ഉപാസനാ സമ്പ്രദായങ്ങളിൽ ഇല്ല. സ്ത്രീ എന്നോ പുരുഷനെന്നോ, ബാലനെന്നോ, ബാലികയെന്നോ
വൃദ്ധനെന്നോ ഭേദമില്ലാതെ ആർക്കും നടത്താവുന്ന
അത്യുത്തമ അനുഷ്ഠാനമാണ് ദേവീമാഹാത്മ്യ പാരായണം. ഇത് ഭക്തിപൂർവം പാരായണം ചെയ്യുന്നതിന്റെ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കൽപവൃക്ഷം പോലെയാണിത്; നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു തരാൻ പര്യാപ്തവും.

ദേവിതന്നെ പന്ത്രണ്ടാമദ്ധ്യായത്തിൽ ദേവീമാഹാത്മ്യം പാരായണം കൊണ്ടുള്ള ഫലങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. പതിവായി ചൊല്ലുന്ന
ഭക്തർ ഇത് അനുഭവത്തിൽ അറിയുന്നു. എന്നാൽ തിരക്കു കാരണം മിക്ക ആളുകൾക്കും നിഷ്ഠയോടെയുള്ള ദേവീമാഹാത്മ്യം പാരായണത്തിനൊന്നും ഇപ്പോൾ സമയമില്ല. ഇത്തരുണത്തിൽ ദേവീമാഹാത്മ്യ ശ്ലോകങ്ങളിൽ ഏതാനും അദ്ധ്യായങ്ങളിൽ നിന്നും വളരെ വിശേഷപ്പെട്ടതും മഹത്തരമായതുമായ ഏഴു ശ്ലോകങ്ങൾ നിത്യ പാരായണത്തിന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു.

സപ്തശ്ലോകീദുർഗ്ഗ എന്നറിയപ്പെടുന്ന ഈ 7 ശ്ലോകങ്ങൾ ആദിപരാശക്തിയുടെ അത്ഭുത അപദാനങ്ങളെ പ്രകീർത്തിക്കുന്നതാണ്. മനസും ശരീവും ശുദ്ധമാക്കി ദേവീരൂപവും ആഗ്രഹവും ദൃഢമായി സങ്കൽപിച്ച് ഓരോ ശ്ലോകവും 108 ഉരു വീതം തുടർച്ചയായി ജപിച്ചാൽ മനസ്സിലുള്ള കാര്യം നടന്നിരിക്കും. 108 തവണ ചെല്ലാൻ അസൗകര്യം നേരിടുന്നവർ നിത്യേന ഏഴു തവണ വീതം ഏഴു ശ്ലോകങ്ങളും മുടങ്ങാതെ ചൊല്ലുക. എല്ലാ ദുരിതങ്ങളും ആകസ്മിക വിപത്തുകളും മാറും. സമ്പത്‌സമൃദ്ധി ലഭിക്കും. ശത്രുക്കൾ, ബാധകൾ, രോഗങ്ങൾ, ദുരന്തങ്ങൾ ഇവ ഒഴിയാനും ജ്ഞാനലബ്ധിക്കും വിദ്യാലാഭത്തിനും ബുദ്ധി ശക്തിക്കും ദേവീ പ്രീതിക്കും ഈ ശ്ലോകങ്ങൾ ജപിക്കുന്നത് ഉത്തമമാണ്. ദേവിയുടെ ചിത്രത്തിന് മുമ്പിൽ വലതു വശത്ത് വിളക്കു കൊളുത്തി
വച്ച് കിഴക്കോട്ട് തിരിഞ്ഞിരുന്ന് പ്രഭാതത്തിലും, സായാഹ്നത്തിലും ജപിക്കണം. ഇത് നിഷ്ഠയോടെ പതിവായി ജപിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ആചാര്യ ശ്രേഷ്ഠൻമാർ പറയുന്നു. ഏഴു ദേവീ മാഹാത്മ്യശ്ലോകങ്ങളും ഇവിടെ കൊടുക്കുന്നു. ഓരോന്നിനും കാര്യങ്ങൾ സാധിച്ചു തരാൻ പ്രത്യേക ശക്തിയുണ്ട്.

ശിവ ഉവാച
ദേവി ത്വം ഭക്ത സുലഭേ സർവ്വകാര്യവിധായിനീ
കലൗ ഹി കാര്യസിദ്ധ്യർത്ഥമുപായം ബ്രൂഹി യത്നത:

ദേവി ഉവാച
ശൃണു ദേവി പ്രവക്ഷ്യാമി കലൗ സർവ്വേഷ്ടസാധനം
മയാ തൈവ സ്നേഹേനാപ്യം ബാസ്തുതി:
പ്രകാശ്യതേ ഓം ആസ്യ
ശ്രീ ദുർഗ്ഗാ സപ്തശ്ലോകീ സ്തോത്ര മന്ത്രസ്യ

നാരായണ ഋഷി:
അനുഷ്ടുപ് ഛന്ദ:
ശ്രീമഹാകാളീ മഹാലക്ഷ്മീ
മഹാസരസ്വത്യോ ദേവത:

ശ്രീ ദുർഗ്ഗാ പ്രീത്യർത്ഥം സപ്തശ്ലോകീ
ദുർഗ്ഗാപാഠേ വിനിയോഗ:

1
ജ്ഞാനിനാമപിചേതാംസി
ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ
മഹാമായ പ്രയച്ഛതി
(ശ്ലോകം 55)

പൊരുൾ : മഹാമായയായ ഭഗവതീ ദേവി ഈശ്വരതുല്യരായ മഹർഷിമാരുടെ അന്ത:കരണങ്ങളെപ്പോലും ബലമായി പിടിച്ച് വലിച്ച് മോഹത്തിനായി അർപ്പിക്കുക തന്നെ ചെയ്യുന്നു. ആർക്കും തന്നെ മഹാമായയുടെ ആകർഷണത്തിൽ നിന്നും മുക്തരാകാൻ കഴിയില്ല. ആർക്കും എന്തിന്റെ നേർക്കും മോഹവും മമതയും അഭിലാഷവും തോന്നാം. ചെറുത്തു നിൽക്കാൻ ഒരു വഴിയേ ഉള്ളു. പൂർണ്ണമായ ഈശ്വരാർപ്പണം. അത് ഏതു രൂപത്തിലും ആകാം

2
ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോ:
സ്വസ്ഥൈ: സ്മൃതാ മതിമതീ വശുഭാം ദദാസി
ദാരിദ്ര്യ ദു:ഖ ഭയകാരിണി കാ ത്വദന്യാ
സർവ്വോപകാരകരണായ സദാർദ്രചിത്താ
(ശ്ലോകം234)

പൊരുൾ : അല്ലയോ ദേവീ ആപത്തിൽ
സ്മരിച്ചാൽ നിന്തിരുവടി ജന്തുക്കളുടെ ഭയത്തെയെല്ലാം നശിപ്പിക്കുന്നു. സ്വസ്ഥചിത്തർ നിന്തിരുവടിയെ സ്മരിച്ചാൽ അവർക്ക് അത്യന്തം ശുഭമായ ബുദ്ധിയെ കൊടുക്കുന്നു. ദാരിദ്യദുഃഖ ഭയത്തെ നശിപ്പിച്ച് എല്ലാവർക്കും ഉപകാരം ചെയ്യുന്നതിന് എപ്പോഴും ആർദ്രചിത്തയായി
മറ്റാരാണ് ഉള്ളത്.

3
സർവ്വമംഗള മംഗല്യേ ശിവേ
സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണീ നമോസ്തുതേ
(ശ്ലോകം585)

പൊരുൾ : സകല മംഗളങ്ങൾക്കും മംഗളമായി,
സർവ്വ രക്ഷാകാരണിയായി, ഉപാസകന് സർവ്വ പുരുഷാർത്ഥങ്ങളും നൽകുന്നവളായി, ശരണം പ്രാപിക്കാൻ യോഗ്യയായി, ത്രിനേത്രയായി വർത്തിക്കുന്ന നാരായണീ ദേവീ നിന്തിരുവടിക്ക് നമസ്കാരം.

4
ശരണാഗത ദീനാർത്ത
പരിത്രാണപരായണേ
സർവ്വസ്യാർത്തികരേ ദേവീ
നാരായണീ നമോസ്തുതേ
(ശ്ലോകം587)

പൊരുൾ : ശരണം പ്രാപിക്കുന്ന ദീനരെയും
ആർത്തരെയും സംരക്ഷിക്കുന്നതിൽ തല്പരയായ,
സകല ലോകത്തിന്റെയും ആർത്തിയെ നശിപ്പിക്കുന്ന നാരായണീ ദേവീ നിൻ തിരുവടിക്കായി നമസ്കാരം

5
സർവ്വസ്വരൂപേ സർവ്വേശേ
സർവ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവി
ദുർഗ്ഗേ ദേവി നമോസ്തുതേ
(ശ്ലോകം599)

പൊരുൾ : സർവസ്വരൂപയും സർവേശ്വരിയും സർവ ശക്തികളോടും കൂടിയവളും ആയദേവീ
ഞങ്ങളെ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ. ദുർഗ്ഗേ, ദേവീ നിൻ തിരുവടിക്ക് നമസ്കാരം.

6
രോഗാനശേഷാനപഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി
(ശ്ലോകം 604)

പൊരുൾ : നിന്തിരുവടി സന്തോഷിച്ചാൽ എല്ലാ രോഗങ്ങളെയും നശിപ്പിക്കുന്നു. നിന്തിരുവടി കോപിച്ചാൽ അഭിലാഷങ്ങളെയും കാമങ്ങളെയും നശിപ്പിക്കുന്നു. നിന്തിരുവടിയെ ആശ്രയിക്കുന്നവർക്ക് ആപത്തുകൾ ഉണ്ടാകില്ലെന്ന് മാത്രമല്ല
അങ്ങനെയുള്ളവർ മറ്റുള്ളവർക്ക് ആശ്രയമായി തീരുമെന്നുള്ളത് പ്രസിദ്ധമാണ്.

7
സർവ്വബാധാപ്രശമനം
ത്രൈലോക്യസ്യാഖിലേശ്വരി
ഏവമേവ ത്വയാ കാര്യം
അസ്മദ് വൈരിവിനാശനം
(ശ്ലോകം614)

പൊരുൾ : എല്ലാ ലോകങ്ങളെയും ബാധിക്കുന്ന ആപത്തുകളെ നിന്തിരുവടി ശമിപ്പിക്കേണമേ, ഞങ്ങളുടെ ശത്രുക്കളുടെ നാശവും അവിടുന്ന് ചെയ്യേണമേ.

(റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാപണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിലെ പ്രണവത്തിൽ താമസിക്കുന്നു.

മൊബൈൽ : 9497836666.
വെബ് സൈറ്റ്: www.m nandakumar.com)

error: Content is protected !!
Exit mobile version