ആഗ്രഹസാഫല്യമേകാൻ ഞായറും ചതയവും ഒന്നിക്കുന്ന ചമ്പാഷഷ്ഠി വരുന്നു
ജ്യോതിഷരത്നം വേണുമഹാദേവ്
സന്താന സംബന്ധമായ ക്ലേശങ്ങൾക്കും എല്ലാരോഗ ദുരിത ദോഷങ്ങൾക്കും ഏറ്റവും ഗുണകരമായ പരിഹാരമാണ് ഷഷ്ഠിവ്രതാനുഷ്ഠാനം. സന്താനങ്ങൾ കാരണമുള്ള ദുഃഖങ്ങൾ, സന്താനഭാഗ്യം ഇല്ലായ്മ എന്നിവ ഷഷ്ഠിവ്രതം നോറ്റ് പരിഹരിക്കാം. മക്കളുടെയും ബന്ധുക്കളുടെയും തന്റെ തന്നെയും രോഗങ്ങൾ മാറുന്നതിന് ഈ വ്രതാചാരണം അത്യുത്തമമാണ്. സന്തതികളുടെ ശ്രേയസ്, ശത്രുനാശം, ദാമ്പത്യസൗഖ്യം, എന്നിവയാണ് ഇതിന്റെ മറ്റ് പൊതുഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. അപാരമായ ഫലസിദ്ധിയാണ് ഇതിനുള്ളത്. അതിനാലാണ് ഏറ്റവും കൂടുതൽ ഭക്തർ ആചരിക്കുന്ന വ്രതം ഷഷ്ഠിയായത്. അത്ഭുതകരമായ തിരക്കാണ് ഷഷ്ഠി ദിവസം എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിലും.
വെളുത്തപക്ഷത്തിലെ ഷഷ്ഠിയിൽ വരുന്ന വ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കണം. അല്ലെങ്കിൽ അന്ന് ഒരു നേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ വേണം. അന്നും ഉപവാസമാണ് ഉത്തമം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉച്ചപൂജയുടെ നിവേദ്യമോ ഫലങ്ങളോ കഴിക്കാം. അന്ന് രാവിലെയും വൈകിട്ടും സുബ്രഹ്മണ്യ മൂലമന്ത്രവും സുബ്രഹ്മണ്യ ഗായത്രിയും ഷണ്മുഖ മന്ത്രവും യഥാക്രമം 108, 36, 48 തവണ ജപിക്കുക. ഷഷ്ഠി നാളിൽ രാത്രിപൂജ തൊഴുത് വ്രതം പൂർത്തിയാക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിർബന്ധമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കവും ആഡംബരങ്ങളുമൊന്നും പാടില്ല. ഷഷ്ഠിവ്രതത്തിലൂടെ ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹം നേടാം. 2020 ഡിസംബർ 20 ഞായറാഴ്ചയാണ് ഈ മാസം ഷഷ്ഠിവ്രതം. ഷഷ്ഠി തിഥി ഞായറാഴ്ചയോ, ചതയം നക്ഷത്രത്തിലോ വന്നാല്‍ അതിനെ ചമ്പാഷഷ്ഠി എന്ന് പറയും. ഇത്തവണത്തെ ഷഷ്ഠി ഞായറാഴ്ചയും ചതയം നക്ഷത്രവും ചേർന്നു വരുന്ന പുണ്യ ദിവസമാണ്. ഈ ഷഷ്ഠിയുടെ മറ്റൊരു പ്രത്യേകത മുരുകന്‍ താരകാസുരനെ വധിച്ചത് കണ്ട് ബ്രഹ്മാവ് സ്തുതിച്ച ഷഷ്ഠി എന്നതാണ്. മാര്‍ഗ്ഗശീര്‍ഷ (വൃശ്ചികം – ധനു) മാസത്തിലെ ഷഷ്ഠിനാളില്‍ ആയിരുന്നു താരകാസുര നിഗ്രഹം. ഈ ദിവസം സ്‌കന്ദനെ പൂജിച്ചാല്‍ കീര്‍ത്തിയും ആഗ്രഹലബ്ധിയുമുണ്ടാകും എന്നാണ് വിശ്വാസം. ഈ ദിവസം ദാനം ചെയ്യുന്നതും ആഗ്രഹസഫല്യമേകും.
മൂലമന്ത്രം
ഓം വചത് ഭുവേ നമഃ
സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദഃ പ്രചോദയാത്
ഷണ്മുഖമന്ത്രം
ഓം നമഃ ഷൺമുഖായ
രുദ്രസുതായ സുന്ദരാംഗായ
കുമാരായ ശുഭ്രവർണ്ണായ നമഃ
അഭിഷേകമാണ് സുബ്രഹ്മണ്യന് ഏറ്റവും പ്രിയം. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം, ജലം, ശർക്കര, ചന്ദനം എന്നിവയെല്ലാം കൊണ്ട് അഭിഷേകം നടത്തുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖവും പാല്‍, നെയ്യ്, ഇളനീര്‍ എന്നിവ കൊണ്ട് ശരീരസുഖവും തൈര് കൊണ്ട് സന്താനലാഭവും എണ്ണ കൊണ്ട് രോഗനാശവും ചന്ദനാഭിഷേകത്താൽ ധനാഭിവൃദ്ധിയും ജലാഭിഷേകം നടത്തിയാൽ മന:ശാന്തിയും ശർക്കരാഭിഷേകത്താൽ ശത്രുവിജയവും ഫലമാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാര മാര്‍ഗ്ഗമാണ്.
ജ്യോതിഷ രത്നം വേണു മഹാദേവ്,
+91-984 747 5559