Friday, 22 Nov 2024

ആഗ്രഹസിദ്ധിക്കും വിഷമഘട്ടം തരണം ചെയ്യാനും വിജയപ്രദ സ്തോത്രം

ജോതിഷി പ്രഭാ സീന സി.പി.

സർവ്വദുഃഖശമനത്തിനും, ദുരിതശാന്തിക്കും രാമായണ പാരായണം ഉത്തമമായ ഔഷധമാണ്. കർക്കടകം ഒന്നു മുതൽ രാമായണ വായന നിഷ്ഠയോടെ നടത്തിയാൽ ഉദ്ദിഷ്ട ഫല പ്രാപ്തി ഉറപ്പാണ്. ശ്രീരാമ തൃപ്പാദങ്ങളിൽ പൂർണ്ണമായും ശരണം പ്രാപിച്ചിരുന്ന നിഷ്കാമിയായ ഭക്ത ശേഷ്ഠനാണ് ശ്രീ ഹനുമാൻ. ആജ്ഞനേയന്റെ സർവ്വസ്വവും ശ്രീരാമ പാദകമലങ്ങളാണ്. ഹനുമാന്റെ അംഗ പ്രത്യംഗങ്ങൾ ശ്രീരാമദേവ ചരണാർപ്പിതങ്ങളാണ്.

രാക്ഷസരാജാവായ രാവണന്റെ തടവിൽ കഴിയുന്ന സീതാദേവിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ രാമന് വേണ്ടി ദൂതു പോയതാണ് ഹനുമാന്റെ ധീര കൃത്യങ്ങളിൽ പരമപ്രധാനം. രാമ രാവണ യുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ ചികിത്സിച്ച് സുഖപ്പെടുത്താനുള്ള മരുന്നു കൊണ്ടുവരാൻ ഹനുമാൻ സ്വാമി ഹിമായത്തിലേക്ക് പറക്കുകയും ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ച് തിരികെ വരികയും ചെയ്തതാണ് മറ്റൊരു മഹദ് കൃത്യം. സംശയാതീതമായ ദൃഢ ഭക്തിയുടെ ഉത്തമ ഉദാഹരണമായി ഹനുമാൻ പരക്കെ അറിയപ്പെടുന്നു. വാനര രൂപത്തിൽ ആരാധിക്കപ്പെടുന്ന ഹനുമാൻ തന്റെ ശക്തികൊണ്ടും വിശ്വാസ്യത കൊണ്ടും ഹൈന്ദവ വിശ്വാസത്തിൽ ഒരു പ്രധാന ദേവനായി അറിയപ്പെടുന്നു.

സമുദ്രം ചാടി ലങ്കയിൽ എത്തി സീതയെ ദർശിക്കാൻ ഹനുമാൻ ജപിച്ചതാണ് വിജയപ്രദ സ്തോത്രം. ശ്രീരാമ ചന്ദൻ പരമരഹസ്യമായി ഹനുമാന് ഉപദേശിച്ച ഈ സ്തോത്രം ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞതനുസരിച്ച് ഹനുമാൻ അർജ്ജുനന് കുരുക്ഷേത്രത്തിൽ വച്ച് ഉപദേശിക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തിൽ ഒടുവിൽ അർജ്ജുനൻ വിജയം വരിച്ചത് ഈ സ്തോത്രം ജപിച്ചത് കൊണ്ടാണ്. വിഷമ ഘട്ടങ്ങളിൽ രക്ഷനേടാനും കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകാനും രാമായണ മാസത്തിൽ ഈ സ്ത്രോത്ര ജപം തുടങ്ങുന്നത് ഏറ്റവും ശ്രേഷഠമാണ്. പരമശിവന്റെ കേശാദിപാദ വർണ്ണനയാണ് സ്തോത്രം.

വിജയപ്രദസ്തോത്രം

കൈലാസമായ ശൈലേ വാണരുളീടും ശൈല –
നന്ദിനീ ദേവി കാന്താ നമസ്തേ നമോ നമ:
ഓംങ്കാര രൂപ മഹാദേവാ ശങ്കര ശംഭോ
പങ്കജബാണാന്തക നമസ്തേ നമോ നമ:
സർവ്വദേവതാ രൂപ ഈശ്വര ശംഭോ ശിവ
പർവ്വതാത്മജാ കാന്താ ശങ്കരാ ജയ ജയ

മന്മഥൻ തന്നെ വഹ്നി നേത്രത്തിൽ ദഹിപ്പിച്ചു
നന്മയിൽ മനസ്സതിൽ ജനിപ്പിച്ചതിമോദാൽ
ജന്മനാശങ്ങളില്ലാതാദ്യന്തരമില്ലാതൊരു
ചിന്മയ മൂർത്തേ ശംഭോ നമസ്തേ നമോ നമ:
സർവ്വ ദേവതാ രൂപ ഈശ്വര ശംഭോ ശിവാ
പർവ്വതാത്മജാകാന്താ ശങ്കരാ ജയ ജയ

അംബുജേഷണൻ തന്നെ ശരമായ് കല്പിച്ചുടൻ
സമ്മോദം ത്രിപുരരെ ദഹിപ്പിച്ചൊരു മൂർത്തേ
നിർമ്മലൻ മാർക്കണ്ഡേയനാം ഭക്തന് വരം നൽകി
തന്മൂലം യമൻ തന്നെ ജയിച്ച കാളകണ്ഠാ
സർവ്വദേവതാ രൂപാ ഈശ്വരാ ശംഭോ ശിവ
പർവ്വതാത്മജാകാന്താ ശങ്കരാ ജയ ജയ

ലോകവിഘ്നങ്ങളെല്ലാം തീർത്തു രക്ഷിച്ചീടുവാൻ
നാഗദൂഷണാ തവ കാരുണ്യ ദശാവശാൽ
വാരണവേഷം പൂണ്ടു രമിച്ച ഗണേശനെ
പാരാതെ പാർവതിക്കു കൊടുത്ത നാഥ ജയ
ക്ഷീര വാരിധി മഥനാന്തരേ വാസുകിയെ
പാരാതെ കരം തന്നിൽ കങ്കണമായി ചേർത്തൊരു
സർവ്വ ദേവതാ രൂപാ ഈശ്വരാ ശംഭോ ശിവാ
പർവ്വതാത്മജാ കാന്താ സർവ്വമേ ജയ ജയ

ദക്ഷ ഗർവ്വവും തീർത്തു വീരഭദ്രനെ കൊണ്ടു
കാൽക്ഷണം ജീവൻ നല്കി യാഗവും മുടിച്ചുടൻ
താരകാസുരൻ തന്നെക്കൊല്ലുവാൻ കുമാരനെ
പരാതെ ജനിപ്പിച്ചു ദേവകളെ രക്ഷിച്ച
സർവ്വ ദേവതാരൂപ ഈശ്വരാ ശംഭോ ശിവ
പാർവ്വതാത്മജാ കാന്താ സർവ്വം മേ ജയ ജയ

ബാണനു സർവ്വാഭീഷ്ടം ദാനം ചെയ്തൊരു മൂലം
ബാണന്റെ ഗൃഹം തന്നിൽ കാത്തു കൊണ്ടനാരതം
ഭൂതവൃന്ദങ്ങളോടും പാർവ്വതി ദേവിയോടും
ചേതസി മോദാൽ ഭക്തരക്ഷണം ചെയ്ത മൂർത്തേ
സർവ്വ ദേവാതാരൂപ ഈശ്വര ശംഭോ ശിവാ
പർവ്വതാത്മജാ കാന്താ സർവ്വം മേ ജയ ജയ

വിഷ്ണുമായയെക്കണ്ടു ഭ്രമിച്ചു ചമഞ്ഞുടൻ
തൽക്ഷണം ക്രീഡിപ്പാനായാരംഭിച്ച നേരത്തിങ്കൽ
അക്ഷണമതു സാധിച്ചാനന്ദിച്ചോരു മൂർത്തേ
പക്ഷി വാഹനാ സേവ്യാ നമസ്തേ നമോനമ:
സർവ്വ ദേവതാരൂപ ഈശ്വര ശംഭോ ശിവാ
പർവ്വതാത്മജാകാന്താ സർവ്വം മേ ജയ ജയ

കോടി സൂര്യപ്രകാശമായി വിളങ്ങിടുന്നൊരു
കോടീരം തന്നിൽ ബാലചന്ദ്രനും ഗംഗതാനും
തുമ്പയും വില്വദളം ഭക്തൻമാരർച്ചിട്ടുള്ള
തമ്പോടു ധരിച്ചൊരു മൗലിയും മനോഹരം

നിടില തടം തന്നിൽ വഹ്നി നേത്രവും പിന്നെ
ചുടലാധാരമായ ഭസ്മ ധൂളിയുമേറ്റം
ഗണ്ഡവും മിന്നുന്നോരു ചാരു കുണ്ഡലങ്ങളും
കർണ്ണവും നാസികയും ഭക്തരെ രക്ഷിച്ചീടും
ചാരുവായ് മൃദുതരം മന്ദമായ് കടാക്ഷിക്കും
വാരിജദള സമം നേത്രവും മനോഹരം

നീലരേഖയെ ധരിച്ചൊരു കണ്ഠവും പിന്നെ
ചാലവേ രുദ്രാക്ഷമായുള്ളോരു മാല്യങ്ങളും
അസ്ഥിമാലയും മുത്തുമാലയും വില്വമാല
എത്രയും മനോഹരമായുള്ള മാല്യങ്ങളും
ശൂലവും കാപാലവും മാലയും കുഠാരവും
ചാലവേ ധരിച്ചൊരു കരപങ്കജങ്ങളും
മാരവൈരിയാം ദേവൻ തൻ ചെയ്യിലണിഞ്ഞൊരു
ചാരഭൂഷണാവലി വീഥിയുമെത്ര രമ്യം

സർപ്പ കങ്കണങ്ങളും സർപ്പ കാഞ്ചിയും പിന്നെ
സർപ്പമാലയും സർപ്പമണി ഭൂഷണങ്ങളും
ബ്രഹ്മാണ്ഡകടാഹവും തന്നുള്ളിൽ വസിച്ചിടും
നന്മയാമുദരവും സുന്ദരം ജഘനവും
ശാർദ്ദുല ചർമ്മം ധരിച്ചുള്ളേരു കടീതടേ
ആർദ്രത ചേർന്നുള്ളോരു രൂപവും മനോഹരം
കണങ്കാലതും ഭക്തജനങ്ങൾ വിരവോടു
വണങ്ങും പാദം രണ്ടുമെത്രയും മനോഹരം

കാൽച്ചിലമ്പതും നൃത്തം ചെയ്യുന്ന ശബ്ദങ്ങളും
ചേർച്ചയായ് പ്രകാശിക്കും മംഗലധ്വനികളും
ഹിമവൽ പുത്രിയായ ദേവി താൻ വസിച്ചിടും
വാമഭാഗവും തിരുമേനിയും സദാഹൃദി
ആദ്യന്ത ഹിനർ തന്നെ ചിന്തിക്ക വിരവിൽ നീ
സാദ്ധ്യമായി വരുമെന്നാൽ സർവ്വകാര്യവും ദൃഢം

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Importance of Vijayprada Sthothra Japam During Ramayana Month


error: Content is protected !!
Exit mobile version