ആഗ്രഹാഭിലാഷത്തിനൊത്ത രൂപ ഭാവത്തിൽ ശ്രീകൃഷ്ണനെ ആരാധിച്ചാല്‍ പെട്ടെന്ന് ഫലം
പി.എം. ബിനുകുമാർ
ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ലീലകള്‍ എത്ര പറഞ്ഞാലും തീരാത്തതാണ്. ആശ്രിത വത്സലനായ ഭഗവാന്‍ തന്റെ ഭക്തരുടെ കണ്ണീരൊപ്പാന്‍ എവിടെയും ഓടിയെത്തും. ഭക്തമാനസങ്ങളില്‍ ശ്രീകൃഷ്ണ പരമാത്മാവിന് ഓരോ രൂപവും ഓരോ ഭാവവുമുണ്ട്. ഈ രൂപഭാവങ്ങളില്‍ ശ്രീകൃഷ്ണഭഗവാനെ ആരാധിച്ചാല്‍ പ്രത്യേകം ഫലമാണ്.
ഓരോ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഓരോ ഭാവത്തിലാണ് ഭഗവാന്‍ കുടികൊള്ളുന്നത്. അതിനാല്‍ ക്ഷേത്രങ്ങളില്‍ പോയി തൊഴുമ്പോള്‍ ക്ഷേത്രത്തിലെ ഭഗവാന്റെ രൂപം, ഭാവം ഇവ മനസ്സിലാക്കണം. നമ്മുടെ ആഗ്രഹാഭിലാഷത്തിനൊത്ത രൂപത്തിലും ഭാവത്തിലും ഭഗവാനെ ആരാധിച്ചാല്‍ പെട്ടെന്ന് പ്രസാദിക്കും. ഉദാഹരണം പറഞ്ഞാല്‍ സര്‍വാഭീഷ്ടദായകനാണ് ശ്രീ ഗുരുവായൂരപ്പന്‍. അതിനാല്‍ എന്ത് അഭീഷ്ടസിദ്ധിക്കും ഗുരുവായൂരപ്പനെ ആശ്രയിക്കാം.
വെണ്ണക്കണ്ണന്‍, വേണുഗോപാലന്‍, ശ്രീകൃഷ്ണന്‍, പാര്‍ത്ഥസാരഥി, സന്താനഗോപാലമൂര്‍ത്തി, തുടങ്ങി അനേക ഭാവത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്. തൃപ്പൂണിത്തുറയിൽ സന്താനഗോപാല മൂര്‍ത്തിയാണ് ഭഗവാന്‍. ആറന്മുളയില്‍ പാര്‍ത്ഥസാരഥിയായും നെയ്യാറ്റിന്‍കര ക്ഷേത്രത്തില്‍ നവനീത കണ്ണനായും മലയിന്‍കീഴില്‍ വിദ്യാദായകനും മംഗല്യദായനുമായും കൊല്ലം ആശ്രാമത്ത് രണ്ടു കയ്യിലും വെണ്ണയുമായുള്ള ഉണ്ണിക്കണ്ണനായും അമ്പലപ്പുഴയില്‍ അര്‍ജ്ജുനന്‍ ആരാധിക്കുന്ന കൃഷ്ണനായും തിരുവന്‍വണ്ടൂരില്‍ നകുലന്‍ ആരാധിച്ചിരുന്ന തേവാര ബിബമായും മാവേലിക്കരയില്‍ ചതുര്‍ബാഹുവായ കൃഷ്ണനായും തിരുവാര്‍പ്പില്‍ കംസവധം കഴിഞ്ഞ കൃഷ്ണനായും തൊടുപുഴയില്‍ ഉണ്ണിക്കണ്ണനായും കുടികൊള്ളുന്നു. തൃച്ചംബരത്ത് കംസനെയും കുവലയ പിടത്തെയും നിഗ്രഹിച്ച ശേഷം ശാന്തനായ ഭാവത്തിലും കണ്ണന്‍ കുളങ്ങരയില്‍ ബകാസുരനെ നിഗ്രഹിച്ച ഭാവത്തിലും മുഴപ്പാല മാമ്പവിളയറോട്ട് കുചേലനെ അനുഗ്രഹിക്കുന്ന രൂപത്തിലും തൃശൂര്‍ തിരുവമ്പാടിയില്‍ ഉണ്ണിക്കണ്ണനുമാണ് പ്രതിഷ്ഠാ സങ്കല്പം. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ഈ സങ്കല്പങ്ങള്‍ മനസിലാക്കി വേണം ഭഗവാനെ വണങ്ങേണ്ടത്.
അതു പോലെ വീട്ടില്‍ വച്ച് ഭക്തർ ആരാധിക്കുന്ന ഓരോ ഭാവത്തിലും രൂപത്തിലുമുള്ള കൃഷ്ണനും ഓരോ ഫലങ്ങളാണ് ഭക്തർക്ക് സമ്മാനിക്കുന്നത്. എന്താണോ നമ്മുടെ പ്രധാന ആവശ്യം, അതിനൊത്ത രൂപം വീട്ടില്‍ വച്ച് ആരാധിക്കുക:
1 . സർവൈശ്വര്യത്തിന് ഗുരുവായൂരപ്പന്റെ ചിത്രം വച്ച് ആരാധിക്കുക. മന:സമാധാനവും സന്തോഷവും സമ്പൽ സമൃദ്ധിയും ലഭിക്കും.
2 . ശത്രുനിഗ്രഹത്തിന് സുദര്‍ശന രൂപം ധരിച്ച കൃഷ്ണന്റെ ചിത്രം വച്ചാണ് ആരാധിക്കേണ്ടത്.
3 . കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും ലക്ഷ്മീ നാരായണ രൂപമാണ് ഉത്തമം
4 . ദുരിതങ്ങളില്‍ നിന്ന് മോചനം നേടാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഗോവര്‍ദ്ധനധാരിയായ ഭഗവാന്റെ രൂപമാണ് ആരാധിക്കേണ്ടത്.
5 . എത്ര വഴിപാടുകളും ഉപാസനയും നടത്തിയിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയാത്തവർ സന്താനഭാഗ്യം ലഭിക്കുന്നതിന് വെണ്ണ കട്ടുതിന്നുന്ന കണ്ണന്റെ രൂപം വീട്ടിൽ
വച്ച് ഭജിക്കണം.
6. സന്താനങ്ങൾ കാരണമുള്ള വിഷമതകൾ നീങ്ങാൻ ആലിലകണ്ണന്റെയും സന്താനങ്ങളുടെ ആരോഗ്യത്തിന് അകിട്ടില്‍ നിന്നും പാല്‍ കുടിക്കുന്ന കണ്ണന്റെയും ചിത്രം വച്ചാണ് ആരാധിക്കേണ്ടത്.
7 . കുടുംബഐക്യത്തിനും കുടുംബകലഹം ഒഴിവാക്കാനും ഓടക്കുഴലൂതുന്ന കണ്ണന്റെ രൂപമാണ് ആരാധിക്കേണ്ടത്.
8 . ദാമ്പത്യഭദ്രതയ്ക്കും പരസ്പര സ്നേഹവും ആകർഷണവും വശ്യതയും വിശ്വാസവും കൂടുന്നതിനും രാധയും കൃഷ്ണനും ഒന്നിച്ചുള്ള ചിത്രം വച്ച് ഉപാസിക്കുക.
9 . ശത്രുദോഷം മാറാനും സര്‍പ്പദോഷനിവാരണത്തിനും കാളിയമര്‍ദ്ദനത്തിന്റെ ചിത്രം വച്ചാണ് ആരാധിക്കേണ്ടത്.
10 . ദീർഘകാലമായി വിവാഹതടസം നേരിടുന്നത് മാറി പെട്ടെന്ന് മംഗല്യഭാഗ്യത്തിന് രുഗ്മീണീ സ്വയംവരത്തിന്റെ ചിത്രം വച്ച് ആരാധിക്കണം.
11. ദാരിദ്ര്യം ഉണ്ടാവാതിരിക്കാനും കടങ്ങളിൽ നിന്നും ശാശ്വതമായ മുക്തി നേടാനും സുഹൃത്ത് ബന്ധങ്ങള്‍ നിലനിര്‍ത്താനും കുചേലനും കൃഷ്ണനും ഒത്തുള്ള ചിത്രം വച്ച് ആരാധിക്കണം.
12. ജ്ഞാനപുരോഗതിക്കും ശത്രുനാശത്തിനും ആശയക്കുഴപ്പങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനും പാര്‍ത്ഥസാരഥിയുടെ ചിത്രം വച്ചാണ് ആരാധിക്കേണ്ടത്.
പി.എം. ബിനുകുമാർ,
+919447694053
Story Summary: Benefits of worshipping Sreekrishna in different forms at Temple and Home
Copyright 2022 Neramonline.com. All rights reserved