Saturday, 21 Sep 2024

ആദ്യം നവരാത്രി വ്രതം നോറ്റത് ശ്രീരാമൻ

ഈശ്വരന്മാരും ദേവന്മാരും പോലും അനുഷ്ഠിച്ചിട്ടുളള മഹാവ്രതമാണ് അമൃതവർഷിണിയായ  ആദിപരാശക്തിയെ പൂജിക്കുന്ന നവരാത്രി വ്രതം. മഹാവിഷ്ണുവും ശ്രീ പരമേശ്വരനും ബ്രഹ്മാവും മാത്രമല്ല ഇന്ദ്രൻ  തുടങ്ങിയ ദേവന്മാരും ബൃഹസ്പതി,  കശ്യപൻ,  വസിഷ്ഠന്‍, ഭൃഗു തുടങ്ങിയ മഹര്‍ഷിമാരും  നവരാത്രിവ്രതം അനുഷ്ഠിച്ചെന്ന് ദേവീ ഭാഗവതത്തിൽ പറയുന്നു. ഈ പുണ്യ  ഗ്രന്ഥത്തിലാണ്‌ നവരാത്രിയുടെ പ്രാധാന്യം വിസ്തരിച്ച് പ്രതിപാദിക്കുന്നത്. ശ്രീ പരമേശ്വരന്  ത്രിപുരന്മാരെയും  മഹാവിഷ്ണുവിന്  മധു കൈടഭന്മാരെയും വധിക്കാന്‍ സാധിച്ചത് നവരാത്രി വ്രതം നോറ്റ ശേഷമാണ്. ചന്ദ്രന്‍ അപഹരിച്ചു  കൊണ്ടു പോയ ഭാര്യ താരയെദേവഗുരു തിരികെ നേടിയത് നവരാത്രിവ്രതം അനുഷ്ഠിച്ച് ദേവിയെ പ്രീതിപ്പെടുത്തിയാണ്.

ഭൂമിയില്‍  ആദ്യമായി വിധി  പ്രകാരം നവരാത്രി വ്രതം  അനുഷ്ഠിച്ചത്  ശ്രീരാമനായിരുന്നു .രാവണന്‍ അപഹരിച്ചു കൊണ്ടു പോയ സീതയെ വീണ്ടെടുക്കുന്നതിന് ആയിരുന്നു   ശ്രീരാമന്‍ നവരാത്രി വ്രതം  അനുഷ്ഠിച്ചത് . നാരദമുനിയുടെ ഉപദേശപ്രകാരം ശ്രീരാമന്‍ ഒമ്പതു ദിവസവും ഫലമൂലാദികള്‍ മാത്രം ഭക്ഷിച്ച്  വ്രതംഅനുഷ്ഠിച്ചു. ശ്രീരാമന്റെ  ഭക്തിയില്‍ സന്തുഷ്ടയായി കാളികാദേവി ദുര്‍ഗ്ഗാഷ്ടമി നാളില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു.  ദേവിയുടെ അനുഗ്രഹം സിദ്ധിച്ച ശേഷം ശ്രീരാമന്‍ വിജയദശമി നാളില്‍ യുദ്ധത്തിന് ഇറങ്ങി രാവണനെ വധിച്ചു. ഇത്തരത്തിൽ  നവരാത്രി വ്രതം  അനുഷ്ഠിച്ച്  ശത്രുക്കളെ ജയിക്കുകയും രാജ്യം നേടുകയും ദുരിതങ്ങള്‍ അകറ്റുകയും  ചെയ്തതിന് ഉദാഹരണമായി നിരവധി പുരാണ കഥകളുണ്ട്.
ശത്രുനാശമാണ്‌  നവരാത്രി വ്രതാനുഷ്ഠാനത്തിന്റെ  മുഖ്യം ഫലം.പഴയ കാലത്ത്  രാജാക്കന്മാര്‍ വളരെ പ്രാധാന്യത്തോടെ നവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരത്ത് ഇപ്പോഴും നടക്കുന്ന നവരാത്രി പൂജയും മൈസൂരിലെ ദസറ ആഘോഷവും മറ്റും  അതിന്റെ തുടർച്ചയാണ്. തൽഫലമായി  അവര്‍ക്ക് ഒരു വര്‍ഷത്തേക്ക്  ശത്രുരാജാക്കന്മാരുടെഉപദ്രവം ഉണ്ടാകുകയില്ല എന്നാണ് വിശ്വാസം. 

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  അവന്റെ മനസില്‍ തന്നെയുള്ള കാമം, ക്രോധം, ലോഭം, മദം, മാത്സര്യം, മോഹം എന്നിവയാണ്.വേദാന്തത്തില്‍ ഈ ആറ് വികാരങ്ങളെ ഷഡ് വൈരികള്‍ എന്ന് പറയുന്നു. മനസ്സിലെ ഈ വൈരികളുടെ പ്രതിരൂപങ്ങളോ പ്രതിഫലനങ്ങളോ ആയാണ്  ശത്രുക്കൾ ഉണ്ടാകുന്നത്. മനസ്സിലെ ശത്രുക്കളെ ജയിച്ചാല്‍ മനുഷ്യന് ബാഹ്യ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകില്ല. ദേവീ ഭാഗവതത്തിലും ദേവീ മാഹാത്മ്യത്തിലും ഇതിന്റെ ഉദാഹരണമായി സുരഥന്‍ എന്ന രാജാവിന്റെയും സമാധി എന്ന വൈശ്യന്റെയും കഥയുണ്ട്.  സുരഥന്‍ എന്ന രാജാവിന് ശത്രുക്കളുടെ ആക്രമണം മൂലം രാജ്യം നഷ്ടപ്പെട്ടു. ധനവനായ സമാധിയുടെ  ധനമെല്ലാം ഭാര്യയും പുത്രന്മാരും ബന്ധുക്കളും കൂടി അപഹരിച്ചു;   ഗൃഹത്തിന് പുറത്താക്കുകയും ചെയ്തു. ദുഃഖിതരായ  ഇരുവരും  ആകസ്മികമായി സുമേധസ്സ്  മഹര്‍ഷിയുടെ ആശ്രമത്തില്‍ കണ്ടുമുട്ടി. മഹര്‍ഷിയുടെ ഉപദേശ പ്രകാരം അവര്‍ നവരാത്രി വ്രതം അനുഷ്ഠിക്കുകയും ദേവീമാഹാത്മ്യം ഭക്തിയോടെ പാരായണം ചെയ്യുകയും ചെയ്തു. അവരുടെ ഭക്തിയില്‍ സന്തുഷ്ടയായ ദേവി  ഇഷ്ടവരങ്ങള്‍ പ്രദാനം ചെയ്തു.
ദേവിയുടെ അനുഗ്രഹം കൊണ്ട്‌ സുരഥന്‍ തന്റെ ശത്രുക്കളെയല്ലാം ജയിക്കുകയും രാജ്യം വീണ്ടെടുക്കുകയും ചെയ്തു. സമാധി ദേവിയോട് അപേക്ഷിച്ചത് വൈരാഗ്യവും  ജ്ഞാനവുമായിരുന്നു. ദേവി ഇഷ്ടവരം പ്രദാനം ചെയ്തു. അദ്ദേഹം വിരക്തനും ജ്ഞാനിയുമായി. ഇവിടെ സുരഥന്‍ എന്ന രാജാവ്‌ ദേവീഭക്തി കൊണ്ട്   ബാഹ്യ ശത്രുക്കളെ ജയിച്ചതിന്റെയും  സമാധി എന്ന വൈശ്യന്‍ ആന്തരിക ശത്രുക്കളായ കാമം, ക്രോധം മുതലായവയെ ജയിച്ചതിന്റെയും പ്രതീകമാണ്. നവരാത്രികാലത്ത്‌  വ്രതമെടുത്ത് ദേവിയെ പൂജിച്ചാല്‍ മനുഷ്യർക്ക്  ഇത് രണ്ടും സിദ്ധിക്കുമെന്ന്‌ സാരം. 
മത്സ്യ മാംസാദികൾ ത്യജിച്ച് ബ്രഹ്മചര്യം പാലിച്ച് ബാഹ്യ, ആഭ്യന്തര ശുദ്ധിയോടെ രണ്ടു നേരം ദേവീ മന്ത്രങ്ങൾ ഉരുവിട്ട് ദേവീ ക്ഷേത്ര ദർശനം നടത്തി വേണം നവരാത്രി വ്രതമെടുക്കാൻ.ഈ 9 ദിവസവും  പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി വച്ച് ലളിതാസഹസ്രനാമം ജപിക്കണം. ഇതിനൊപ്പം ഓം ഐം ക്ലിം സൗ: ഹ്രീം ഭം ഭദ്രകാളി യൈ നമ: എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കണം. ഇതിലൂടെ ശത്രുദോഷം തീരും, ശാപദോഷം മാറും, കുടുംബത്തിലെ ഭിന്നത അവസാനിക്കും,  രോഗശമനമുണ്ടാകും. തൊഴിൽ രംഗത്തെ തടസം മാറി ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാക്കുന്നതിന് നവരാത്രിയിലെ 9 ദിവസവും 36 പ്രാവശ്യം വീതം നവ മന്ത്രം ജപിക്കണം:

നവ മന്ത്രം

ഓം ഹ്രീം നമ:

ഓം വേദാത്മികായൈ നമ:

ഓം ത്രിശക് ത്യൈ നമ:

ഓം സ്വസ്ഥാ യൈ നമ:

ഓം ഭുവനേശ്വര്യൈ നമ:

ഓം മഹായോഗിന്യൈ നമ:

ഓം സാമ പ്രിയായൈ നമ:

ഓം ത്രികോണ സ്ഥായൈ നമ:

ഓം ത്രിപുരാത്മികായൈ നമ:

ഇത്തവണ 2019 സെപ്തംബർ 29 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷം ഒക്ടോബർ 8 ന് വിജയദശമി നാളിൽ സമാപിക്കും.

– രാജേഷ് പോറ്റി

error: Content is protected !!
Exit mobile version