ആധിവ്യാധികളകറ്റി ഐശ്വര്യവും സമൃദ്ധിയും നേടാൻ ശ്രീകൃഷ്ണന്റെ എട്ട് നാമങ്ങൾ
ജോതിഷരത്നം വേണു മഹാദേവ്
മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ ശ്രീകൃഷ്ണാവതാരത്തെ വിശേഷാൽ ഭജിക്കാൻ ഏറ്റവും ഉത്തമമായ ഒരു ദിവസമാണ് വിഷു. ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമി, ദീപാവലി, ധനുവിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേലദിനം, രോഹിണി നക്ഷത്രം,ബുധനാഴ്ച എന്നീ ദിവസങ്ങളും കൃഷ്ണപൂജയ്ക്ക് സുപ്രധാനമാണ്. ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ ആശ്രിത വാത്സല്യം കാട്ടുന്ന ഒരു മൂർത്തിയില്ല. സങ്കടവുമായി ശ്രീകൃഷ്ണ സവിധത്തിലെത്തുന്ന ആരെയും ഭഗവാൻ കൈവിടില്ല. പാൽപായസവും തൃക്കൈവെണ്ണയും അവിലുമാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ. ദാരിദ്ര്യവും ശത്രുഭയവും ആധിവ്യാധികളും അകറ്റി ഐശ്വര്യവും സമൃദ്ധിയും നേടാൻ താഴെ പറയുന്ന ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് നല്ലതാണ്. ഇവിടെ പറയുന്ന എട്ടു നാമങ്ങളും എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്ന് സന്ധ്യകളിലും യഥാശക്തി ജപിക്കുക. വിഷു തുടങ്ങിയ ശ്രീകൃഷ്ണ പ്രധാനമായ ദിവസങ്ങൾ അഷ്ട നാമങ്ങൾ ജപിച്ചു തുടങ്ങാൻ അത്യുത്തമമാണ്.
അച്യുതം കേശവം വിഷ്ണും
ഹരിം സത്യം ജനാർദ്ദനം
ഹംസം നാരായണം ചൈവ-
മേതന്നാമഷ്ടകം പഠേത്
ത്രിസന്ധ്യാ യ: പഠേന്നിത്യം
ദാരിദ്ര്യം തസ്യ നശ്യതി
ശത്രുസൈന്യക്ഷയം യാതി
ദു:സ്വപ്നം സുഖദോ ഭവേത്
ഗംഗായാം മരണം ചൈവ
ദൃഢാഭക്തിസ്തു കേശവേ
ബ്രഹ്മവിദ്യാ പ്രബോധം ച
തസ്മാന്നിത്യം പഠേന്നര:
അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദനൻ, ഹംസം (ആത്മാവ്), നാരായണൻ എന്നിങ്ങനെയുള്ള എട്ട് നാമങ്ങളും ചൊല്ലണം.
മേൽപ്പറഞ്ഞ എട്ടുനാമങ്ങളും മൂന്നു സന്ധ്യയിലും ജപിക്കുന്നപക്ഷം ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതാകും. മാത്രമല്ല, ദു:സ്വപ്നം പോലും ശുഭകരമായി
പരിണമിക്കും.
ശ്രീകൃഷ്ണ ഭഗവാനിൽ ഉറച്ച ഭക്തിയുണ്ടാവുകയും ഗംഗയിൽ മരിച്ചാലുള്ള പുണ്യം സിദ്ധിക്കുകയും ചെയ്യും. കൂടാതെ ബ്രഹ്മവിദ്യാലാഭവുമുണ്ടാകും. അതിനാൽ ഈ സ്‌തോത്രം എന്നും ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559