Wednesday, 3 Jul 2024

ആപത്തുകളെല്ലാം അകറ്റുന്ന ദേവീമാഹാത്മ്യം സ്ത്രീകൾ ജപിച്ചാൽ ഇരട്ടി ഫലം കിട്ടും

മംഗള ഗൗരി
ദേവീമാഹാത്മ്യം സാധാരണ അർത്ഥത്തിലുള്ള ഒരു പുസ്തകം മാത്രമല്ല. അത് പരമമായ വിദ്യയുടെ മൂർത്തീ രൂപമാണ്; അഥവാ വിദ്യതന്നെയാണ് ; ജഗദംബികയായ സാക്ഷാൽ ശ്രീ മഹാദേവി തന്നെയാണ്. പരാശക്തിയായ ദേവി തന്നെ ആയതിനാൽ ദേവീമാഹാത്മ്യം പരായണം ചെയ്യുന്നവർക്ക് ജീവിത ദുരിതക്ഷയവും മന:ശാന്തിയും സമാധാനവും ആഗ്രഹനിവൃത്തിയും ഒടുവിൽ പരമമായ മോക്ഷവും ലഭിക്കും. ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാ: എന്നാണ് ആചാര്യവചനം.
ആപത്ത് നേരിടുമ്പോൾ പരാശക്തിയുടെ പാദങ്ങളെ അഭയം പ്രാപിക്കുകയാണ് വേണ്ടത് എന്നാണ് ഇതിന്റെ അർത്ഥം. പരാശക്തിയുടെ പാദപദ്മങ്ങൾ എപ്പോഴും മനസ്സിലേറ്റി ജീവിച്ചാൽ ഒരു കവചമായി ദേവി നമ്മുടെ കൂടെയുണ്ടാകും. ആരോഗ്യവും സമ്പത്തും സന്തോഷവും അനുഭവിക്കുന്ന കാലത്തുതന്നെ ദേവീ ഭജനം നിത്യവും പതിവാക്കിയാൽ ആപത്തുകളെല്ലാം അകറ്റപ്പെടും.

ഈശ്വരചിന്ത, ഭക്തി, മന:ശുദ്ധി എന്നിവയുള്ള ആർക്കും എന്നിവയുള്ള ആർക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം. അന്യരുടെ ഗുണങ്ങളും നന്മകളും കണ്ടെത്താൻ ശ്രമിച്ചും മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്ത വളർത്തിയും എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ അംശങ്ങളാണെന്ന സത്യം ഉറപ്പിച്ചും മന:ശുദ്ധി നേടാം. ഈശ്വര സ്തുതികൾ, പുരാണ കഥകൾ എന്നിവ ജപിച്ചും ശ്രവിച്ചും മന:ശുദ്ധി വളർത്താം.

സ്ത്രീകൾക്ക് ദേവീമാഹാത്മ്യം പാരായണത്തിൽ യാതൊരുവിധമായ പരിമിതകളോ നിയന്ത്രണങ്ങളോ ഇല്ലെന്നുമാത്രമല്ല അവരുടെ പാരായണത്തിന് കൂടുതൽ വൈശിഷ്ട്യവും പ്രസക്തിയുമുണ്ട്. കാരണം ഒരോ സ്ത്രീയും ദേവിയുടെ അംശജാതരാണ് എന്നാണ് സങ്കല്പം. ഗൃഹലക്ഷ്മികൾ എന്നാണ് സ്ത്രീകളെ പറയുക. സ്ത്രീകൾ ദേവിയുടെ അംശങ്ങൾ തന്നെയാണെന്നാണ് ദേവീഭാഗവതത്തിലും പറയുന്നുണ്ട്. പരാശക്തിയും ജഗദംബയുമായ ദേവിയുടെ അംശജാതകളായതിനാൽ സ്ത്രീകളിൽ മാതൃഭാവം സഹജമായി കുടികൊള്ളുന്നു. ദേവീമാഹാത്മ്യ പാരായണത്തിലൂടെ മാതൃഭാവം കൂടുതൽ പുഷ്ടിപ്പെടും. അത് അവർക്ക് മാത്രമല്ല കുടുംബത്തിനും ഐശ്വര്യദായകവും അനുഗ്രഹദായകവുമായി മാറുന്നു. പുരുഷന്മാരുടെ പാരായണത്തെക്കാൾ സ്ത്രീകളുടെ ദേവീമാഹാത്മ്യം പാരായണം ഫലപ്രാപ്തിയിൽ ഒരു പടി എങ്കിലും മുന്നിലാണ്. സ്ത്രീകളുടെ ദേവീ മാഹാത്മ്യം പാരായണത്തിന് വൈശിഷ്ട്യം കൂടുമെന്ന് ആചാര്യന്മാർ പറയുന്നത് അതുകൊണ്ടാണ്.

ദുരിതങ്ങളുടെ കാലത്താണ് ഇന്നു സ്ത്രീകളേറെയും ജീവിക്കുന്നത്. കുടുംബപാലനത്തിന് പുറമേ ഉദ്യോഗ നിർഹണം എന്ന ചുമതലയും വലിയൊരു വിഭാഗം സ്ത്രീകൾ നിറവേറ്റുന്നു. ഇത് സ്വാഭാവികമായും അവരെ തിരക്കേറിയവരാക്കുന്നു . പ്രാർത്ഥനയ്ക്ക് പോലും സമയം കിട്ടാത്ത വിധത്തിലാണ് ഇന്ന് അവരുടെ ജീവിതം.
അതുകൊണ്ടാണ് ദേവീ മാഹാത്മ്യത്തിലെ സർവ മംഗള മംഗല്യേ എന്ന് തുടങ്ങുന്ന ശ്ലോകം മാത്രം ജപിച്ചാലും അവർക്ക് ഗ്രന്ഥം മുഴുവൻ വായിച്ച ഫലം കിട്ടും എന്ന്
പറയുന്നത്.

ദുരിതങ്ങളും അരക്ഷിതാവസ്ഥകളും ഒഴിയാത്ത ഇക്കാലത്ത് ദേവീമാഹാത്മ്യം സ്ത്രീകൾക്ക് ശരിയായ അഭയവും സുരക്ഷയും സാന്ത്വനവും തന്നെയാണ്. എല്ലാ ബാധകളെയും അകറ്റുന്ന എല്ലാ ദു:ഖങ്ങളിലും ആശ്വാസമേകുന്ന ദേവീമാഹാത്മ്യം ജീവിതത്തിന്റെ ഭാഗമാക്കിയാൽ സന്തതസഹചാരിയാക്കിയാൽ അത് സ്ത്രീകൾക്കു നൽകുന്ന ആശ്വാസവും അനുഗ്രഹവും ഒന്നു വേറെ തന്നെയാകും.

ദേവീമാഹാത്മ്യം സ്ത്രീകൾക്ക് നിത്യവും പാരായണം ചെയ്യുന്നതിന് സമയക്കുറവും പ്രായോഗികമായ ബുദ്ധിമുട്ടും ഉണ്ടെങ്കിൽ പതിനൊന്നാം അദ്ധ്യായത്തിലെ നാരായണി സ്തുതി മാത്രമായി നിത്യവും പാരായണം ചെയ്യാം. യാത്രാവേളകളിലെ രക്ഷയ്ക്കും ഭർത്താവിന്റെയും മക്കളുടെയും രക്ഷയ്ക്കുമായി നാലാം അദ്ധ്യായത്തിലെ 23,24 ശ്ലോകങ്ങൾ (ശൂലേന പാഹിനോ ദേവി…. മുതൽ …. തഥേശ്വരിവരെ) മനസ്സിൽ നിരന്തരം ജപിക്കാം. സർവ്വമംഗളമംഗല്യേ… എന്ന ശ്ലോകം കഴിയുന്നത്ര തവണ നിത്യവും ജപിക്കുന്നത് തന്റെയും കുടുംബത്തിന്റെയും ശ്രേയസ്സിന് ഉത്തമമാണ്. അഞ്ചാം അദ്ധ്യായത്തിലെ നമോ ദേവ്യൈ, മഹാദേവ്യൈ… എന്നു തുടങ്ങുന്ന സ്തുതി ജപിക്കുന്നതും അതിന്റെ പൊരുളും അർത്ഥതലവും ചിന്തിക്കുന്നതും സ്ത്രീകൾക്ക് ബുദ്ധി വികസിക്കുന്നതിനും മന:ശാന്തിക്കും സഹായകമാണ്.

ആർത്തവകാലത്തും പുലവാലായ്മ കാലത്തും ജപം, സ്തുതി എന്നിവ നടത്താതിരിക്കുന്നത് ഒരിക്കലും വ്രതഭംഗമായി കണക്കാക്കില്ല എന്നാണ് ആചാര്യമതം. അതിനാൽ, ദേവീമാഹാത്മ്യം നിത്യോപാസന നടത്തും എന്നു നിശ്ചയിച്ച ഒരു സ്ത്രീ പ്രസ്തുത സമയങ്ങളിൽ ഉപാസന നിർത്തിവച്ചാൽ അത് നിത്യോപാസനായുടെ മുടക്കം ആകില്ല.

Story Summary: Significance and divinity of Devi Mahathmyam : Benefits of recitation

error: Content is protected !!
Exit mobile version