Sunday, 6 Oct 2024

ആപത്തുകൾ അകറ്റാനും
ദീർഘായുസിനും ഇത് ജപിക്കാം

മംഗള ഗൗരി
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. യജുർവേദം മൂന്നാം അദ്ധ്യായത്തിലെ അറുപതാം മന്ത്രമായ ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം വർദ്ധിപ്പിക്കാൻ പാകത്തിലുള്ളതാണ്. ഇതു ദിവസവും ജപിക്കുന്നത്‌ നന്നായിരിക്കും. വളരെയധികം ശക്തിയുള്ള മന്ത്രമായതിനാൽ ജപിക്കുന്നവർ ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. ഈ മന്ത്രത്തിന്റെ ഋഷി വസിഷ്ഠൻ. ദേവത രുദ്രൻ. ഛന്ദസ്സ് ത്രിഷ്ടുപ്പ്.

ദീർഘായുസ്സ് ലഭിക്കും എന്നതാണ് ഈ മന്ത്രത്തിന്റെ ഫലസിദ്ധിയിൽ പറയുന്നത്. ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഈ ശരീരത്തില്‍ നിന്നും സ്വാഭാവികമായി സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് ഈ
മന്ത്രത്തിൽ പ്രാര്‍ത്ഥിക്കുന്നത്‌. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. വെള്ളരി വള്ളിയിൽ നിന്നും വേർപെടും പോലെ, തികച്ചും സ്വാഭാവികവും സഹജവുമായ മരണമേ തനിക്ക് സംഭവിക്കാവൂ എന്നത്രേ ഇതിന്റെ ആശയം. അതായത് അകാലമൃത്യു, അപകട മരണം, അവിചാരിത മരണം തുടങ്ങിയവ ആപത്തുകളും ആധിവ്യാധികളും സംഭവിക്കരുത് എന്ന് പ്രാർത്ഥന.

ധ്യാനം
നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോ നമഃ
ശങ്കര പാര്‍വതിഭ്യാം

മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

അർത്ഥം
ഓം = ഓംകാരം, പ്രണവമന്ത്രം

ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ

യാജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു

സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്

ഉർവാരുകം= തണ്ണിമത്തൻ, പൂഷണിക്ക

ഇവ = പോലെ

ബന്ധനാന് = ബന്ധനത്തിൽ നിന്ന് (തണ്ണിമത്തൻ അതിന്റെ തണ്ടിൽ നിന്നും വേർപ്പെടും പോലെ, നിഷ്പ്രയാസം എന്നർത്ഥം – ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കുന്നു)

മൃത്യോഃ = മരണത്തിൽ നിന്ന്

മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

മാ = അല്ല

അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
(മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽ നിന്നല്ല)….

ഫലം, മന്ത്രസിദ്ധി
ആയുർബലം വർദ്ധിപ്പിക്കാൻ എല്ലാവരും മൃത്യുഞ്ജയ മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ് ജാതകദോഷം,
ഗോചരാലുള്ള ദോഷങ്ങൾ, ആധികൾ തുടങ്ങിയവയാൽ മനസ് ചഞ്ചലമാകുന്നവർക്ക് നിരന്തരമായ മൃത്യുഞ്ജയ മന്ത്രം എല്ലാം കൊണ്ടും രക്ഷയാണ്. മൃത്യുവിന്റെ നടത്തിപ്പുകാരയ യമദേവനെയും വരുതിക്ക് നിറുത്തുന്ന ശിവ ഭഗവാനിൽ അഭയം പ്രാപിക്കുകയാണ് മൃത്യുഞ്ജയ
മന്ത്രത്തിലൂടെ ചെയ്യുന്നത്. ഈ മന്ത്രം ഉപയോഗിച്ച് പുഷ്പാഞ്ജലിയും പൂജയും ഹോമവുമെല്ലാം നടത്താറുണ്ട്. രോഗശാന്തിക്കായി പരക്കെ നടത്തുന്ന മൃത്യുഞ്ജയ ഹോമം പ്രസിദ്ധമാണ്. ഇതിന്റെ ധ്യാനം ജപിക്കുകയും
മൂലമന്ത്രം ജപിച്ച് കൂവളക്കായ്, പായസം, എള്ള്, പാൽ, നെയ്, കറുക, തൈര്, പ്ലാശിൻ ചമത, പേരാൽ ചമത, കരിങ്ങാലിച്ചമത എന്നീ ദശദ്രവ്യങ്ങൾ ഓരോന്നും 1000 പ്രാവശ്യം വീതം ഹോമിക്കുകയും ചെയ്താൽ മന്ത്രസിദ്ധി നേടാം എന്ന് കരുതുന്നു.

Story Summary: Significance of Maha Mrityunjay Mantra


error: Content is protected !!
Exit mobile version