ആപത്തുകൾ നശിപ്പിച്ച് ആഗ്രഹം സഫലമാക്കും ദേവീമാഹാത്മ്യം
മംഗള ഗൗരി
അഭീഷ്ടങ്ങൾ സാധിക്കുന്നതിനും ജീവിതദു:ഖങ്ങൾ അകറ്റി മന:സമാധാനം നേടുന്നതിനും ആർക്കും സ്വീകരിക്കാവുന്ന കർമ്മമാണ് പരാശക്തി ഉപാസനയായ ദേവീമാഹാത്മ്യം പാരായണം. ജംഗദംബികാദേവിയിലുള്ള ഭക്തിയും മന:ശുദ്ധിയും ശരീരശുദ്ധിയും മാത്രമാണ് ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതിനുള്ള യോഗ്യത.
ഇതിന് ഗുരുപദേശം വേണമെന്നില്ല. ദേവി തന്നെയാണ് സാക്ഷാൽ ഗുരു. അതിനാൽ ദേവിയെ ഗുരുവായി സങ്കല്പിക്കാം. ദേവീമാഹാത്മ്യത്തിലൂടെ ആര് എന്നെ എന്നും മനസ്സടക്കി സ്തുതിക്കുന്നുവോ അവരുടെ എല്ലാ ആപത്തുകളെയും ഞാൻ തീർച്ചയായും നശിപ്പിക്കുമെന്ന് ദേവി തന്നെ ദേവീമാഹാത്മ്യത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. ഏകാഗ്ര ഭക്തിയോടെ വേണം ദേവീമാഹാത്മ്യ
പാരായണം. വായിക്കുന്ന കഥാസന്ദർഭം മനസ്സിൽ കാണാൻ കൂടി ശ്രമിക്കണം. അർത്ഥം അറിഞ്ഞാൽ കഥാസന്ദർഭം മനസ്സിൽ കാണാം. ദേവീമാഹാത്മ്യത്തിലെ ഒരൊറ്റ ചരിതം മാത്രമേ പാരായണം ചെയ്യാൻ സൗകര്യമുള്ളൂവെങ്കിൽ അത് മദ്ധ്യമചരിതമായിരിക്കണം. ഒരൊറ്റ അദ്ധ്യായമേ പാരായണം ചെയ്യാൻ കഴിയുന്നുള്ളൂ എങ്കിൽ അത് 11-ാം അദ്ധ്യായമായിരിക്കണമെന്നും ഒരൊറ്റ ശ്ലോകമേ ജപിക്കാൻ കഴിയൂവെങ്കിൽ അത് 11-ാം അദ്ധ്യായത്തിലെ നാരായണീ സ്തുതിയിലടങ്ങിയ സർവ്വമംഗളമംഗല്യേ…. എന്ന ശ്ലോകമായിരിക്കണമെന്നും പ്രമാണമുണ്ട്.
ദേവീമാഹാത്മ്യത്തിലെ പ്രഥമചരിതം മഹാകാളിയുടെയും മദ്ധ്യമചരിതം മഹാലക്ഷ്മിയുടെയും ഉത്തമചരിതം മഹാസരസ്വതിയുടെയും തത്ത്വങ്ങളാണ് തെളിക്കുന്നത്.
ഈ മൂന്നു തത്ത്വങ്ങളും ഉൾക്കൊള്ളാനുള്ള യത്‌നം ദേവീമാഹാത്മ്യം സാധനചെയ്യുന്നവർ നടത്തേണ്ടതാണ്. അതിന് ശാരീരികവും മാനസികവുമായ നവീകരണവും ശുദ്ധീകരണവും വേണം. ക്രമാനുഗതമായി ഇത് കൈവരുന്നതനുസരിച്ച് ദേവീമാഹാത്മ്യപാരായണം കൂടുതൽ ശുഭാനുഭവങ്ങൾ നൽകും.
ബലവും കെല്പും നേടി ഔന്നത്യം പ്രാപിക്കുവാനുള്ള ആഗ്രഹമാണ് മഹാകാളീതത്ത്വം. വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും സർവ്വത്ര
ഭംഗിയും ആകർഷണീയതയുമാണ് മഹാലക്ഷ്മിയുടെ പ്രഭാവം. മഹാസരസ്വതി കർമ്മസാമർത്ഥ്യത്തിന്റെയും ഗുണത്തിന്റെയും വ്യവസ്ഥയുടെയും പ്രതീകമാണ്. ഓരോ കാര്യത്തെയും സംബന്ധിച്ച ശാസ്ത്രം, കൗശലം ശുഷ്‌കാന്തി, സമർത്ഥമായ നിർവഹണം എന്നിവ മഹാസരസ്വതിയുടെ അധികാരത്തിൽ വരുന്നവയാണ്.
നവരാത്രി കാലത്ത് അടിസ്ഥാനപരമായി ഈ
ത്രിദേവികളെയാണ് ഉപാസിക്കുന്നത്.
Story Summary: Divinity of sacred text Durga Sapthasati popularly known as Devi Mahatmyam, chanted during the worship of The Divine Mother