Monday, 8 Jul 2024

ആപത് മുക്തിയേകും ചെട്ടികുളങ്ങര ദേവിക്ക് കെട്ടുകാഴ്ച ഇല്ലാതെ കുംഭഭരണി

രാജേഷ് ചെട്ടികുളങ്ങര


ചരിത്രത്തിലാദ്യമായി ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ കെട്ടുകാഴ്ച ഇല്ലാതെ കുംഭഭരണി മഹോത്സവം ഫെബ്രുവരി 18 ന് നടക്കും. 13 കരക്കാർ നിർമ്മിച്ച് ചെട്ടികുളങ്ങര ഭഗവതിക്ക് തിരുമുൽക്കാഴ്ച സമർപ്പിക്കുന്ന കെട്ടുകാഴ്ച ഒഴിവാക്കി ഉത്സവം നടത്തുന്നത് കോവിഡ് മഹാമാരി കാരണമാണ്.

കുംഭഭരണി ദിവസം ക്ഷേത്രത്തിൽ സാധാരണ ക്ഷേത്രത്തിൽ നടത്തുന്ന മറ്റെല്ലാ ആചാര ചടങ്ങുകളും നടക്കും. കെട്ടുകാഴ്ചയ്ക്ക് പകരം പതിമൂന്ന് കരക്കാരും അവരുടെ ക്രമം പോലെ തന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഭഗവതിക്ക് തിരുമുൽക്കാഴ്ച സമർപ്പിക്കും. രണ്ടു കുത്തിയോട്ടം മാത്രമേ ഇത്തവണ ഉണ്ടാകൂ. പന്തളം, ചെട്ടികുളങ്ങര കൈത തെക്ക് എന്നിവിടങ്ങളിലാണ് ഈ കുത്തിയോട്ടം.
കുംഭരണി ദിവസം ഭഗവതിയുടെ തിരുമുൻപിൽ വേലകളിയും കുംഭഭരണി എഴുന്നള്ളത്തും നടക്കും.
ക്ഷേത്രം പൂർണ്ണമായും പൂക്കളാൽ അലങ്കരിക്കും.
ക്ഷേത്രം പരിസരത്ത് ഒരു സമയം 200 പേർക്ക്
മാത്രമാണ് നിൽക്കാൻ അനുമതി. കുംഭഭരണി ദർശനത്തിന് എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും ഫോൺ നമ്പറുകൾ ശേഖരിക്കുകയും ചെയ്യും.

ഉത്സവത്തോട് അനുബന്ധിച്ച് പതിവുള്ള അന്നദാനം, കുതിരമൂട്ടിൽ കഞ്ഞി, താൽക്കാലിക കച്ചവടങ്ങൾ, വഴിയോര കച്ചവടങ്ങൾ എന്നിവ ഉണ്ടാകില്ല. കുത്തിയോട്ട വഴിപാട് നടക്കുന്ന വീടുകളിലും ആൾക്കൂട്ടം, അന്നദാനം, ആഘോഷം എന്നിവ ഉണ്ടാകില്ല. ഉത്സവഭാഗമായി അലങ്കാര ഗോപുരങ്ങൾ, കെട്ടുകാഴ്ചകൾ എന്നിവ നിർമ്മിക്കാനും ക്ഷേത്രത്തിലേക്ക് കൊണ്ടു വരാനും പാടില്ല. 13 കരക്കാരുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷൻ, ജനപ്രതിനിധികൾ തുടങ്ങിയവർ ജില്ലാ കലക്ടറുമായി കൂടിയാലോചിച്ചാണ് ഇത്തവണത്തെ ഉത്സവ നടത്തിപ്പ് ക്രമീകരണങ്ങൾ നിശ്ചയിച്ചത്.

ക്ഷേത്രാവകാശികളായ പതിമൂന്നു കരക്കാർ എല്ലാ വർഷവും ശിവരാത്രി മുതൽ കൈമെയ് മറന്ന് അദ്ധ്വാനിച്ചാണ് മാനം മുട്ടെ ഉയരുന്ന കെട്ടുകാഴ്ചകൾ തീർത്ത് ഭഗവതിക്ക് സമർപ്പിക്കുന്നത്. ഇതാേടൊപ്പം അനുഷ്ഠാനപരമായ പ്രാധാന്യമുള്ള കുത്തിയോട്ടം, വിവിധ നിശ്ചലദൃശ്യങ്ങൾ മുത്തുക്കുടകൾ, വാദ്യമേളങ്ങൾ എന്നിവയും പതിവായിരുന്നു. മനം നൊന്ത് വിളിക്കുന്ന ഭക്തരെ അതിവേഗം അനുഗ്രഹിക്കുന്ന ഇഷ്ടവരദായിനിയായ
ചെട്ടികുളങ്ങര ഭഗവതിയുടെ സന്നിധി ആലപ്പുഴ
ജില്ലയിൽ കായംകുളത്തിനും മാവേലിക്കരയ്ക്കും മദ്ധ്യേയാണ്. കൊടുങ്ങല്ലൂർ ഭഗവതിയുടെ അംശമാണ് ചെട്ടികുളങ്ങര അമ്മ. എന്നാണ് വിശ്വാസം.

സന്താനഭാഗ്യം, കഠിനരോഗശമനം, സർവ്വ ഐശ്വര്യ ലബ്ധി, ആപത് മുക്തി, ദുരിത ശമനം തുടങ്ങിയ
എല്ലാ ആവശ്യങ്ങൾക്കും ഉത്തമമായ കുത്തിയോട്ടം
വഴിപാട് ഇത്തവണ ചടങ്ങിന് മാത്രമായത് ഭക്തരെ
കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. എന്നാലും
ഭക്തലക്ഷങ്ങൾക്ക് അഭയാംബികയുടെ
കൃപാകടാക്ഷത്തിന് യാതൊരു കുറവും ഉണ്ടാകില്ല.

-രാജേഷ് ചെട്ടികുളങ്ങര


error: Content is protected !!
Exit mobile version