ആയില്യം, ആമലകി ഏകാദശി, പ്രദോഷം, മീനപ്പൂരം ; ഈ ആഴ്ചയിലെ നക്ഷത്രഫലം
(2024 മാർച്ച് 17 – 23 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2024 മാർച്ച് 17 ന് മിഥുനക്കൂറിൽ മകയിരം നക്ഷത്രം മൂന്നാം പാദത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മീനമാസ ആയില്യം, ആമലകി ഏകാദശി, പ്രദോഷ വ്രതം, മീനപ്പൂരം, പൂരം ഗണപതി എന്നിവയാണ്.
മാർച്ച് 20 ബുധനാഴ്ചയാണ് ആമലകി ഏകാദശി . 21 ന് കുംഭമാസ ആയില്യമാണ്. 22 നാണ് പ്രദോഷ വ്രതാചരണം. 23 നാണ് മീനപ്പൂരവും പൂരം ഗണപതിയും. ശ്രീമഹാവിഷ്ണു നെല്ലിമരത്തിൽ വസിക്കുന്നു എന്ന സങ്കല്പത്തിലാണ് ആമലകി ഏകാദശി ആചരിക്കുന്നത്. ദശമിയിൽ ഒരിക്കൽ എടുത്ത്, ഏകാദശി ദിനത്തിൽ ഉപവസിച്ച്, ഹരിവാസര വേളയിൽ വിഷ്ണു നാമജപത്തിൽ മുഴുകി, ദ്വാദശി രാവിലെ പാരണ വിടാം. ഹരിവാസര വേള : 20 ന് രാത്രി 7:55 നും 21 ന് രാവിലെ 7 മണിക്കും മദ്ധ്യേയാണ്. കുംഭമാസത്തിലെ ആയില്യം വ്യാഴാഴ്ചയാണ്. മാർച്ച് 22 നാണ് കുംഭത്തിലെ വെളുത്ത പ്രദോഷ വ്രതം. ശിവപാർവതിമാർ ഏറെ പ്രസന്നരാകുന്ന കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയാണ് പ്രദോഷ പൂജ. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് സർവാനുഗ്രഹദായകമാണ്. ശനിയാഴ്ചയാണ് മീനപ്പൂരം. ഗണപതിക്കും ശിവ പാർവ്വതിമാർക്കും കാമദേവനും വിശേഷമാണ് മീന മാസത്തിലെ പൂരം നക്ഷത്രം. കാമദേവന്റെ ഉത്സവം കൂടിയായ മീനപ്പൂരാചരണം നല്ല വിവാഹം
ലഭിക്കുന്നതിനും ദാമ്പത്യ ബന്ധം നിലനിറുത്തുന്നതിനും ഏറെ നല്ലതാണ്. മീനപ്പൂരം നാളിൽ വ്രതമെടുക്കുന്നതും കാമദേവന് പുനർജന്മം നൽകാൻ ശിവനെ സമീപിച്ച ദേവിയെ പൂജിക്കുന്നതും വിവാഹതടസ്സം നീങ്ങുന്നതിനും ഇഷ്ടവിവാഹലബ്ധിക്കും കാര്യവിജയത്തിനും ഗുണം ചെയ്യും. ഗണപതി ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന ഈ വിശേഷദിവസം വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. 23 ന് പൂരം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം :
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തിക ബാധ്യതകൾ തീർക്കും. ചെലവുകൾ കൂടും. മനസികമായ അസ്വസ്ഥതകൾ ഉണ്ടാകും. തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. സംയമനം പാലിക്കണം. ചെലവ് നിയന്ത്രിക്കണം. ജോലിക്കൊപ്പം സാമൂഹിക രംഗത്ത് കൂടുതൽ സജീവമായി പങ്കെടുക്കും. തീർത്ഥാടനത്തിന് പോകും. സ്വയംവിശകലനം ചെയ്യാൻ അവസരം ലഭിക്കും. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടുമ്പോൾ സൂക്ഷിക്കണം. മത്സരപരീക്ഷയിൽ മികച്ച ഫലം കിട്ടും. ജോലിയിൽ ചില പ്രശ്‌നങ്ങൾക്ക് സാധ്യത. ഓം നമഃ ശിവായ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ദുശീലങ്ങൾ മാറ്റാൻ ശ്രമിക്കും. എതിർലിംഗത്തിലെ ഒരു വ്യക്തിയോട് കൂടുതൽ ആകർഷണം അനുഭവപ്പെടും. വളരെയധികം പണം ചെലവഴിക്കും. അമിതജോലി കാരണം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളാകും. അവിവാഹിതർ അവരുടെ മനസ്സിന് ഇണങ്ങിയ വ്യക്തിയെ കണ്ടുമുട്ടും. ദേഷ്യവും പരുഷമായ സംസാരവും ദോഷം ചെയ്‌തേക്കാം. വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെടും. ഭാവിയിൽ വരാനിടയുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിന് ഒരുങ്ങും. ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിന്നും ലാഭം കൊയ്യും. സാംസ്കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും.
പുതിയ സ്കീമുകളിൽ പണം നിക്ഷേപിക്കുന്നതിന് ഈ സമയം വളരെ നല്ലതാണ്. വാഹനം ഓടിക്കുന്നവരെ അശ്രദ്ധ ദോഷകരമായി ബാധിക്കും. കുടുംബത്തിൽ ഒരു വിവാഹം അല്ലെങ്കിൽ ഒരു കുട്ടിയുടെ ജനനത്തിന് സാധ്യത കാണുന്നു. പങ്കാളിയുടെ നിഷ്കളങ്കമായ ഒരു ആവശ്യം നിറവേറ്റാൻ മടി കാണിക്കരുത്. ജോലിക്കയറ്റം ലഭ്യമാകും. ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
സാമ്പത്തികമായി സമയം വളരെ ശുഭകരമായിരിക്കും. വരുമാനം വർദ്ധിപ്പിക്കാൻ മികച്ച അവസരം ലഭിക്കും. സഹോദരങ്ങൾക്ക് അവരുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വളരെക്കൂടുതൽ വിജയം നേടാൻ കഴിയും. ജോലി അന്വേഷിക്കുന്നവർക്ക്, ജോലി ലഭിക്കാനുള്ള സാധ്യതകൾ തെളിയും. ജോലി ചെയ്യുകയാണെങ്കിൽ ഈ സമയത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു. ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ കഴിയും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഏതെങ്കിലും കടങ്ങൾ തിരിച്ചടയ്ക്കാനും കഴിയും. മികച്ച ആരോഗ്യം ലഭിക്കും. സുപ്രധാന കാര്യങ്ങളിൽ കുടുംബത്തിന്റെ പിന്തുണ ലഭിക്കില്ല. ഏകാന്തത അനുഭവപ്പെടും. അതിൽ നിന്ന് മോചനം നേടാൻ വഴികൾ ആലോചിക്കും. ഏത് ഇരുട്ടിലും പ്രകാശമാകാൻ കഴിയുന്ന ഒന്നാണ് സ്നേഹം എന്ന് തിരിച്ചറിയും. ജോലിയുമായി ബന്ധപ്പെട്ട യാത്രയിൽ നല്ല ഫലങ്ങൾ ലഭിക്കും. പ്രണയം പൂവണിയും. നിത്യവും ആദിത്യ ഹൃദയം, ഓം നമഃ ശിവായ എന്നിവ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കണം. പതിവായി ധ്യാനവും യോഗയും ചെയ്യുക. മാതാപിതാക്കളുടെ സഹായത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്തുവരാൻ കഴിയും. പഴയ സുഹൃത്തുക്കൾ ഒത്തുചേരും. വിരുന്നിൽ പങ്കെടുക്കും. മറ്റൊരാളുടെ ഇടപെടൽ കാരണം ദാമ്പത്യ ബന്ധത്തിൽ അകൽച്ച ഉണ്ടാകാം. രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കും. അറിവ് വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കും.
ദിവസവും ഓം നമോ നാരായണായ ജപിക്കണം.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
നല്ല ജീവിതചര്യ പരിപാലിക്കുന്നതിനും നല്ല ആരോഗ്യം നിലനിർത്തുന്നതിനും കഴിയും. സാമ്പത്തികമായി ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. മക്കൾ കാരണം സന്തോഷിക്കും. കുടുംബാംഗങ്ങളുമായി ഒരു തീർത്ഥാടനത്തിന് പോകും. ആശയവിനിമയശേഷി കുറച്ചുകൂടി വർദ്ധിപ്പിക്കാൻ നോക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തെറ്റുകൾ വരുത്താം.
നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട)
ജീവിതപങ്കാളിയിൽ നിന്ന് ഒരു സന്തോഷവാർത്ത കേൾക്കും. ജോലിയിൽ അർഹമായ ഒരു പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ബന്ധങ്ങളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർക്ക് മികച്ച ലാഭം നേടാൻ കഴിയും. വ്യാപാരം വിപുലീകരിക്കും. മനസ്സിൽ സങ്കടവും വിഷാദവും ഉണ്ടാകാം. ധനം നല്ല പദ്ധതിയിൽ നിക്ഷേപിക്കുന്നതിന് പറ്റിയ സമയമാണ്. പഴയ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. ദിവസവും നരസിംഹഭഗവാനെ ആരാധിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
കുടുംബവുമായി ബന്ധപ്പെട്ട ഭൂമിയിൽ നിന്നോ സ്വത്തിൽ നിന്നോ പെട്ടെന്ന് പണം നേടാനുള്ള സാധ്യത കാണുന്നു, അമിതമായി ആവേശം കാണിച്ച് കുഴപ്പമുണ്ടാക്കരുത്. സർക്കാറിൽ നിന്ന് കിട്ടാനുള്ള പണം ലഭിക്കും. വീട്ടിലെ മുതിർന്നവരുടെ ഉപദേശത്തിന് പരിഗണന നൽകണം. പങ്കാളിയെക്കുറിച്ച് മനസ്സിൽ ഒരു സംശയം ഉണ്ടാകാം. പിന്നീട് അതോർത്ത് ദു:ഖിക്കേണ്ടി വരും. കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ഔദ്യോഗികമായി ബാധിക്കാം. ഭാഗ്യം നിങ്ങൾക്ക് അനുകൂലമാകും. ഓർമ്മശക്തി കൂടും. നിത്യവും ഓം ശരവണ ഭവഃ 108 ഉരു വീതം ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
മറ്റുള്ളവരെ വിമർശിക്കുന്നതിന് സമയവും ഊർജ്ജവും പാഴാക്കുന്നത് ഒഴിവാക്കണം. ക്രിയാത്മകമായി ചിന്തിക്കുകയും സംഭാഷണത്തിൽ മാധുര്യം പകരുകയും ചെയ്യുക. സാമ്പത്തിക സ്ഥിതി വഷളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക സമ്മർദ്ദം വർദ്ധിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിറവേറ്റും. കുടുംബവുമായി ബന്ധപ്പെട്ട ചുമതല കൂടും. ഒരു കാര്യവും പിന്നെത്തേയ്ക്ക് മാറ്റിവെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിദേശയാത്രാ തടസ്സങ്ങൾ മാറും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ചെറിയ കാര്യങ്ങൾ കൂടുതൽ ചിന്തിച്ചും പറഞ്ഞും വൻ വിവാദമായി മാറ്റുന്നതിന് സാധ്യതകൾ കാണുന്നു. ഇത് നിങ്ങൾക്ക് മാനസിക പിരിമുറുക്കം സൃഷ്ടിക്കാം ആഴ്ച മുഴുവൻ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പണം ചെലവഴിക്കേണ്ടിവരും. പങ്കാളിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. അനാവശ്യമായ ചില മോഹങ്ങൾക്ക് വശംവദരാകാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തിപരമായ തിരക്കുകൾ ജോലിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഓം നമഃ ശിവായ ജപിക്കണം
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഭാഗ്യവും ഈശ്വരാധീനവുമുണ്ടാക്കും.പതിവിലുമധികം പണം സമ്പാദിക്കും. ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടും. സഹോദരങ്ങളുടെ ആരോഗ്യ പ്രശ്നം പരിഹരിക്കാൻ സമയവും പണവും ചെലവഴിക്കും. പ്രണയം ശക്തമാകും. ജോലിയിൽ അഹംഭാവം ദോഷം ചെയ്യും. എല്ലാ യാത്രകളും തൽക്കാലം ഒഴിവാക്കണം. നല്ല വാർത്തകൾ കേൾക്കും. വിദ്യാർത്ഥികൾക്ക് വളരെ മികച്ച ഫലങ്ങൾ ലഭിക്കും. ശ്രീ ഭദ്രകാളിയെ ഭജിക്കണം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559
Copyright 2024 Neramonline.com. All rights reserved