Monday, 25 Nov 2024

ആയില്യം ബുധനാഴ്ച ; രോഗശമനം,സന്താന ഭാഗ്യം നേടാൻ നാഗചൈതന്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഒരു വ്യക്തിക്ക് എല്ലാ ഐശ്വര്യങ്ങളും ക്ഷേമവും നൽകാനും അതുപോലെ തന്നെ എല്ലാ സൗഭാഗ്യങ്ങളും
നശിപ്പിച്ച് ശിക്ഷിക്കാനും നാഗദേവതകൾക്ക് കഴിയും. ജീവിതവിജയത്തിന് നാഗാരാധന പോലെ ശ്രേഷ്ഠമായ
മറ്റൊരു മാർഗ്ഗമില്ല. മാറാരോഗങ്ങൾ ശമിപ്പിക്കാനും സന്താനദുഃഖം, ദാമ്പത്യദുരിതം, ശാപദോഷങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനും നാഗാരാധനയിലൂടെ സാധിക്കും. ഇതിന് ഏറ്റവും നല്ല
ദിവസമാണ് മാസന്തോറുമുള്ള ആയില്യം നക്ഷത്രം. ഇതിൽ തന്നെ കന്നി, തുലാം മാസത്തിലെ ആയില്യമാണ് ഏറ്റവും പ്രധാനം. ഈ മേടമാസത്തിലെ ആയില്യം 2024 ഏപ്രിൽ 17 നാണ്.

ആയില്യത്തിന് ക്ഷേത്രദർശനം നടത്തി നാഗദേവതകളെ തൊഴുത് പ്രാർത്ഥിക്കുന്നതിനൊപ്പം നൂറും പാലും, ആയില്യപൂജ, അർച്ചന, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവ ചെയ്യുന്നതും തിരിതെളിക്കുന്നതും നല്ലതാണ്.
ശരീരശുദ്ധിയും മന:ശുദ്ധിയും ഒത്തുചേരുമ്പോൾ മാത്രമാണ് നാഗാരാധനയ്ക്ക് പൂർണ്ണമായ ഫലപ്രാപ്തി
ലഭിക്കുന്നത്. തലമുറകളായി വേട്ടയാടുന്ന ശാപദോഷം പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്.

നാഗദോഷ സൂചനയോ സംശയമോ തോന്നിയാലുടൻ ഒരു ജ്യോത്സ്യനെയോ പൂജാരിയെയോ താന്ത്രികനെയോ സമീപിച്ച് ആവശ്യമായ പരിഹാരം ചെയ്യണം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി മുകളിൽ പറഞ്ഞ വഴിപാടുകൾ നടത്തുകയാണ് ആദ്യം വേണ്ടത്. ദോഷാധിക്യം പറഞ്ഞാൽ നാഗർക്ക് പത്മമിട്ട് പ്രത്യേകമായി പൂജിക്കുക, സർപ്പബലി ചെയ്യുക എന്നീ കർമ്മങ്ങൾ ഉത്തമനായ കർമ്മിയെക്കൊണ്ട് നടത്തണം.

നഗ്‌നനേത്രത്താൽ കാണാനാവുന്ന ദൈവങ്ങളാണ്‌ നാഗങ്ങൾ. രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുന്ന
നാഗങ്ങളെ അതിപുരാതന കാലം മുതൽ ആരാധിച്ചു വരുന്നു. വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുംമേക്കാട്, അത്തിപ്പറ്റ മന, നാഗംപൂഴി മന, ആമേടം ഇല്ലം, കോളപ്പുറം ഇല്ലം, പറമ്പൂർ മന, പെരളശ്ശേരി, മദനന്തേശ്വരം, പൂജപ്പുര നാഗർക്കാവ്, കളർകോട്, അനന്തൻകാട് നാഗരാജ ക്ഷേത്രം, പൂജപ്പുര നാഗരുകാവ് എന്നിവ കേരളത്തിലെ ചില പ്രധാന നാഗാരാധന സന്നിധികളാണ്. വേറെയും നൂറുകണക്കിന് നാഗാരാധനാ കേന്ദ്രങ്ങളുണ്ട്. കർണ്ണാടകത്തിലെ കുക്കി (ധർമ്മസ്ഥലയ്ക്കടുത്ത്), നാഗർകോവിൽ (കന്യാകുമാരിജില്ല) തിരുനാഗേശ്വരം (കുംഭകോണത്തിനടുത്ത്) എന്നിവ സംസ്ഥാനത്തിന് പുറത്തുള്ള പ്രസിദ്ധ നാഗാലയങ്ങളാണ്.

ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ എന്നിവയാണ് നാഗമന്ത്രങ്ങൾ ജപിച്ചു തുടങ്ങുന്നതിന് ഉത്തമദിവസങ്ങൾ. ഗുരുവിൽ നിന്നും മന്ത്രോപദേശം വാങ്ങി നാഗമന്ത്രങ്ങൾ
ജപിച്ചാൽ അത്ഭുതശക്തി അനുഭവിച്ചറിയാനാകും. വ്രതനിഷ്ഠയോടെ ശ്രദ്ധിച്ച് ജപിച്ചാൽ നാഗമന്ത്രങ്ങൾ
പെട്ടെന്ന് അനുഗ്രഹം സമ്മാനിക്കും. എന്നാൽ ശ്രദ്ധിച്ച് ഉപാസിച്ചില്ലെങ്കിൽ നാഗദേവതകളുടെ ക്ഷിപ്രകോപം
അനുഭവിക്കേണ്ടി വരാം. അതുകൊണ്ടുതന്നെ നാഗമന്ത്രങ്ങൾ ജപിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം.

ആയില്യവ്രതമെടുക്കുന്നവർ തലേന്ന് മുതൽ മത്സ്യമാംസാദികളും മദ്യവും മറ്റു ലഹരി വസ്തുക്കളും ത്യജിക്കണം. ആയില്യം ദിവസം കഴിയുമെങ്കിൽ ഉപവസിക്കുക. ആയില്യത്തിന്റെ പിറ്റേദിവസം രാവിലെ ശിവക്ഷേത്രത്തിൽ നിന്നും തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കണം. വ്രതദിനങ്ങളിൽ ഓം നമഃ ശിവായ മന്ത്രം 336 പ്രാവശ്യം ജപിക്കുക. സർപ്പക്ഷേത്രത്തിലും നാഗപ്രതിഷ്ഠയ്ക്ക് 5 പ്രാവശ്യം പ്രദക്ഷിണം വയ്ക്കുക. ഉദയം കഴിഞ്ഞും അസ്തമയത്തിന് മുമ്പേയുമാണ് നാഗപ്രദക്ഷിണത്തിന് ഉത്തമം.

ഐശ്വര്യത്തിന് നാഗരാജമന്ത്രം
നാഗരാജപ്രീതിക്ക് അത്യുത്തമമാണ് നാഗരാജമന്ത്രം. അത്ഭുതശക്തിയുള്ള ഈ മന്ത്രം ആയില്യം ദിവസം തുടങ്ങി 108 പ്രാവശ്യം വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ നാഗശാപം മാറി ഐശ്വര്യമുണ്ടാകും. ആയില്യം ദിവസം മുതൽ രാവിലെയാണ് ജപിക്കേണ്ടത്.

നാഗരാജമന്ത്രം
ഓം നമഃ കാമരൂപീണേ
നാഗാരാജായ മഹാബലായ സ്വാഹ

ആഗ്രഹസാഫല്യത്തിന് നാഗമോഹനമന്ത്രം
ആഗ്രഹസാഫല്യം, മന:ശാന്തി, പാപശാന്തി എന്നിവ നേടാനുളളതാണ് നാഗമോഹനമന്ത്രം. അത്ഭുത ഫലം
തരുന്ന അതി ശക്തമായ ഈ മന്ത്രം ദിവസവും 12 തവണ വീതം രണ്ടു നേരം ജപിക്കുക. 18 ദിവസം മുടങ്ങാതെ ജപിച്ചാൽ ഫലം ലഭിക്കാം.

നാഗമോഹനമന്ത്രം
ഓം നമ:ശിവായ
നാഗായ നാഗമോഹനായ
നാഗാധിപതയേ
വിശ്വായ വിശ്വംഭരായ
വിശ്വപ്രാണായ
നാഗരാജായ ഹ്രീം നമഃ

പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94-470-20655

Story Summary: Significance of Ayilyam Pooja and Benefits of chanting Naga Raja Mantra, Naga Mohana Mantra

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version