ആരെയും കൈവിടാത്ത അമ്മ; ചെട്ടികുളങ്ങര ഭരണി നാളെ
ലോകപ്രശസ്തമായ കെട്ടുകാഴ്ചാ മഹോത്സവമായ കുംഭഭരണിക്ക് ചെട്ടികുളങ്ങര ദേവീക്ഷേത്രം ഒരുങ്ങി. മാനംമുട്ടെ ഉയരുന്ന കെട്ടുകാഴ്ചകൾ ദേവിക്ക് കാണിക്കയായി സമർപ്പിക്കുന്ന ഈ മഹോത്സവം അക്ഷരാർത്ഥത്തിൽ വിസ്മയമാണ്. ഈ ദേശത്തെ 13 കരക്കാർ ശിവരാത്രി മുതൽ അദ്ധ്വാനിച്ചാണ് കെട്ടുകാഴ്ചകൾ ഒരുക്കി കുംഭഭരണി നാളായ ഫെബ്രുവരി 29 ശനിയാഴ്ച അമ്മയ്ക്ക് കാഴ്ചവയ്ക്കുന്നത്.
കരുണാമയിയും ആശ്രിത വത്സലയും ഇഷ്ടവരദായനിയുമായചെട്ടികുളങ്ങര അമ്മ തെക്കൻ കേരളത്തിന്റെഅഭയാംബികയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. സങ്കടങ്ങളുമായി മുന്നിലെത്തുന്നവരെ ചെട്ടികുളങ്ങര അമ്മ ഒരിക്കലും കൈവിടില്ല. അനേകകോടി ഭക്തരുടെ എക്കാലെത്തെയും അചഞ്ചലമായ വിശ്വാസമാണിത്. കൊടുങ്ങല്ലൂരമ്മയുടെ അംശമാണ് ചെട്ടികുളങ്ങര അമ്മ.
ചെട്ടികുളങ്ങര ഭരണി കണ്ട് അമ്മയെ തൊഴുതു പ്രാർത്ഥിച്ചാൽ ദുരിതശമനവും ആഗ്രഹസാഫല്യവുമുണ്ടാകും. ചെട്ടികുളങ്ങര അമ്മയുടെ പ്രിയപ്പെട്ടവഴിപാടായ കുത്തിയോട്ടം ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന ദിവസം കൂടിയാണ് കുംഭഭരണി. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന് ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണിത്. നരബലി സങ്കല്പത്തിൽ ദേവിയെ സംപ്രീതയാക്കുന്ന ആചാരമാണിത്. കുംഭത്തിലെ ശിവരാത്രി ദിവസമാണ് കുത്തിയോട്ട വഴിപാടിന്റെ തുടക്കം. വഴിപാടുകാരൻ കുത്തിയോട്ടത്തിന് ദത്തെടുക്കുന്ന ബാലൻമാരെ സ്വന്തം ഗൃഹത്തിൽ പാർപ്പിച്ച് കുത്തിയോട്ട ചുവടുകൾ പരിശീലിപ്പിക്കും. ശിവരാത്രി ദിവസം ദീപാരാധനക്ക് ശേഷം കുത്തിയോട്ട ആശാൻ ദേവീമാഹാത്മ്യം ചൊല്ലി ചുവടു പരിശീലനം തുടങ്ങും.
ദേവീസ്തുതിയും പുരാണകഥാസന്ദർഭങ്ങളും ഇഴചേരുന്ന കുത്തിയോട്ടപ്പാട്ടിനൊപ്പമാണ് ചുവട്‌വയ്പ്പ്. മംഗളം പാടിയാണ് ഓരോ ദിവസവും ചുവടുവയ്പ്പ് അവസാനിപ്പിക്കുന്നത്. രേവതിനാൾ വരെ ഇത് തുടരും. ഇതിനിടയിൽ ബാലൻമാർ കുത്തിയോട്ട ചുവടുകൾ പരിശീലിച്ചിരിക്കും. ഭരണി നാളിൽ രാവിലെ കുത്തിയോട്ടങ്ങൾ തിരുനടയിലെത്തി ദേവീദർശനം നടത്തി പ്രദക്ഷിണം വച്ച് ചുവട് ചവിട്ടും. തുടർന്ന് ശരീരത്തിൽ കോർത്ത സ്വർണ്ണനൂൽ ദക്ഷിണസഹിതം കാണിക്കയായി അമ്മക്ക് സമർപ്പിക്കുമ്പോൾ കുത്തിയോട്ട വഴിപാട് പൂർത്തിയാക്കും.
സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കുവാനുള്ള ഏറ്റവും നല്ല വഴിപാട് കൂടിയാണ് കുത്തിയോട്ടം. രോഗം ശമിക്കുവാനും ദുഃഖങ്ങളിൽ നിന്ന് മുക്തി നേടാനും ഐശ്വര്യലബ്ധിക്കും ആപത്തുകളും ദുരിതങ്ങളും അകലുവാനും ഏറ്റവും നല്ല വഴിപാടു കൂടിയാണിത്. വിഘ്‌ന നിവാരണം, ഐശ്വര്യം , എന്നിവയ്ക്ക് ഗണപതിഹോമം, ദുരിതശാന്തിയും സർവ്വൈശ്വര്യലബ്ധിയും നൽകുന്ന ഭഗവതിസേവ, ശത്രുദോഷശാന്തി, ബാധാനിവൃത്തി എന്നിവക്കായി രക്തപുഷ്പാഞ്ജലി, ദുരിതമോചനം, ധനാഭിവൃദ്ധി എന്നിവ നൽകുന്ന കടുംപായസം, അഭീഷ്ടസിദ്ധി നൽകുന്ന അഷ്‌ടോത്തരാർച്ചന; ഐശ്വര്യവർദ്ധനവ് നൽകുന്ന സഹസ്രനാമാർച്ചന; ശത്രുദോഷത്തിന് പരിഹാരമാകുന്ന വെടിവഴിപാട്, ഐശ്വര്യലബ്ധിക്ക് ഉപകരിക്കുന്ന ചുവന്നപട്ട്, ദുരിതശമനം വരുത്തി മനഃശാന്തി നൽകുന്ന ചുറ്റുവിളക്ക്, മംഗല്യഭാഗ്യം പകരുന്ന സ്വയംവരാർച്ചന, ശത്രുദോഷശാന്തി നൽകുന്ന ശത്രുതാസംഹാര അർച്ചന, ഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്താർച്ചന, എന്നിവ ഇവിടുത്തെ വഴിപാടുകളാണ്.
– സി.എസ്. പിള്ള ,
+91 9400201810