ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ടാൽ ആധിവ്യാധികൾ ഒഴിഞ്ഞ് ആഗ്രഹസാഫല്യം
മംഗള ഗൗരി
ആദിപരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയാണ് ആറ്റുകാൽ അമ്മ എന്നറിയപ്പെടുന്നത്. കണ്ണകി, അന്നപൂർണ്ണേശ്വരി ഭാവത്തിലും സങ്കല്പിക്കാറുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പുരാതനമായ ഈ ക്ഷേത്രത്തിലെ പ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ കാർത്തിക നാളിൽ കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ച് കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന പൊങ്കാല മഹോത്സവം. കുംഭത്തിൽ പൂരവും പൗർണ്ണമിയും ഒത്തുവരുന്ന പുണ്യ ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല. പത്താം ദിവസമായ ഉത്രം നാളിൽ ഗുരുതിയോടെ പൊങ്കാല ഉത്സവം സമാപിക്കും. സാക്ഷാൽ ആദിപരാശക്തിയുടെ ജഗദംബികയുടെ ചൈതന്യമായ ആറ്റുകാൽ അമ്മയ്ക്ക് പെങ്കാലയിട്ടാൽ ആധിവ്യാധികളെല്ലാം ഒഴിഞ്ഞ് ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
ഇത്തവണ 50 ലക്ഷം പേർ പങ്കെടുക്കും
കേരളത്തിലെ ആദ്യ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാലയെ കണക്കാക്കുന്നത്. ഈ ദിവസം അനന്തപുരി അക്ഷരാർത്ഥത്തിൽ ഒരു യാഗശാലയാകും. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കിളളിയാറിന് ഇക്കരെ ഏകദേശം 30 കിലോമീറ്റർ തെരുവുകളുടെ ഇരുവശവും നഗരത്തിലെ അമ്പലപ്പറമ്പുകളിലും പൊങ്കാല അടുപ്പുകൾ നിരക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് പ്രാതിനിധ്യമുള്ള ചടങ്ങ് എന്ന നിലയിൽ 1997 ൽ ഗിന്നസ് ബുക്കിൽ ഇത് ഇടംനേടി. ആ വർഷം ഫെബ്രുവരി 23 ന് നടന്ന പൊങ്കാലയിൽ 15 ലക്ഷം പേർ പങ്കെടുത്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2009 ൽ ഇത് 25 ലക്ഷം എന്ന് തിരുത്തപ്പെട്ടു. ഇത്തവണ 50 ലക്ഷം പേർ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. മാർച്ച് 7 ചൊവ്വാഴ്ച കാലത്ത് 10:30 ന് നടക്കുന്ന പെങ്കാലയുടെ സുരക്ഷയ്ക്ക് 800 വനിതാ പൊലീസ് ഉൾപ്പെടെ 2500 പൊലീസുകാരെ വിന്യസിക്കും.
ബാലികാ രൂപത്തിൽ ജഗദംബിക
കരമനയാറിന്റെയും കിള്ളിയാറിന്റെയും കരയിലുള്ള ഒരുകൊച്ചു ഗ്രാമമായിരുന്ന കാവുവിളയുടെ ഇന്നത്തെ പേരാണ് ആറ്റുകാൽ. ദ്രാവിഡ ക്ഷേത്രങ്ങളെ കല്ല് എന്ന് പണ്ട് വിളിച്ചിരുന്നത്രേ. ആറുകളുടെ സംഗമസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളെ ആറ്റുകല്ല് എന്നും പറഞ്ഞിരുന്നു. ദക്ഷിണ പമ്പയെന്നും വനമാലിയെന്നും അറിയപ്പെട്ട കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കപ്പെട്ടതോടെ ഇവിടം ആറ്റുകാൽ എന്നായി പരിണമിച്ചത്രേ. ഈ പ്രദേശത്തെ പ്രധാന തറവാടായിരുന്ന ചെറുകര വലിയ വീടിന്റെ ഒരു താവഴിയായിരുന്നു മുല്ലു വീട്. ആലും സസ്യലതാദികളും നിറഞ്ഞ കാവും പടിപ്പുരയും തുളസിത്തറയും എല്ലാം ഉണ്ടായിരുന്ന ഈ തറവാട്ടിലെ പരമസാത്വികനായിരുന്ന കാരണവർ പരമേശ്വരൻപിള്ള ഒരു സന്ധ്യയ്ക്ക് കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ പുഴയ്ക്ക് അക്കരെ നിന്ന് ഒരു ബാലിക തന്നെ ആറിനക്കരെ ഒന്നു എത്തിക്കാമോ എന്നു ചോദിച്ചു. നല്ല ഒഴുക്കും ചുഴിയും ഉണ്ടായിരുന്നെങ്കിലും സ്വരക്ഷ നോക്കാതെ പരമേശ്വരൻ പിള്ള മറുകരയിലേക്ക് നീന്തി ബാലികയെയും എടുത്ത് തിരിച്ചു നീന്തി. കരയിൽ എത്തിയ അദ്ദേഹം ആകൊച്ചു കുട്ടിയുടെ കൈ പിടിച്ച് മുല്ലു വീട്ടിലേക്ക് നടന്നു. നീ ഏതാ കുഞ്ഞേ എന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറയാതെ അദ്ദേഹത്തെ നോക്കി. നിഷ്കളങ്കമായ ആ കുഞ്ഞു കണ്ണുകളിലേക്ക് നോക്കിയപ്പോൾ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല. മുല്ലു വീട്ടിലെത്തിയപ്പോൾ കുട്ടിയെ പൂമുഖത്തിരുത്തി അവൾക്ക് എന്തെങ്കിലും ഭക്ഷണം എടുക്കാൻ അകത്തേക്ക് പോയി. ഭക്ഷണം നൽകി ബാലികയെ അവിടെ താമസിപ്പിക്കാം എന്ന് വിചാരിച്ചെങ്കിലും തിരിച്ചു വന്നപ്പോഴേക്കും ബാലിക അപ്രത്യക്ഷയായിരുന്നു. അന്ന് രാത്രി കാരണവർ കണ്ട സ്വപ്‌നത്തിൽ ആ ബാലിക സർവാഭരണ ഭൂഷിതയായി, ആദിപരാശക്തിയായ ജഗദംബികയായി പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: “നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. നിസ്വാർത്ഥ ഭക്തിയിൽ നീ എന്നിൽ പൂർണ്ണമായി അർപ്പിച്ചിരിക്കുന്നു. ഇനി ഞാൻ ഇവിടെ ഈ നാടിന്റെ ഭഗവതിയായി കാണും . ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ നിനക്കും ഈ സ്‌ഥലത്തിനും മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും.”
കൊടുങ്ങല്ലൂരിൽ വാഴുന്ന സർവേശ്വരി
പിറ്റേദിവസം രാവിലെ കുളികഴിഞ്ഞ് തള്ളക്കാവിൽ എത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു വെള്ളി രേഖകൾ കണ്ടു. കുടിയിരുത്തേണ്ട സ്ഥലം ദേവി തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ട് അത്ഭുതപരതന്ത്രനായ അദ്ദേഹം ഉച്ചത്തിൽ ദേവീ സ്തുതി തുടങ്ങി. അതു കേട്ട് നാട്ടുകാർ ഒഴുകിയെത്തി. ചുറ്റും കൂടിയ അവരോട് സംഭവിച്ച അത്ഭുതങ്ങൾ വർണ്ണിച്ചു. ദേവി കാണിച്ചു കൊടുത്ത സ്ഥലത്ത് അധികം താമസിക്കാതെ ഒരു കൊച്ചു പുരയായി കോവിൽ ഉയർന്നു. കൊടുങ്ങല്ലൂരിൽ വാഴുന്ന സർവേശ്വരിയായ ശ്രീഭദ്രകാളിയായിരുന്നു ആ ബാലികയെന്ന് വിശ്വസിച്ച് മുടിപ്പുരയിൽ ആരാധന തുടങ്ങി. ആ ദേശം അങ്ങനെ ആറ്റുകാൽ ആയി; ദേവി ആറ്റുകാൽ അമ്മയുമായി . വർഷങ്ങൾ കഴിഞ്ഞ് മുടിപ്പുര പുതുക്കുകയും കൈകളിൽ “ശൂലം, അസി, ഫലകം, കങ്കാളം” എന്നിവ ധരിച്ച ചതുർബാഹുവായ ഭദ്രകാളിയെ വടക്ക് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധ ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിൽ പ്രതിഷ്ഠ; ദാരുവിഗ്രഹമാണ്. വടക്ക് ദർശനം. നാലു പൂജയും മൂന്നു ശീവേലിയും. തന്ത്രം കുഴിക്കാട്ട് ഇല്ലത്തിന്. ഇപ്പോൾ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്. മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരി .
കാളി, കണ്ണകി, അന്നപൂർണ്ണേശ്വരി
ദാരികവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ശ്രീഭദ്രകാളിയെ സ്‌ത്രീകൾ പൊങ്കാല സമർപ്പിച്ച് സ്വീകരിക്കുന്നതാണ് പൊങ്കാല മഹോത്സവം എന്ന് കരുതുന്നവരുമുണ്ട്. നിരപരാധിയായ ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്നിയിൽ മധുരാനഗരത്തെ ചുട്ടെരിച്ച കണ്ണകി കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു. ഈ കണ്ണകിയുടെ വിജയം ആഘോഷിക്കാൻ പൊങ്കാല സമർപ്പിക്കുന്നു എന്നാണ് മറ്റൊരു ഐതിഹ്യം. അന്നപൂർണ്ണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ ആഗ്രഹസാഫല്യം കൈവരിക്കാൻ വേണ്ടിയാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നതെന്നാണ് മറ്റൊരു സങ്കല്‌പം.
കണ്ണകീചരിതം തോറ്റംപാടി
കുംഭത്തിലെ പൂരം നാളിൽ തുടങ്ങുന്ന ഉത്സവത്തിന്റെ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റംപാടി കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ
ആണ്. ശിവനേത്രത്തിൽ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ അവതാരവും ദാരികനിഗ്രഹവും തുടർന്ന് ഭഗവതിയുടെ മനുഷ്യരൂപത്തിലുള്ള കണ്ണകിയുടെ ജനനം തുടങ്ങി മധുരാദഹനം വരെയുള്ളതാണ് തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുമ്പ് പാടിത്തീർക്കുന്നത്. അതിനുശേഷം പൊങ്കാല അടുപ്പിൽ തീ പകരും. പൊങ്കാല ദിവസം
വൈകിട്ട് നടക്കുന്ന ചടങ്ങുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും.
ദാരികനുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത ദേവീ ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കൽപിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് എന്നിവയോട് കൂടി പത്താം ദിവസം ഉത്രം നാളിൽ ആറ്റുകാൽ ഉത്സവം സമാപിക്കുന്നു.
Story Summary: Attukal Devi Temple: Myth, History, Ponkala festival and other Rituals