Friday, 5 Jul 2024

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം വ്രതം വേണം ?

മാർച്ച് ഒന്നാം തീയതി ഞായറാഴ്ച കാലത്ത് ആറ്റുകാൽ അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഭക്തലക്ഷങ്ങളുടെ ആരാധനാ പുണ്യമായ പൊങ്കാല മഹോത്‌സവത്തിന് തുടക്കമാകും. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാലിൽ പൊങ്കാലയിടാൻ കാപ്പുകെട്ടു മുതൽ 9 ദിവസം  വ്രതമെടുക്കുന്നത്  ശ്രേഷ്ഠമാണ്. ശാരീരിക ക്ലേശങ്ങളും മറ്റ് പ്രശ്നങ്ങളും കാരണം അതിന് കഴിയാത്തവർ 7 ദിവസമോ 3 ദിവസമോ ഏറ്റവും കുറഞ്ഞത് ഒരു ദിവസമോ വ്രതം എടുക്കണം. മാസമുറ തുടങ്ങി ഏഴു ദിവസം കഴിഞ്ഞാല്‍ പൊങ്കാലയിടാം. 

വ്രതെടുത്ത് പൊങ്കാലയിട്ടാലെ ഫലം ലഭിക്കൂ. 
പൊങ്കാല വ്രതം എടുക്കുന്നവര്‍ കുളിച്ച്, ജപിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ശരീരവും മനസും ആറ്റുകാല്‍ അമ്മയില്‍ അര്‍പ്പിക്കണം. കഴിയുന്നിടത്തോളം ദേവീ പ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കണം. മത്സ്യമാംസാദി ഉപേക്ഷിക്കണം. ശാരീരിക ബന്ധം ഒഴിവാക്കണം. വൈകിട്ട് വീണ്ടും കുളിക്കണം.
പൊങ്കാലയ്ക്കായി ഒരുങ്ങുമ്പോഴും പൊങ്കാലയിടുമ്പോഴും ദേവിയെ മാത്രം മനസില്‍ ധ്യാനിക്കണം. കാരണം പൊങ്കാല ആത്മാവിന്റെ പ്രതിരൂപമാണ്. എല്ലാ ചിന്തകളും ഉപേക്ഷിച്ച് നടത്തേണ്ട കര്‍മ്മമാണിത്. നേര്‍ച്ച നേര്‍ന്ന് സ്വയം  പൊങ്കാല ഇടുന്നതാണ് ഏറ്റവും നല്ലത്.  പൊങ്കാല ഇടുന്ന സ്ഥലത്തുവച്ചു തന്നെ പൂജാരിയെക്കൊണ്ട് നേദിപ്പിക്കണം.

പൊങ്കാലയിടുന്ന സമയം കോടിവസ്ത്രം ധരിക്കമെന്ന് നിര്‍ബന്ധമില്ല. എങ്കിലും പുതിയ  വസ്ത്രം ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കഴുകി വൃത്തിയാക്കി ധരിക്കണം.സൂര്യഭഗവാന്റെ കത്തിക്കാളുന്ന ചൂടേറ്റ് തിളച്ചുകിടക്കുന്ന നിലത്ത് അടുപ്പുകൂട്ടി അതില്‍ മണ്‍കലം വച്ച് തീ കൊളുത്തണം.പൊങ്കാലയ്ക്ക് തീ പകരുംമുമ്പ് അടുപ്പിനു മുന്നില്‍ വിളക്കും നിറനാഴിയും വയ്ക്കണം.

ദേവീസാന്നിദ്ധ്യസങ്കല്പമുള്ളതുകൊണ്ടാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തണം. നിറനാഴിയും നിലവിളക്കും വയ്ക്കുകയും തീര്‍ത്ഥം തളിക്കുകയും ചെയ്യുമ്പോള്‍ ആ പരിസരത്ത് ഈശ്വരസാന്നിദ്ധ്യം ഉണ്ടാകും.

പൊങ്കാലയ്ക്ക് എല്ലാ വിറകും ഉപയോഗിക്കാന്‍ പാടില്ല. കല്പവൃക്ഷം, ക്ഷീരവൃക്ഷം എന്നിവ കൊണ്ട് പൊങ്കാല അടുപ്പു കത്തിക്കാം. തെങ്ങ് കല്പവൃക്ഷമാണ്. അതിന്റെ ഏതു ഭാഗവും ഹോമങ്ങള്‍ പോലെയുള്ള ദൈവികകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. തെങ്ങിന്റെ കൊതുമ്പ്, ചൂട്ട് എന്നിവയാണ് പരക്കെ ഉപയോഗിക്കുന്നത്.  പ്ലാവിന്റെ ഉണങ്ങിയ കമ്പും ഉപയോഗിക്കാം. 

– ഡോ.വിഷ്ണുനമ്പൂതിരി

+ 91 93491 58999

error: Content is protected !!
Exit mobile version