Monday, 25 Nov 2024

ആറ് ഗ്രഹങ്ങളുടെ അത്യപൂർവ്വമായ
സംഗമം നിങ്ങളെ എങ്ങനെ ബാധിക്കും

ഈ ശിവരാത്രിയോട് അനുബന്ധിച്ച് ആറ് ഗ്രഹങ്ങളുടെ അത്യപൂർവ്വമായ സംഗമം നടക്കുന്നത് രണ്ടു ദിവസം സകല ജീവജാലങ്ങളെയും അതിശക്തമായ രീതിയിൽ സ്വാധീനിക്കുമെന്ന് ജ്യോതിഷം പറയുന്നു. ചന്ദ്രൻ, ചൊവ്വ, ബുധൻ, ശനി, ശുക്രൻ , പ്ലൂട്ടോ എന്നീ ഗ്രഹങ്ങളാണ് അടുത്ത രണ്ടു ദിവസം മകരം രാശിയിൽ സംഗമിക്കുക. 2022 ഫെബ്രുവരി 28, മാർച്ച് 1 തീയതികളിലാണ് ഈ ഷഡ് ഗ്രഹയോഗം നടക്കുന്നത്. വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഒരു ജ്യോതിഷ പ്രതിഭാസമാണിത്. വികാരങ്ങളെ സ്വാധീനിക്കുന്ന ചന്ദ്രൻ, ഊർജ്ജസ്വലത, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകുന്ന ചൊവ്വ, ആശയവിനിമയം, വിശകലന സ്വഭാവം എന്നിവ കാര്യക്ഷമമാക്കുന്ന ബുധൻ, പ്രാരാബ്ധങ്ങളുടെയും അർപ്പണമനോഭാവത്തിന്റെയും നിയന്ത്രണമുള്ള ശനി, നാശത്തിന്റെയും മാറ്റങ്ങളുടെയും കാരകനായ പ്ലൂട്ടോ എന്നിവയാണ് മകരത്തിൽ ഒന്നിക്കുന്നത്. ഇത്രയധികം ഗ്രഹങ്ങൾ രണ്ടു ദിവസത്തേക്കാണെങ്കിലും ഒന്നിച്ച് വരുന്നത് മകരം രാശിക്ക് അസാധാരണമായ ഊർജ്ജ ചൈതന്യം പകരും. ഏഴാം രാശിയായ കർക്കടകത്തിനും ഇതേ ശക്തി വിശേഷങ്ങൾ കരഗതമാകും. ശനി ഒരു വർഷത്തിലധികമായി മകരത്തിലാണ്. ബുധൻ അവിടെ
എത്തിയിട്ട് രണ്ടു മാസമാകുന്നു. ചൊവ്വയും ശുക്രനും കഴിഞ്ഞ ദിവസങ്ങളിലാണ് മകരത്തിൽ വന്നത്. ചന്ദ്രൻ ഫെബ്രുവരി 28 ന് മുഴുവൻ സമയവും മാർച്ച് 1 വൈകിട്ട്
4: 31 വരെയും മകരത്തിലുണ്ട് . പ്ലൂട്ടോ ഈ സമയത്ത് ഉത്രാടം നക്ഷത്രത്തിൽ നിൽക്കുകയാണ്. ഇതിന്റെ ഒരു പൊതുഫലം ഇങ്ങനെ പറയാം :

മേടക്കൂറിന് പത്തിൽ നടക്കുന്ന ഷഡ് ഗ്രഹയോഗം സന്തോഷം, സമ്പത്ത്, വിവാഹം, ദാമ്പത്യസുഖം എന്നിവ നൽകും . തൊഴിൽപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്.

ഇടവക്കൂറിന് ശനി ഭാഗ്യപ്രദനും ഉന്നതവിദ്യാദായകനും
ആയി സ്ഥിതിചെയ്യുന്നു. വരുമാനം കൂടും. നേട്ടങ്ങൾ കൈവരിക്കും. സഹോദര ഗുണം വർദ്ധിക്കും. മത്സരം, തർക്കം, രോഗക്ലേശം എന്നിവയ്ക്ക് സാധ്യത. തൊഴിൽ
രംഗത്തും ദാമ്പത്യത്തിലും വെല്ലുവിളികളും പുതിയ അവസരങ്ങളും ഉണ്ടാകും.

മിഥുനക്കൂറിന് രോഗ ദുരിതങ്ങൾ തരണം ചെയ്യേണ്ടി വരാം. ബന്ധങ്ങൾ വഷളാക്കരുത്. തൊഴിൽ, ധനം, ഗൃഹം,
പ്രണയം, കുടുംബം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാഗ്രത
പാലിക്കണം.

കർക്കടകക്കൂറിന് ഭാഗ്യപ്രദമാണ് ഈ സംഗമം. വിവാഹം, ദാമ്പത്യം, പ്രണയം, ബന്ധങ്ങൾ, തൊഴിൽ ഭാഗ്യം, സന്തോഷം, സമ്പാദ്യം, ഗൃഹോപകരണ ലാഭം എന്നിവ ലഭിക്കും.

ചിങ്ങക്കൂറിന് പുതിയ അവസരങ്ങൾ ലഭിക്കും. ശയനസുഖം, സഹോദരഗുണം, യാത്രാ ഗുണം എന്നിവ ലഭിക്കും. മത്സരങ്ങൾ അതിജീവിക്കേണ്ടി വരാം. ശത്രു ശല്യം, വ്യവഹാരങ്ങൾ, ആശുപത്രിവാസം എന്നിവയ്ക്ക് യോഗമുണ്ട്.

കന്നിക്കൂറിന് ബിസിനസിൽ ഉയർച്ചയുണ്ടാകും. വിവാഹം തീരുമാനിക്കും. കലാ രംഗത്തും ശോഭിക്കും. വരുമാനം വർദ്ധിക്കും. കുടുംബസുഖം ലഭിക്കും. കഠിനാധ്വാനം വഴി നേട്ടമുണ്ടാകും.

തുലാക്കൂറിന് മത്സര വിജയം, സന്തോഷം, സമ്പൽ സമൃദ്ധി, എന്നിവ ലഭിക്കും. സേവന സന്നദ്ധത, ആശ്രിത വാത്സല്യം എന്നിവ പ്രദർശിപ്പിക്കും. കഠിനാദ്ധ്വാനം, സമർപ്പണ മനസ് എന്നിവ ഗുണകരമാകും.

വൃശ്ചികക്കൂറിന് വിദേശഗുണം ലഭിക്കും. വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ, വിദൂരയാത്രകൾ, സഹോദര ഗുണം, ഭൂമി ലാഭം, വർദ്ധിച്ച തോതിലുള്ള പണച്ചെലവ് എന്നിവ ഫലം.

ധനുക്കൂറിന് ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. നല്ല വാക്കിലൂടെ ആളുകളുടെ പ്രിയം കവരും. കുടുംബ സുഖം, അപ്രതീക്ഷിത അനുഭവങ്ങൾ, വെല്ലുവിളികൾ, രോഗ ദുരിതം എന്നിവയ്ക്ക് സാധ്യത.

മകരക്കൂറിന് ദാമ്പത്യസൗഖ്യം, ബിസിനസ് വിജയം,
കർമ്മവിജയം, വിവാഹ ഭാഗ്യം എന്നിവ ലഭിക്കും. തൊഴിൽപരമായ കാര്യക്ഷമത വർദ്ധിക്കും. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കും.

കുംഭക്കൂറിന് വിദേശത്ത് ഭാഗ്യനുഭവങ്ങളുണ്ടാകും. ചെലവ് വർദ്ധിക്കും. ശയനസുഖം ലഭിക്കും. ശത്രുക്കൾ ശല്യം ചെയ്യും. തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. നിരാശ, മാനസിക സമ്മർദ്ദം എന്നിവയുണ്ടാകും.

മീനക്കൂറിന് വരുമാനം വർദ്ധിക്കും. കർമ്മശേഷിയും ഊർജ്ജസ്വലതയും പ്രദർശിപ്പിക്കും. കലാരംഗത്ത് മികവ് കാട്ടും. കുടുംബസുഖം ലഭിക്കും. ധനമേന്മയുണ്ടാകും. മധുരമായി സംസാരിക്കും.

Story Summary: Effects of Six Planet Conjunction On February 28 & March 1, 2022

error: Content is protected !!
Exit mobile version