Tuesday, 3 Dec 2024

ആലുവ ചൊവ്വരയിൽ 3 അലങ്കാര ഗോപുരവുമായി മഹാക്ഷേത്ര സമുച്ചയം

കൂവപ്പടി ജി. ഹരികുമാർ

ആലുവ: മഹാശിവരാത്രിയുടെ പെരുമ പേറുന്ന ആലുവ നഗരത്തിൽ നിന്നും ഏറെയകലെയല്ലാതെ, പെരിയാർ തീരത്തിനടുത്ത് ചൊവ്വര ഗ്രാമത്തിൽ എട്ട് ഏക്കറോളം വിസ്തൃതിൽ ശക്തിരൂപേണ, ആദിപരാശക്തി മഹാക്ഷേത്ര സമുച്ചയത്തിന്റെ പണിപൂർത്തിയാകുന്നു. കേരളീയ വാസ്തു ശില്പചാരുതയിൽ പഞ്ചപ്രാകാരങ്ങളോടെയുള്ള ക്ഷേത്രമാണ് ചൊവ്വരയിൽ ഉയർന്നിട്ടുളളത്.

തമിഴ്നാട്ടിലെ ക്ഷേത്രഗോപുര ശൈലി അവലംബിച്ച് പണിതീർത്ത 3 ഗോപുര കവാടങ്ങളോടെ നാലര ഏക്കറിൽ 3 പ്രാധാന ശ്രീകോവിലുകളാണുള്ളത്. 2016-17 കാലത്താണ് ക്ഷേത്രനിർമ്മാണ പദ്ധതിയുമായി ആലുവയിലെ ഡൈനമിക് ഡിവൈൻ ടെമ്പിൾ ട്രസ്റ്റ് മുന്നോട്ടുവരുന്നത്.

പ്രധാന പ്രതിഷ്ഠകൾ
മൂന്നു ശ്രീകോവിലുകളിൽ

മൂന്ന് പ്രധാന ശ്രീകോവിലുകളിലായി ശ്രീആദിപരാശക്തി, ശിവകുടുംബം, മഹാവിഷ്ണു എന്നിവർക്ക് പ്രതിഷ്ഠയൊരുക്കിയിരിക്കുന്നു. അതിൽ വിഷ്ണുവിന്റേത് വട്ടശ്രീകോവിലാണ്. കൂടാതെ പതിനഞ്ച് ഉപമൂർത്തികളുമുണ്ട്. മൂലഗണപതിക്കും നവഗ്രഹങ്ങൾക്കും പഞ്ചമുഖഹനുമാനും വീരഭദ്രനും കാലഭൈരവനും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങളുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്നെത്തിച്ച പ്രത്യേകതരം കല്ലുകൾ പാകിയാണ് ഗോപുരകവാടങ്ങൾ നിർമ്മിച്ചത്. ഇതിന്റെ ശില്പികളും തമിഴ്‍നാട്ടിൽ നിന്നുള്ളവരാണ്. പ്രധാന ശ്രീകോവിലുകൾക്ക് ധ്വജസ്തംഭങ്ങളുണ്ട്. തന്ത്രശാസ്ത്രവിധിപ്രകാരം തന്നെയാണ് പ്രതിഷ്ഠയും മറ്റ് ഉത്സവച്ചടങ്ങുകളും വരും ദിവസങ്ങളിൽ നടക്കുക. പ്രധാന ദേവതകൾക്കു കുംഭാഭിഷേകം നടത്തിയാണ് ഉത്സവം കൊണ്ടാടുക. മാർച്ച് അവസാനവാരവും ഏപ്രിൽ ആദ്യ ആഴ്ചയിലുമായി നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ദേവിയുടെ ശ്രീകോവിൽ

ആദ്യപ്രതിഷ്ഠ നടക്കുക
വിഷ്ണുവിന്റെ ശ്രീകോവിലിൽ

ശക്തിരൂപേണ, ആദിപരാശക്തി ക്ഷേത്രം എന്നു നാമകരണം ചെയ്തിരിക്കുന്ന ക്ഷേത്രസമുച്ചയത്തിലെ ആദ്യപ്രതിഷ്ഠ നടക്കുക വിഷ്ണുവിന്റെ ശ്രീകോവിലിൽ ആണ്. മാർച്ച് 20ന് ആരംഭിച്ച് 28വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാചടങ്ങുകൾക്ക് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. തരണനെല്ലൂർ സജി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. പ്രഥമ ഉത്സവക്കൊടിയേറ്റം 28ന് രാവിലെ 8നും 8.30യ്ക്കും ഇടയിൽ നടക്കും. ഏപ്രിൽ 4ന് ആറാട്ടോടെയാണ് കൊടിയിറക്കം. ദേവീക്ഷേത്ര സങ്കേതത്തിലെ പ്രതിഷ്ഠ മാർച്ച് 21ന് ആരംഭിച്ച് 29ന് സമാപിക്കും. തന്ത്രി ബ്രഹ്മശ്രീ ഏരൂർ കല്ലൂർ കുമാരൻ (ഉണ്ണി) നമ്പൂതിരിയാണ് കാർമ്മികത്വം വഹിക്കുന്നത്. ഇവിടെ കൊടിയേറ്റ് 29നും കൊടിയിറക്കം 30നുമാണ്.

വിഷ്ണുപ്രതിഷ്ഠയ്ക്കായുള്ള വട്ടശ്രീകോവിൽ

ശിവാലയ പ്രതിഷ്ഠാ ചടങ്ങ്
ഏപ്രിൽ 10 ന് ആരംഭിക്കും

ശിവാലയത്തിലെ പ്രതിഷ്ഠ ചടങ്ങ് ഏപ്രിൽ 10-നാരംഭിച്ച് ഏപ്രിൽ 18ന് സമാപിക്കും. തന്ത്രി ബ്രഹ്‌മശ്രീ തീയന്നൂർ നാരായണൻ നമ്പൂതിരിയ്ക്കാണ് ഇവിടെ മ്യുഖ്യകാർമ്മികത്വം. ഉത്സവം 18ന് കൊടിയേറി 19ന് കൊടിയിറങ്ങും. വിഷ്ണുക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് മാർച്ച് 28ന് വൈകിട്ട് 6.30 മുതൽ സംഗീത സേവാരത്ന പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജനസന്ധ്യയുണ്ട്. ദേവീപ്രതിഷ്ഠയോടനുബന്ധിച്ച് 26ന് വൈകിട്ട് 6.30ന് പട്ടാഭിരാമ പണ്ഡിറ്റും സംഘവും അവതരിപ്പിക്കുന്ന കർണ്ണാടകസംഗീത കച്ചേരി, 29ന് വൈകിട്ട് 6.30ന് പ്രശസ്തഭക്തിസംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണജിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി എന്നിവയുണ്ട്. ശിവക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് കുമാരി സൂര്യഗായത്രിയും സംഘവും അവതരിപ്പിക്കുന്ന ‘സൂര്യസംഗീതം’ ഏപ്രിൽ 18ന് വൈകിട്ട് 6.30ന്.

ശിവന്റെ ശ്രീകോവിൽ

ഡൈനമിക് ഡിവൈൻ
ടെമ്പിൾ ട്രസ്റ്റിന്റെ സംരംഭം

ആലുവയിൽ നിന്നും ആറര കിലോമീറ്ററുണ്ട് ചൊവ്വര ഗ്രാമത്തിലേക്ക് . ക്ഷേത്രത്തിനു സമീപത്തുതന്നെയാണ് ചൊവ്വര റെയിൽവെ സ്റ്റേഷനും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാഷണൽ ഹൈവേ 47-ലൂടെ അരമണിക്കൂർ യാത്രചെയ്താൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ആരോഗ്യമേഖലയിലേയ്ക്കാവശ്യമായ പലവിധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ ആലുവയിലെ ഡൈനമിക് ടെക്‌നോ മെഡിക്കൽസ് എന്ന വ്യവസായസംരംഭക കുടുംബത്തിന്റെ സമ്പൂർണ്ണ മേൽനോട്ടത്തിലാണ് കോടികൾ ചെലവഴിച്ചുകൊണ്ടുള്ള ഈ ക്ഷേത്രനിർമ്മാണം പൂർത്തിയായിരിക്കുന്നത്. മലപ്പുറം, തിരൂർ തുഞ്ചൻപറമ്പിനടുത്ത് പൂതേരി നായർ തറവാട്ടിലെ അംഗമായ പി. വാസുദേവനും പത്നി നന്ദിനി വാസുദേവനും കുടുംബാംഗങ്ങളുമാണ് ഈ മഹാക്ഷേത്ര നിർമ്മിതിക്ക് മുന്നിട്ടിറങ്ങിയവർ. നിബിഡവൃക്ഷങ്ങൾ നട്ടു പരിപാലിച്ച് എങ്ങും ഭക്തന്മാർക്കു മനസ്സിന് കുളിർമ്മ പകരുന്ന പച്ചപ്പ് നിലനിർത്തി ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുവാനാണ് ഡിവൈൻ ടെമ്പിൾ ട്രസ്റ്റിന്റെ തീരുമാനം. ക്ഷേത്രത്തിലെത്തുന്നവർക്കുള്ള വിശാലമായ പാർക്കിംഗ് സംവിധാനവും ഇവിടെയുണ്ടാകും.

പ്രധാന റോഡിനു മുന്നിലെ പ്രവേശനകവാടം

കൂവപ്പടി ജി. ഹരികുമാർ
+91 89219 18835

Story Summary: Adi Parasakthi Maha Temple complex owned by dynamic Devine temple trust in Chowra, Alwa nearing completion for idol

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version