Sunday, 29 Sep 2024

ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച 1200 കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം

ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിശേഷ ദിവസങ്ങളിലേക്ക് കടക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിലാണ് പൂജവയ്പ്പ്. അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ പുസ്‌തകങ്ങളും, സംഗീത വാദ്യോപകരണങ്ങളും, ചിലങ്കയും പൂജയ്ക്ക് വയ്ക്കും. മഹാനവമി ഒക്ടോബർ 23 നും വിജയദശമി 24 നുമാണ്. വിജയദശമി ദിനത്തിലാണ് പൂജയെടുപ്പ്.

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും വിദ്യാരംഭം നടന്നു വരുന്നു. വിജയദശമി ദിനത്തിൽ വിദ്യാരംഭം വിശേഷാൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ക്ഷേത്രത്തിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് ക്ഷേത്ര വെബ്‌സൈറ്റിൽ ലഭ്യമാണ്. തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാട്, കാലടി ശ്രിംഗേരി മഠത്തിൽ നിന്നും സംസ്കൃത പണ്ഡിതർ, കാലടി ശ്രീ ശങ്കര കോളേജിലെ സംസ്കൃത വിഭാഗം മേധാവി അനിൽ വെൺമണി, അഡ്വ. ജയശങ്കർ, നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ, കവിയും എഴുത്തുകാരനുമായ പാലേലി മോഹൻ, കെ എൻ കെ നമ്പീശൻ, എഴുത്തുകാരനായ സുരേഷ് നാരായണൻ, തുടങ്ങിയവരുൾപ്പടെ അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും സംഗീതനൃത്താരാധനകൾ നടന്നു വരുന്നു. 15 ന് ദേവിക്ക് പ്രിയപ്പെട്ട വീണാ നാദത്തോടെ 32 – മത് നവരാത്രി നൃത്ത-സംഗീതോത്സവത്തിന് തുടക്കമായി. 15 ന് പ്രശസ്‌ത സംഗീതജ്ഞൻ നെടുംകുന്നം വാസുദേവനും, നർത്തകിയും ഗായകിയുമായ ഡോ. ലക്ഷ്‌മി എസ് മേനോനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. മഹാനവമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രസിദ്ധ ഗാനരചയിതാവ് ചിറ്റൂർ ഗോപി ഉദ്ഘാടനം ചെയ്യും. വിജയദശമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രശസ്‌ത സംഗീതജ്ഞൻ കണ്ണൻ ജി നാഥും, ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി ഓഫ് സാൻസ്ക്രിറ് മ്യൂസിക് വിഭാഗം മേധാവി പ്രീതി സതീഷും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും. 10 ദിവസമായി നടക്കുന്ന നൃത്ത-സംഗീതോത്സവത്തിൽ അൻപതോളം പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കുന്നു. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുന്നു. ഒക്ടോബർ 24 ന് വൈകീട്ട് 6 മണിക്ക് നൃത്ത സംഗീതോത്സവത്തിൻ്റെ സമാപന സമ്മേളനം പ്രശസ്‌ത നർത്തകി മായാറാണി നിർവ്വഹിക്കും. തുടർന്ന് നിരവധി ഗായകരും വാദ്യ കലാകാരന്മാരും ഒരുമിച്ച് അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ നൃത്തസംഗീതോത്സവത്തിന് സമാപനമാകും.

ക്ഷേത്രത്തിൽ എത്താൻ കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ് സർവീസ് ഉണ്ടായിരിക്കും. ഒക്ടോബർ 24 ന് ദേശീയ പാതയിൽ അത്താണി എയർപോർട്ട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും ഓരോ 40 മിനിറ്റ് ഇടവേളയിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രത്തിലേക്കും തിരിച്ച് അത്താണി എയർപോർട്ട് സിഗ്‌നൽ ജംഗ്ഷനിലേക്കും ബസ്സ് ഉണ്ടാകും. ബസ്സ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇൻഫർമേഷൻ കൗണ്ടറും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാ സംവിധാനവും കാണും.

ഭക്തരുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും, ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പന്തലിന്റെ കാൽനാട്ട് കർമ്മം ഒക്ടോബർ 2 ന് എൻ എഫ് ടി സി ഇന്ത്യ റിജിയണൽ ചെയർമാനും, നവരാത്രി ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറായ കെ പി മനോജ് കുമാർ നിർവ്വഹിച്ചിരുന്നു. ഒക്ടോബർ 13 ന് ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗത്തിന്റെ സ്വിച്ച് ഓൺ കർമ്മം നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശോഭ ഭരതൻ നിർവഹിച്ചിരുന്നു. ദിവസവും വൈകിട്ടും, നവമി, ദശമി ദിവസങ്ങളിൽ 3 നേരവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കും.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ദിവസവും പുഷ്പാഞ്ജലിയും വിശേഷാൽ പൂജകളും, നിവേദ്യങ്ങളും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച് സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ നെയ്യ് ക്ഷേത്രത്തിൽ ലഭ്യമായിരിക്കും.
ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയായ നാവ് – മണി – നാരായം സമർപ്പണം വിശേഷാൽ നവരാത്രി ദിനങ്ങളിൽ ചെയ്യുവാൻ സാധിക്കും. വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. മലർപ്പറ, വിദ്യാവാഗീശ്വരി പൂജ തുടങ്ങിയ പ്രധാന വഴിപാടുകൾ ഈ ദിവസങ്ങളിൽ കഴിക്കുവാൻ സാധിക്കും.

കേരള ക്ഷേത്ര സേവാ ട്രസ്റ്റിനുള്ള കീഴിലുള്ള ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെ സംബന്ധിച്ച് എം പി നാരായണൻ, രക്ഷാധികാരി, കേരള ക്ഷേത്ര സേവാ ട്രസ്റ്റി പി ശശികുമാർ, ജനറൽ സെക്രട്ടറി, കേരള ക്ഷേത്ര സേവാ ട്രസ്റ്റി സജീഷ് കെ ആർ, ട്രഷറർ, കേരള ക്ഷേത്ര സേവാ ട്രസ്റ്റി സുദീപ് എം, അസിസ്റ്റൻ്റ് സെക്രട്ടറി, കേരള ക്ഷേത്ര സേവാ ട്രസ്റ്റി കെ പി മനോജ് കുമാർ, ജനറൽ കൺവീനർ, നവരാത്രി ആഘോഷം ദേവൻ കോലത്ത് (ഷാംദേവ്), ചീഫ് കോ-ഓർഡിനേറ്റർ, നവരാത്രി ആഘോഷം തുടങ്ങിയവർ മാധ്യമങ്ങളെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സജീഷ് : 9846151002, സുദീപ് : 9446061160 ബന്ധപ്പെടാം.

Story Summary: Aavanamcod Saraswati Temple Navaratri Festival 2023

error: Content is protected !!
Exit mobile version