Friday, 5 Jul 2024

ആശ്രയിക്കുന്നവരെ കൈവിടാത്ത
മാവേലിക്കര ശ്രീകൃഷ്ണസ്വാമി

മംഗള ഗൗരി
കേരളത്തിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ സുപ്രധാനമാണ് മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രം. പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ നവനീത കൃഷ്ണ പ്രതിഷ്ഠയാണുള്ളത്. കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ല നവനീത കൃഷ്ണൻ. ഈ അപൂർവത തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയാൻ, പ്രാര്‍ത്ഥിക്കാൻ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ആശ്രയിക്കുന്നവരെ കൈവിടാത്ത ശ്രീകൃഷ്ണനാണെന്ന വിശ്വാസമുള്ളതു കൊണ്ട് വിദൂരങ്ങളിൽ നിന്നു വരെ ആളുകള്‍ ഇവിടെ വരുന്നു.

വർഷത്തിൽ ഒരിക്കൽ വാകച്ചർത്ത്
മനം നിറഞ്ഞ് വിളിക്കുന്നവർക്ക് ആശ്രയം നൽകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ദേശവാസികൾ പറയുന്നത്. കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉത്സകാലത്ത് വാകച്ചാർത്ത് നടക്കുന്ന ഏക ക്ഷേത്രവുമാണിത്. ഒൻപതാം ഉത്സവ നാളിലാന്ന് ഈ വാകചാർത്ത്.

ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ എന്നിവയാണ് ദർശനം നേടുന്ന ഭക്തർ സാധാരണ ജപിക്കുന്നത്. കണ്ടിയൂർ ഉൾപ്പെടെ പുരാണ, ചരിത്ര പ്രസിദ്ധമായ ധാരാളം ക്ഷേത്രങ്ങൾ മാവേലിക്കരയിലും സമീപ ദേശങ്ങളിലും ഉണ്ടെങ്കിലും മാവേലിക്കരയുടെ തനത് തേവർ ശ്രീകൃഷ്ണൻ തന്നെ. കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിന് രണ്ട് കിലോ മീറ്റർ തെക്ക് കിഴക്കായാണ് ശ്രീകൃഷ്ണ ക്ഷേത്രം. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൽ വെണ്ണയ്ക്കായി ഇരു കൈകൾ നീട്ടി നിൽക്കുന്ന ചതുർബാഹുവായ ഉണ്ണിക്കണ്ണന്റെ ശിലാ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. ശിൽപ്പ ഭംഗി നിറഞ്ഞ ക്ഷേത്ര കവാടത്തിന് ഇരുവശവും കരിങ്കല്ലിലുള്ള ദ്വാരപാലകരുണ്ട്. ശ്രീകോവിൽ ചെമ്പ് മേഞ്ഞതാണ്. ചുറ്റു മതിലും, സ്വർണ്ണക്കൊടിമരവും ആന കൊട്ടിലും, വേലക്കുളവും ഇവിടുണ്ട്. ആന കൊട്ടിലിന് മുൻ വശത്ത് ഓടിൽ നിർമ്മിച്ച മുപ്പത് അടി ഉയരമുള്ള സ്തംഭ വിളക്കുണ്ട്. ഇതിന്റെ അടിത്തറയിൽ ആയുധ ധാരികളായ 4 പടയാളികളുടെ ചെറിയ പ്രതിമകളുണ്ട്. തിരുവിതാംകൂർ ഭടന്മാർ സമർപ്പിച്ചതാണ് ഈ സ്തംഭ വിളക്ക്.

മീനത്തിലെ തിരുവോണത്തിന് ആറാട്ട്
നിത്യവും ത്രികാല പൂജയുണ്ട്. ഗണപതി, ശിവൻ, നവ ഗ്രഹങ്ങൾ ഇവരാണ് ഉപദേവകൾ. ദശാവതാരച്ചാർത്ത്, കദളിക്കുല സമർപ്പണം, മുഴുക്കാപ്പ്, തൃക്കൈവെണ്ണ
പന്തിരുന്നാഴി അപ്പം, പാൽപായസം എന്നിവയാണ് പ്രധാന വഴിപാടുകൾ. ഗണപതി ഹോമം, മോദകം നിവേദ്യം, നവഗ്രഹങ്ങൾക്ക് അർച്ചന എന്നിവയാണ് ഉപ ദേവതകൾക്കുള്ള പ്രധാന വഴിപാടുകൾ. മീനത്തിലെ തിരുവോണം ആറാട്ട് വരും വിധം പത്ത് ദിവസമാണ് ഉത്സവം. അമ്പലപ്പുഴ ഉത്സവ സമയത്ത് തന്നെയാണ് മാവേലിക്കരയിലും ഉത്സവം. തൃക്കൈ വെണ്ണയൂട്ട്, ദശാവതാര ചാർത്ത്, ഗരുഡ വാഹനത്തിൽ എഴുന്നുള്ളത്ത് എന്നിവ ഉത്സവ കാലത്തെ പ്രധാന വിശേഷങ്ങളാണ്. ക്ഷേത്രത്തിലെ ആറാട്ട് ഒരു കിലോ മീറ്റർ വടക്കുള്ള അച്ചൻ കോവിലാറിന്റെ മണ്ഡപത്തും കടവിലായിരുന്നു. ആറാടിയ ദേവനെ പൂജിച്ചിരുത്തുന്ന കരിങ്കൽ മണ്ഡപം ഇന്ന് അവിടെയുണ്ട്. ഇപ്പോൾ കണ്ടിയൂർ സ്നാന ഘട്ടത്തിലാണ് ഭഗവാന്റെ ആറാട്ട്. വൃശ്ചിക മാസം മുഴുവൻ അത്താഴ ശീവേലിയോട് അനുബന്ധിച്ച് ഗരുഡ വാഹനത്തിൽ ഭഗവാനെ എഴുന്നുള്ളിക്കും. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് വഴിപാടായി തുടങ്ങിയതാണീ ചടങ്ങ്.

ശ്രീ നവനീതഗോപാലം ധ്യാന ശ്ലോകം
അത്യന്തബാലമതസീകുസുമപ്രകാശം
ദിഗ്വാസസം കനകഭൂഷണഭൂഷിതാംഗം
വിസ്രസ്തകേശം അരുണാധരമായതാക്ഷം –
കൃഷ്ണം നമാമി സതതം നവനീതഹസ്തം

(വളരെ വളരെ ബാലസ്വരൂപത്തോടു കൂടിയവനും, കരിങ്കൂവളപ്പൂവിൻ്റെ പ്രകാശമുള്ളവനും അതായത് നീലയും കറുപ്പും ചേർന്ന നിറം, ദിക്കുകൾ വസ്ത്രമാക്കിയവനും അതായത് വസ്ത്രങ്ങൾ ഒന്നും ധരിക്കാത്തവനും, സ്വർണ്ണാഭരണങ്ങളാൽ ശോഭിക്കുന്ന അംഗങ്ങളോട് കൂടിയവനും, ഇടതൂർന്ന സമൃദ്ധമായ മുടികൾ അഴിച്ചിട്ടിരിയ്ക്കുന്നവനും, ഉദയസൂര്യനെ (അരുണൻ) പ്പോലെ ചുവന്നു തുടുത്ത ചുണ്ടുകളോട് കൂടിയവനും, താമരയിതൾ പോലെ നീണ്ട കണ്ണുകളോടുകൂടിയവനും, രണ്ടു കൈകളിലും പുതുവെണ്ണ ധരിച്ചിരിക്കുന്നവനും ആയ ശ്രീകൃഷ്ണ ഭഗവാനെ എപ്പോഴും ഞാൻ നമസ്കരിക്കുന്നു.)

ഭൂമിയിൽ നിന്നു കിട്ടിയ കൃഷ്ണ രൂപം
1300 വർഷം പഴക്കം പറയപ്പെടുന്ന ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഐതിഹ്യങ്ങൾ ധാരാളമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുൻപ് ഇടശ്ശേരി കുടുംബത്തിന്റെ വകയായിരുന്നുവത്രെ ഈ ക്ഷേത്രം. ഒരിക്കൽ ഈ ഭൂമി വൃത്തിയാക്കുമ്പോൾ അവിടുത്തെ പണിക്കാരിലൊരാൾ ഭൂമിക്കടിയിൽ നിന്നും ഒരു പ്രതിമ കണ്ടെത്തി. അയാളുടെ കൈ തട്ടി അതിൽ നിന്നും രക്തം വന്നപ്പോൾ പ്രതിമയുമെടുത്ത് അയാൾ ഇടശ്ശേരി കുടുംബത്തിലേക്ക് ഓടി. പിന്നീട് ഇതിന്റെ ലക്ഷണം തിരഞ്ഞപ്പോൾ വെണ്ണയ്ക്കായി കൈ നീട്ടി നിൽക്കുന്ന കൃഷ്ണന്റെ രൂപം ആണെന്ന് ബോധ്യമായി. കൂടാതെ അതൊരു ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചു.
പുതിയകാവ് ദേവി ക്ഷേത്രം ഇടശ്ശേരി കുടുംബത്തിന് പകരം കൊടുത്ത് ശ്രീ കൃഷ്ണ ക്ഷേത്രം പിന്നീട് മാടത്തുംകൂർ രാജാവ് ഏറ്റെടുത്ത് മഹാക്ഷേത്രമായി പുനർ നിർമ്മിച്ച് ശ്രീകൃഷ്ണനെ അവിടെ പ്രതിഷ്ഠിച്ചു. വിഗ്രഹം ഭൂമിക്കടിയിൽ നിന്നും കണ്ടെത്തിയ ആദിച്ചൻ എന്നയാളെ കേരളാദിച്ചൻ എന്ന പട്ടവും കരമൊഴിവായി ഭൂമിയും നല്കി ആദരിച്ചു. ഊരാളശ്ശേരി എന്നാണ് അദ്ദേഹത്തിന്റെ കുടുംബം അറിയപ്പെടുന്നത്. ഉരാളശ്ശേരിൽ കളരിയിൽ പ്ലാവിൻ കാതലിൽ നിർമ്മിച്ച കേരളാദിച്ച വിഗ്രഹം ഇപ്പോഴുമുണ്ട്. മാവേലിക്കര ആസ്ഥാനമായ മാടത്തുംകൂർ പിന്നീട് ഓടനാട് രാജ്യമായി. അതിന് ശേഷം കായംങ്കുളം രാജ്യമായി. മാർത്താണ്ഡ വർമ്മ കൊല്ല വർഷം 921ല്‍ ഇവിടം തിരുവിതാംകൂറിൽ ചേർക്കുകയും ചെയ്തു.

നെടുനീളൻ ഊട്ടുപുര
ക്ഷേത്രത്തിന് വടക്ക് വശത്ത് കിഴക്ക് പടിഞ്ഞാറായി നെടുനീളൻ ഊട്ടുപുര ഉണ്ട്, ഏതാണ്ട് ആയിരം പേർക്ക് ഒരു നേരമിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുര കേരളത്തിന്റെ വടക്ക് ഭാഗങ്ങളിൽ നിന്ന് പത്മനാഭ ക്ഷേത്രത്തിൽ മുറജപത്തിന് പോകുന്നവർക്ക് വേണ്ടി ഉണ്ടാക്കിയതാണത്രേ. ഊട്ടു പുരയ്ക്ക് വടക്കുവശം കിഴക്കേയറ്റത്ത് വലിയൊരു പുഷ്പോദ്യാനം ഉണ്ടായിരുന്നു. ഒരു കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാവേലിക്കര സബ് ഡിവിഷനിലെ എല്ലാ ക്ഷേത്രങ്ങളിലെയും ആവശ്യത്തിന് ഈ ഉദ്യാനത്തിലെ പൂക്കൾ ധാരാളമായിരുന്നത്രേ.

ക്ഷേത്രത്തിലെത്താൻ
ദേശീയ പാത 66 നങ്ങ്യാർ കുളങ്ങരയിൽ നിന്ന് ഒമ്പത് കിലോ മീറ്റർ കിഴക്കോട്ട് പോയാൽ മാവേലിക്കര എആർ കവലയിലെത്തും, അവിടെ നിന്ന് 500 മീറ്റർ തെക്കോട്ട് പോയാൽ മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്താം.

  • മംഗള ഗൗരി

Story Summary: Mavelikkara Sree Krishna Swamy Temple: Myth, History, Significance & Festivals


error: Content is protected !!
Exit mobile version