Monday, 1 Jul 2024

ആശ്രയിക്കുന്നവർക്കെല്ലാം സന്തോഷവുംഭാഗ്യവും നൽകുന്ന സിദ്ധിവിനായകൻ

ഹരികൃഷ്ണൻ
ഗണപതി ഭഗവാൻ്റെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക
മന്ദിർ. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായ ഇതിൻ്റെ ഉൾഭാഗം മുഴുവൻ സ്വർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 200 വർഷങ്ങൾ മുൻപ്, കൃത്യമായി പറഞ്ഞാൽ 1801 ൽ വലിപ്പത്തിൽ വളരെ ചെറിയൊരു ക്ഷേത്രമായാണ് സിദ്ധിവിനായക് മന്ദിർ നിർമ്മാണം തുടങ്ങിയത്. പിന്നീട് പലഘട്ടങ്ങളിൽ അത് വികസിക്കുകയും ഇന്ന് മഹാനഗരവും രാജ്യത്തിൻ്റെ വാണിജ്യ തലസ്ഥാനവുമായ മുംബൈയിലെ സുപ്രധാന ക്ഷേത്രവുമായി പരിണമിച്ചു. വിവിധ രംഗങ്ങളിലെ സെലിബ്രിറ്റികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ ഇന്ന് പതിവായി സിദ്ധിവിനായക മന്ദിർ സന്ദർശിക്കുന്നു.

ഭക്തലക്ഷങ്ങളുടെ അത്ഭുതകരമായ അനുഭവങ്ങളാണ് സിദ്ധിവിനായക മന്ദിറിനെ വിശ്വപ്രശസ്തമാക്കുന്നത്.
ഭക്തിപൂർവ്വം തന്നെ ആശ്രയിക്കുന്ന ഭക്തരെയെല്ലാം തന്നെ സിദ്ധിവിനായകൻ കാത്തു രക്ഷിക്കും. അവരുടെ നിഷ്കളങ്കമായ എല്ലാ ആഗ്രഹവും ഭഗവാൻ നിറവേറ്റും. അതിനാലാണ് അനുദിനം സിദ്ധി വിനായകനിലുള്ള
ഭക്തരുടെ വിശ്വാസം വർദ്ധിക്കുന്നതും അചഞ്ചലമായി നിലകൊള്ളുന്നതും.

ഭഗവാൻ കുടികൊള്ളുന്ന മണ്ഡപത്തിലേക്കുള്ള വാതിലിൽ അഷ്ടവിനായക (ഗണപതിയുടെ 8 രൂപങ്ങൾ) ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. സിദ്ധിവിനായക വിഗ്രത്തിന്റെ തുമ്പിക്കൈ വലപിരിയാണ്. ഇവിടെ ഭഗവാൻ ചതുർഭുജനാണ്. മുകളിലെ വലത് കൈയിൽ താമരയും ഇടതുകൈയിൽ മഴുവും താഴെ വലത് കൈയിൽ മുത്തുമാലയും ഇടത് കയ്യിൽ ഒരു പാത്രം നിറയെ ഇഷ്ടവിഭവമായ മോദകവുമാണ്. നെറ്റിയിൽ ശിവന്റെ തൃക്കണ്ണിനെ ഓർമ്മിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ് കൂടിയുണ്ട്. കഴുത്തിൽ സർപ്പമാണ്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. വലത് വശത്താണ് സിദ്ധി. ജീവിതത്തിൽ സന്തോഷവും ഭാഗ്യവും പ്രദാനം ചെയ്യുന്നതാണ് ഈ വലംപിരി ഗണപതി സിദ്ധിരൂപമെന്ന് ഭക്തർ വിശ്വസിക്കുന്നു. ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിദ്ധ്യമുള്ള ക്ഷേത്രമാണിത്. വിശേഷദിവസങ്ങളിൽ വലിയ തിരക്കാണ് ഇവിടെ. ഓരോ സംരംഭത്തിൻ്റെയും തുടക്കത്തിനും ജീവിതത്തിലെ മംഗള കർമ്മങ്ങൾക്കും വിനായകനെ അനുഗ്രഹം തേടി രാജ്യത്തിനുള്ളിൽ നിന്ന് മാത്രമല്ല വിദേശത്തു നിന്നും വരെ ഭക്തരെത്താറുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ ഒരു ഹനുമാൻ മന്ദിറുമുണ്ട്. ക്ഷേത്രത്തിന്റെ താഴികക്കുടം വൈകുന്നേരങ്ങളിൽ പല വർണ്ണങ്ങളിൽ പ്രകാശിക്കും, ഓരോ മണിക്കൂറിലും അവ മാറിക്കൊണ്ടിരിക്കും. ഈ താഴികക്കുടത്തിന് താഴെയായി വരും സിദ്ധിഗണപതിയുടെ പ്രതിഷ്ഠ. ലക്ഷ്മൺ വിത്തു പാട്ടീൽ എന്ന കരാറുകാരനാണ് പ്രഭാദേവി എന്ന സ്ഥലത്ത് 1801 ൽ ക്ഷേത്രം പണിതത്. ദേബായി പാട്ടീൽ എന്ന സമ്പന്ന കർഷക ധനസഹായം നൽകി. വന്ധ്യതയാൽ കുട്ടികളില്ലാതിരുന്ന ദേവുബായ് തൻ്റെ ദുരനുഭവം മറ്റ് സ്ത്രീകൾക്ക് വരുരുതേ എന്ന് ഗണപതി ഭഗവാനോട് പ്രാർത്ഥിച്ചാണ് നിർമ്മാണത്തിന് പണം മുടക്കിയത്. വന്ധ്യതയുള്ള സ്ത്രീകളെ സന്താന ഭാഗ്യം നൽകി അനുഗ്രഹിക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഗണപതി ഭഗവാനോട് നടത്തിയത്. 1975നു ശേഷമാണ് ഇവിടെ ഭക്തർ ക്രമാതീതമായി വർദ്ധിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത് ശ്രീ സിദ്ധി വിനായക് ഗണപതി ക്ഷേത്ര ട്രസ്റ്റിന്റെ ബോർഡാണ്. പ്രതിവർഷം ശരാശരി സംഭാവന ഇനത്തിൽ മാത്രം 15 കോടി രൂപ വരെ വരുമാനമുണ്ട്.

Story Summary: Amazing facts about Siddi Vinayaka temple dedicated to Lord Ganapati at Prabhavathi in Mumbai

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version