Saturday, 21 Sep 2024

ആർക്കും ഒഴിവാക്കാൻ കഴിയാത്ത
ശനിദോഷം മറികടക്കാൻ ചില മാർഗ്ഗങ്ങൾ

എം. നന്ദകുമാർ , റിട്ട. ഐ എ എസ്
ആർക്കും ഒഴിവാക്കാൻ കഴിയാത്തതാണ് ശനിദോഷം. സാക്ഷാൽ മഹാദേവനെപ്പോലും ബാധിക്കേണ്ട സമയമായപ്പോൾ ശനീശ്വരൻ പിടികൂടി എന്ന് ഐതിഹ്യം പറയുന്നു. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ജാതകാൽ 19 വർഷം വരുന്ന ശനിദശ, വിവിധ ഗ്രഹ ദശകളിലെ ശനി അപഹാരം എന്നിവയാണ് ഏവരും മറികടക്കേണ്ടതായ ശനി ദോഷങ്ങൾ.

താൽക്കാലിക ഗ്രഹസ്ഥിതി പ്രകാരം അതായത് ഗോചരാൽ ശനി ഇപ്പോൾ നിൽക്കുന്നത് മകര രാശിയിലാണ്. ശനി ഗോചരാൽ 12,1, 2 രാശിയിൽ നിലകൊള്ളുന്ന ഏഴരവർഷത്തെയാണ് ഏഴരശനിയെന്ന്. ഒരു ഉദാഹരണം കൊണ്ടിത് വ്യക്തമാക്കാം. നിങ്ങളുടെ ചന്ദ്രരാശി കുംഭം എന്നു കരുതുക. ശനി മകരത്തിലെത്തുമ്പോൾ അതായത് 12 ൽ വരുമ്പോൾ ഏഴരശനി ആരംഭിക്കും. ഏകദേശം രണ്ടരക്കൊല്ലം കഴിയുമ്പോൾ ശനി കുംഭം രാശിയിലാകും. ഇതിനെ ജന്മശനി എന്നു പറയും. വീണ്ടും രണ്ടര വർഷം കഴിഞ്ഞ് ശനി അവിടെ നിന്ന് മീനത്തിലാകും. ഇതിനെ രണ്ടിലെ ശനി എന്നു പറയും. 2023 ജനുവരി 17 ന് മകരത്തിൽ നിന്നും ശനി കുംഭത്തിലേക്ക് പകരും. ഇതനുസരിച്ച് ധനു, മകരം, കുംഭം രാശിക്കാർ ഇപ്പോൾ ഏഴര ശനി കാലം അനുഭവിക്കുകയാണ്. കേന്ദ്ര സ്ഥാനങ്ങളായ 4, 7, 10 രാശികളിൽ ശനി വരുന്നവർ ഇപ്പോൾ കണ്ടക ശനി അനുഭവിക്കാന്നു. തുലാം, കർക്കടകം, മേടം രാശിക്കാർക്കാണ് ഇപ്പോൾ കണ്ടക ശനി. മിഥുനക്കൂറിന് ശനി അഷ്ടമത്തിലാണ്. ഇക്കൂട്ടരെല്ലാം തന്നെ ഇപ്പോൾ ഗോചരാൽ ശനി ദോഷം മറികടക്കുകയാണ്. ഇതിന് പുറമേയാണ് ശനിദശ, അപഹാരം നേരിടുന്ന വരുടെ ശനി ദോഷം. ഇത്തരത്തിൽ സകലരെയും വലയ്ക്കുന്ന ശനി ദോഷം അകറ്റുന്നതിന് സാധാരണക്കാർക്ക് ചെയ്യാവുന്ന ഏറ്റവും ലളിതമായ ദോഷ പരിഹാരങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം:

ശനി ദോഷ പരിഹാരത്തിനുള്ള ഏറ്റവും ഉത്തമമായ പരിഹാരം അയ്യപ്പ പൂജയാണ്. ശനിയാഴ്ചകൾ തോറും ശാസ്താ ക്ഷേത്രദർശനം നടത്തി മന്ത്രങ്ങൾ ജപിച്ച് കലിയുഗ വരദനെ ആരാധിക്കുന്നത് ശനിദോഷമകറ്റും. പ്രധാനമായും രണ്ട് മന്ത്രങ്ങളാണ് ഇതിന് ഉത്തമം. ഇതിൽ ഏറ്റവും പ്രസിദ്ധം ശാസ്താവിന്റെ മൂലമന്ത്രമാണ്: ഓം ഘ്രും നമഃ പരായഗോപ്‌ത്രേ. മറ്റൊരു മന്ത്രം: ഓം നമോ ഭഗവതേ ഹരിഹരപുത്രായ
പുത്രലാഭായ ശത്രു നാശനായ മദഗജവാഹനായ ധർമ്മശാസ്‌ത്രേസ്വാഹാ
എന്നതാണ്. ഇതിൽ സൗകര്യ പ്രദമായ ഒന്ന് തിരഞ്ഞെടുത്ത് നിത്യവും കഴിയുന്നത്ര തവണ ജപിക്കുക. ദോഷകാലം തുടരുന്നത്രയും കാലം ജപം മുടക്കരുത്.

ഇതിനു പുറമേ ശാസ്താവിന് നീരാജനം, എള്ളുപായസം എന്നിവ നടത്തുന്നതും നല്ലതാണ്. ഹനുമാൻസ്വാമിയെ ആരാധിക്കുന്നതും ശനിദോഷം മാറ്റാൻ ഗുണകരമാണ്. മറ്റ് ചില ശനിദോഷപരിഹാരങ്ങൾ കൂടി പറഞ്ഞു തരാം :
ശനിയാഴ്ചതോറും ഏഴുതവണ അരയാൽ പ്രദക്ഷിണം നടത്തുക. പ്രദക്ഷിണവേളയിൽ 7 തവണ താഴെ പറയുന്ന ഏതെങ്കിലും ഒരു മന്ത്രം ജപിക്കുക:
1
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതോ ശ്ശിവരൂപായ
വൃക്ഷരാജായ തേ നമഃ
2
ഓം സൂര്യപുത്രായവിദ്മഹേ
ശനൈശ്ച്വരായ ധീമഹി
തന്നോ മന്ദ:പ്രചോദയാത്
3
ഓം ശനീശ്ച്വരായ വിദ്മഹേ
ഛായാപുത്രായ ധീമഹി
തന്നോ മന്ദ: പ്രചോദയാത്

ശനിയാഴ്ച കാക്കയ്ക്ക് അന്നം നൽകുക. ശനിയാഴ്ച ഉപവസിച്ച് ഉഴുന്ന് പുഴുങ്ങി ഉപ്പിടാതെ ഒരുനേരം ഭക്ഷിക്കുക. വൃദ്ധർക്കും അഗതികൾക്കും ശനിയാഴ്ച അന്നദാനം നടത്തുന്നതും ശനിദോഷമകറ്റും. ശനീശ്വരകവചം ദശരഥവിരചിതമായ ശനീശ്വരാഷ്ടകം നമഃ ശിവായ എന്ന മൂല പഞ്ചാക്ഷരം ദിവസവും 10008 തവണ ചൊല്ലി നെറ്റിയിലും തൊണ്ടയിലും ഗളത്തിന്റെ പിറകിലും രണ്ടു കൈകളിലും മാറിടത്തിലും വയറ്റിലും ഭസ്മം ധരിക്കുന്നത് അത്യുത്തമം.

എം. നന്ദകുമാർ , റിട്ട. ഐ എ എസ്
Story summary: Simple and Powerful Shani Dosha Remadies


error: Content is protected !!
Exit mobile version