Saturday, 23 Nov 2024

ആർത്തവം ഉത്സവമാക്കുന്ന കാമാഖ്യായിലെ താഴികക്കുടത്തിന് സുവർണ്ണ തേജസ്

സുരേഷ് ശ്രീരംഗം
വിശ്വപ്രസിദ്ധമായ അസമിലെ കാമാഖ്യാ ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുന്നു. ക്ഷേത്രത്തിലെ മൂന്ന് താഴികക്കുടങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സമർപ്പിച്ച 20 കിലോഗ്രാം സ്വർണ്ണം പൂശി സുവർണ്ണ ശോഭ ആർജ്ജിച്ചതോടെയാണ് കാമാഖ്യ ക്ഷേത്രം വീണ്ടും ശ്രദ്ധാകേന്ദ്രമായത്. രാജ്യത്തെ മുഖ്യ ശാക്തേയ തീർത്ഥാടന കേന്ദ്രമായ കാമാഖ്യ അസമിന്റെ രക്ഷാദേവതയാണ്. കുറച്ചു നാൾ മുൻപ് മുകേഷ് അംബാനി ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിലുളള കാമാഖ്യയിൽ ദേവീ ദർശനം നേടാൻ എത്തിയപ്പോൾ താഴികക്കുടം സ്വർണ്ണം പൂശാനുള്ള ആഗ്രഹം ഭാരവാഹികളോട് പങ്കിട്ടു. അതിനുള്ള സ്വർണ്ണം സമർപ്പിക്കാമെന്നും അറിയിച്ചു. പിന്നീട് സ്വർണ്ണം പൂശുന്ന ജോലി റിലയൻസ് ഗ്രൂപ്പ് നേരിട്ട് ഏറ്റെടുത്ത് പൂർത്തിയാക്കി 2020 നവംബർ 19 ന് ഭഗവതിക്ക് സമർപ്പിച്ചു. ദേവീപൂജയും യജ്ഞവും കുമാരി പുജയും നടത്തിയ ശേഷമായിരുന്നു തങ്കത്താഴികക്കുട സമർപ്പണം. റിലയൻസ് ഗ്രൂപ്പ് മുംബയിൽ നിന്നും കൊണ്ടു വന്ന വിദഗ്ധതൊഴിലാളികളും എൻജിനീയർമാരുമാണ് അതിവേഗം ഈ സുവർണ്ണ തേജസ് സമ്മാനിച്ചത്.

കാമാഖ്യാ ക്ഷേത്രം 

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ സമുദ്ര നിരപ്പിൽ നിന്ന് 800 അടി ഉയരത്തിലുള്ള നീലാചൽ മലമുകളിലാണ് ഈ ഭഗവതി ക്ഷേത്രം. കൂറ്റൻ കവാടം കടന്ന് മലമുകളിലെത്തിയാൽ കാമാഖ്യാ സന്നിധിയിലെത്താം. ദക്ഷപുത്രിയായ സതീദേവിയുടെ ദേഹത്യാഗവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കാമാഖ്യ ക്ഷേത്രത്തിനുള്ളത്. പതിയായ ശ്രീ പരമേശ്വരന്റെ മുന്നറിയിപ്പ് ചെവിക്കൊള്ളാതെ അച്ഛൻ ദക്ഷൻ നടത്തിയ യാഗത്തിൽ പങ്കെടുക്കാൻ സതീദേവി കൊട്ടാരത്തിലെത്തി. യാഗവേദിയിൽ വച്ചുള്ള അച്ഛന്റെ അവഹേളനവും ശിവനിന്ദയും താങ്ങാൻ കഴിയാതെ സതി യാഗാഗ്നിയിൽ ആത്മാഹൂതി ചെയ്തു. പത്നീവിയോഗത്താൽ കോപക്രാന്തനായ ശിവൻ ജട നിലത്തടിച്ച് ദക്ഷനോട് പ്രതികാരം വീട്ടാൻ കാളിയെയും വീരഭദ്രനെയും സൃഷ്ടിച്ചു. അവർ ദക്ഷനെ നിഗ്രഹിച്ചിട്ടും ക്രോധമടങ്ങാത്ത ഭഗവാൻ ദേവിയുടെ ജഡവുമേന്തി സംഹാരതാണ്ഡവമാടി. പ്രപഞ്ചം നടുങ്ങി വിറച്ചു.

സംഹാരരുദ്രനായി ഭാരതഖണ്ഡത്തെ തപിപ്പിച്ച ശിവന്റെ ക്രോധാഗ്‌നിയിൽ എല്ലാം നശിക്കുന്നത് കണ്ട് ഭഗവാൻ ശ്രീമഹാവിഷ്ണു സുദർശനചക്രം കൊണ്ട് ദേവിയുടെ മൃതശരീരം 108 ആയി ഛേദിച്ച് വീഴ്ത്തി. അതിൽ യോനിഭാഗം വീണിടത്താണ് കാമാഖ്യക്ഷേത്രം എന്ന് ഐതിഹ്യം. അൻപത്തിയൊന്ന് ദേവീപീഠങ്ങളിൽ ഏറ്റവും ശക്തം കാമാഖ്യപീഠമാണ്. ഇവിടുത്തെ യോനീപൂജ പ്രസിദ്ധമാണ്.

സതി വിയോഗത്തെത്തുടർന്ന് കാലങ്ങളോളം തപസ് ചെയ്ത ശിവനെ അതിൽ നിന്നുണത്തിയത് കാമദേവൻ പ്രയോഗിച്ച ബാണമാണ്. ധ്യാനലീനനായിരുന്ന ഭഗവാന്റെ തപസ് മുടക്കിയതിന് പ്രായശ്ചിത്തമായി പിന്നീട് കാമദേവൻ ദേവിയുടെ യോനി ഭാഗം വീണ സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചതായി ഐതിഹ്യം പറയുന്നു. കാമൻ നിർമ്മിച്ച ക്ഷേത്രം ആയതിനാൽ ഇത് കാമാഖ്യയായി അറിയപ്പെടുന്നു.

പ്രധാന ക്ഷേത്ര മന്ദിരത്തിന് 7 സ്തൂപങ്ങളുണ്ട്. അഗ്രം കൂർത്ത താഴികക്കുടങ്ങളോട് കൂടിയതാണ് ഈ സമുച്ചയം. ഇതിൽ മൂന്ന് താഴികക്കുടങ്ങളാണ് മുകേഷ് അംബാനിയുടെ നേർച്ചയാൽ സ്വർണ്ണം പൂശുന്നത്. ഏകദേശം 10 കോടി രൂപ ചെലവ് കണക്കാക്കുന്നു.

നരനാരായണൻ എന്ന രാജാവ് പണിത ഈ കൂറ്റൻ ക്ഷേത്രസമുച്ചയത്തിൽ പ്രധാന ഭഗവതിക്ക് പുറമെ 10 ശക്തി സ്ഥാനങ്ങൾ കൂടിയുണ്ട്. ദശമഹാവിദ്യകളായ കാളി, താര, ഛിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, ത്രിപുരസുന്ദരി, ഭൈരവി, ധൂമാവതി, മാതംഗി, മഹാലക്ഷ്മി എന്നീ ദേവതകളാണത്. ഇതിൽ മാതംഗി, ത്രിപുരസുന്ദരി, മഹാലക്ഷ്മി ഇവരെ പ്രധാന ക്ഷേത്രത്തിൽ തന്നെ ആരാധിക്കുന്നു. മറ്റുള്ളവർക്ക് സമുച്ചയത്തിൽ പ്രത്യേകം സന്നിധികളുണ്ട്. ക്ഷേത്ര ചുമരിൽ ചുവന്ന കുങ്കുമത്തിൽപ്പൊതിഞ്ഞ ഗണപതിവിഗ്രഹമുണ്ട്. ദേവീദേവന്മാരുടെയും ആനയുടെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. പലതരത്തിലുള്ള മണികൾ ഒരു ഭാഗത്ത് തൂക്കിയിരിക്കുന്നു. ക്ഷേത്രത്തിൽ കൂറ്റൻ കരിങ്കൽ തൂണുകളുണ്ട്. പ്രധാന മന്ദിരത്തിൽ ദേവിയുടെയും ശിവന്റെയും സ്വർണ്ണവിഗ്രഹങ്ങളുണ്ട്. ദേവീസന്നിധി അർദ്ധവൃത്താകാരത്തിൽ കരിങ്കൽ പാകിയുണ്ടാക്കിയ ഗുഹാ മാതൃകയിലുള്ളതാണ്. ഉയർന്ന സ്തൂപത്തിനു കീഴെയാണു ദേവിയുടെ സ്ഥാനം. ദേവിക്ക് വിഗ്രഹമില്ല. കൽഫലകത്തിൽ കൊത്തിയ സതീദേവിയുടെ യോനി പീഠത്തിലെ ശ്രീചക്രമാണ് പ്രതിഷ്ഠ. ചുവന്ന പുക്കൾ, ചുവന്ന തുണികൾ, സിന്ദൂരം എന്നിവയൊക്കെ ഒരുക്കി യോനീഭാഗ സങ്കൽപ സ്ഥാനത്തിനടുത്ത് വിളക്കു കത്തിച്ചു വച്ചിട്ടുണ്ട്. അതിനടുത്തുള്ള ഉറവയിൽ ജലം ഒഴുകി വരുന്നു. അത് കൈക്കുമ്പിളിലെടുത്ത് ശിര‌സിൽ തളിച്ചു ഭക്തർ തൊഴുന്നു.

കാമാഖ്യായോനി പീഠം

കാമാഖ്യയിലെ ഉത്സവം ജൂൺ മാസത്തിൽ ദേവിയുടെ ആർത്തവ ദിനങ്ങളിലാണ്. അമ്പുബച്ചി എന്ന് അറിയപ്പെടുന്ന ഉത്സവം ദേവി ഋതുമതിയാകുന്നു എന്ന് സങ്കല്പിച്ചുള്ളതാണ്. ഈ സമയത്ത് ക്ഷേത്രത്തിനരികിലെ ബ്രഹ്മപുത്ര നദി പോലും ചുവക്കുമത്രേ. ദേവിയുടെ യോനീസങ്കൽപത്തിലുള്ള സ്ഥലത്തു നിന്നുവരുന്ന ഉറവയിലെ ജലം പ്രസാദമായി ലഭിക്കും. മാറാരോഗങ്ങൾക്കു പരിഹാരമായി ഇത് വിശ്വാസികൾ ഉപയോഗിക്കുന്നു. ദേവി രജസ്വലയാകുന്ന നാല് ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. സമീപത്തെ ക്ഷേത്രങ്ങളിലും അപ്പോൾ പൂജയില്ല. എന്നാൽ ക്ഷേത്ര പരിസരത്ത് ഉത്സവം പൊടിപൊടിക്കും. അഞ്ചാം ദിവസം രാവിലെ പോത്തിനെ ബലി നൽകി ഉത്സവം കൊടിയേറും. ആണാടിനെയും പൂവൻ കോഴിയെയും ഇവിടെ പതിവായി ബലിയർപ്പിക്കാറുണ്ട്. പെൺ മൃഗങ്ങളെയും പക്ഷികളെയും ബലിയർപ്പിക്കില്ല. ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും 20, റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേക്ക്.

കാമാഖ്യ സ്തോത്രം
കാമാഖ്യേ കാമസമ്പന്നേ
കാമേശ്വരീ ഹരിപ്രിയേ
കാമനം ദേഹി മേ നിത്യം
കാമേശ്വരി നമോസ്തുതേ
കാമാഖ്യേ വരദേ ദേവി
നീലപർവതവാസിനി
ത്വാം ദേവി ജഗദംബാം താം
യോനി മുദ്രേനമസ്തുതേ

സുരേഷ് ശ്രീരംഗം, +91 944 640 1074

error: Content is protected !!
Exit mobile version