ഇക്കൊല്ലം ഈ നക്ഷത്രക്കാർ ശബരിമല ദർശനം മുടക്കരുത്
ജീവിതത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്ന സമയമാണ് ശനിദോഷ കാലം. അഷ്ടമശനി, കണ്ടകശനി, ഏഴര ശനി എന്നിവയാണ് ഗോചരാലുള്ള ശനിദോഷ കാലങ്ങൾ. സ്വന്തം ജാതകത്തിലെ ഗ്രഹനില പ്രകാരമുള്ള ശനി ദോഷങ്ങൾക്ക് പുറമെ കാലാകാലങ്ങളിൽ ഒരോരുത്തരും അനുഭവിക്കേണ്ടി വരുന്നതാണ് അഷ്ടമശനി, കണ്ടകശനി, ഏഴര ശനി തുടങ്ങിയവ. അയ്യപ്പപൂജയാണ് ഇത്തരം ശനിദോഷങ്ങൾ അതിജീവിക്കാനുള്ള ഒരു എളുപ്പവഴി.
കലിയുഗവരദനായ ശ്രീധർമ്മശാസ്താവിനെ ലോകം മുഴുവൻ ആരാധിക്കുന്ന മണ്ഡലകാലമാണ് ശനിദോഷശാന്തി നേടാൻ ഏറ്റവും അനുകൂലമായ സമയം. 41 ദിവസമാണ് ഒരു മണ്ഡലകാലം. ശബരിമല ശ്രീ അയ്യപ്പന് പ്രാധാന്യമേറിയ മണ്ഡലകാലംവൃശ്ചികം ഒന്നിന് ആരംഭിക്കും. മണ്ഡല – മകരവിളക്ക് കാലത്ത് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച് ശബരിമലയിലെത്തി പതിനെട്ടുപടി ചവിട്ടി അയ്യപ്പദർശനം നേടി പ്രാർത്ഥിച്ചാൽ ശനിദോഷം മാത്രമല്ല എല്ലാ ദോഷങ്ങളും ജീവിതദുഃഖങ്ങളും അകന്ന് മനഃശാന്തിയും സമാധാനവും സുഖാനുഭവങ്ങളും ലഭിക്കും. കോടിക്കണക്കിന് ഭക്തരുടെ പ്രത്യക്ഷ അനുഭവമാണിത്.
അയ്യപ്പ വിഗ്രഹത്തിലെ നെയ് അഭിഷേക ദർശനം പുണ്യ പ്രദമാണെന്നു മാത്രമല്ല ദുഃഖമോചനം,രോഗശമനം, മന:സുഖം, , കുടുംബസുഖം, ബന്ധുജന സൗഖ്യം, പാപമോചനം, ഗ്രഹദോഷശാന്തി, ഐശ്വര്യലബ്ധി തുടങ്ങിയവയും സമ്മാനിക്കും.
ഇപ്പോൾ അഷ്ടമശനി, കണ്ടകശനി, ഏഴരാണ്ട ശനി തുടങ്ങിയ ശനിദോഷമനുഭവിക്കുന്ന ഇടവം, മിഥുനം, കന്നി, വൃശ്ചികം, ധനു, മകരം, മീനം കുറുകളിൽ പെട്ട കാർത്തിക മുക്കാൽ, രോഹിണി, മകയിരം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ, ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി, വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി, പൂരൂരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർ എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ വ്രതമെടുത്ത് മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല അയ്യപ്പ ദർശനം നടത്തണം. അതിന് കഴിയാത്തവർ ഇക്കാലത്ത് പതിവായി ശാസ്താ ക്ഷേത്ര ദർശനം നടത്തണം. ശനിദശയിലും ശനിയുടെ അപഹാരങ്ങളിലും കഴിയുന്നവരും ശനിദോഷശമനത്തിന് ശാസ്താവിനെ ഭജിക്കുന്നത് നല്ലതാണ്.
2020 ജനുവരി 24 ന് ശനിയുടെ രാശി മാറ്റം നടക്കുന്നുണ്ട്. മേടം, മിഥുനം, കർക്കടകം, തുലാം, ധനു, മകരം, കുഭം കൂറുകാർ ജനുവരി 24 ന് ദോഷപരിഹാരം ചെയ്യണം. തുടർന്നു വരുന്ന രണ്ടര വർഷം ഇവർ ശനിദോഷം ഒഴിയാൻ ശാസ്താവിനെ കൂടുതലായി ഭജിക്കണം.