ഇടവത്തിലെ ആയില്യം ചൊവ്വാഴ്ച;നാഗപൂജയ്ക്ക് സമ്പൂർണ്ണ ഫലപ്രാപ്തി
മംഗള ഗൗരി
സമ്പത്തിക ബുദ്ധിമുട്ടുകൾ, കടം, ദാരിദ്ര്യം, ആരോഗ്യ ക്ലേശങ്ങൾ, ശാപദോഷ ദുരിതങ്ങൾ, സന്താനങ്ങൾ കാരണമുണ്ടാകുന്ന മന:പ്രയാസം തുടങ്ങിയവ മാറാനും സന്താനഭാഗ്യത്തിനും വിദ്യാവിജയത്തിനും വിവാഹതടസം നീങ്ങുന്നതിനുമെല്ലാം ഉത്തമമാണ് നാഗാരാധന.
എല്ലാ മാസത്തെയും ആയില്യം നാൾ നാഗാരാധനയ്ക്ക് പ്രധാനമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം ശ്രേഷ്ഠമാണ്. പൂർണ്ണമായ ഫലപ്രാപ്തിയാണ് ഈ ദിവസത്തെ നാഗോപാസനയുടെ പ്രത്യേകത. 2024 ജൂൺ 11 ചൊവ്വാഴ്ചയാണ് ഇടവമാസത്തിലെ ആയില്യം. അന്ന് നാഗസന്നിധികളിലെത്തി ആരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും ഒഴിയും.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന അത്ഭുത ഈശ്വര ശക്തി എന്നാണ് നാഗങ്ങളെ വിശേഷിപ്പിക്കുക. അനുഗ്രഹത്തിനും നിഗ്രഹത്തിനും കഴിയുന്ന നാഗങ്ങളെ പുരാതകാലം മുതൽ ആരാധിക്കുന്നു. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയ്ക്ക് വളരെ പ്രധാനമാണ്. മുജ്ജന്മ പാപങ്ങൾ വരെ മാറുന്നതിന് നാഗാരാധന ഗുണകരമാണ്. ആയില്യ ദിവസം നാഗക്ഷേത്ര ദർശനം നടത്തണം. മഞ്ഞൾപ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളിൽ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമർപ്പിക്കാവുന്ന മുഖ്യ വഴിപാടുകൾ.
ആയില്യവ്രതം നോൽക്കാൻ താല്പര്യമുള്ളവർ തലേന്നും ലഘു ഭക്ഷണവും ബ്രഹ്മചര്യവും പാലിക്കണം. അന്ന് ഒരിക്കലും ആയില്യ നാളിൽ ഉപവാസവുമാണ് ഉത്തമം. മത്സ്യമാംസാദികളും മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കരുത്.
ആയില്യ ദിവസം നാഗപ്രീതികരമായ ഓം ഹ്രീം നാഗരാജായ നമഃ , പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി , നവ നാഗസ്തോത്രം, നാഗരാജ അഷ്ടോത്തരം
തുടങ്ങിയ മന്ത്രങ്ങൾ ജപിക്കണം. ഈ ജപം 21 ദിവസം തുടർന്നാൽ നാഗശാപങ്ങൾ ഒഴിഞ്ഞ് അഭീഷ്ടസിദ്ധിയും
ഐശ്വര്യവും ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ ദിവസങ്ങൾ നാഗ മന്ത്രജപത്തിന് ഉത്തമമാണ്.
നാഗരാജാ മൂല മന്ത്രം
ഓം നമഃ കാമരൂപിണേ
നാഗരാജായ മഹാബലായ സ്വാഹ
ശ്രീ നാഗരാജ ഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ നാഗ: പ്രചോദയാത്
നവ നാഗസ്തോത്രം
അനന്തം വാസുകിം ശേഷം പത്മനാഭശ്ച കംബളം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി നാഗശ്ച മഹാത്മനാം
സായംകാലേ പഠേന്നിത്യം പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി സർവ്വത്ര വിജയീ ഭവേൽ
നാഗരാജ അഷ്ടോത്തരം കേട്ട് ജപിക്കാൻ:
മംഗള ഗൗരി
Story Summary: Importance of Edava Masa Aayilya Pooja
Copyright 2024 Neramonline.com. All rights reserved