Friday, 22 Nov 2024

ഇതാണ് വൈഷ്ണവ ഗണപതി; എല്ലാം മംഗളകരമാക്കുന്ന 21 മന്ത്രങ്ങൾ

ഡോ.രാജേഷ് പുല്ലാട്ടിൽ
മഹാവിഷ്ണുവിന്റെ അവതാരമാണ് ഗണപതി ഭഗവാൻ എന്നൊരു സങ്കല്പമുണ്ട്. വൈഷ്ണവ ഗണപതി എന്നാണ് ഇത് അറിയപ്പെടുന്നത്. പാർവതീ ദേവി കാർത്തികേയനെ ലാളിക്കുന്നത് കണ്ടപ്പോൾ പാർവ്വതീ പുത്രനായി മാറാൻ വിഷ്ണു ആശിച്ചത്രേ. പത്മനാഭന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മഞ്ഞൾ കുഴച്ച് പാർവ്വതി അതിസുന്ദരനായ ഒരു ബാലന് ജീവനേകി. ഈ ബാലനെ കാവൽ നിറുത്തി ദേവി കുളിക്കാൻ പോയ നേരം മഹാദേവൻ തിരിച്ചു വന്നു. ആളറിയാതെ ബാലൻ ശിവഭഗവാനെ തടഞ്ഞു നിറുത്തി. ക്ഷിപ്രകോപിയായ ശിവൻ ത്രിശൂലത്താൽ ബാലന്റെ ശിരസറുത്തു. ഇത് കണ്ട് സങ്കടപ്പെട്ട് കരഞ്ഞ ദേവിയിൽ നിന്നും കാര്യം ഗ്രഹിച്ച ശ്രീപരമേശ്വരൻ ആനയുടെ ശിരസ് ചേർത്ത് മകന് പുനർജന്മമേകി, ഗണപതിയെന്ന് പേരും നൽകി , തന്റെ ഭൂതഗണങ്ങളുടെയെല്ലാം നായകനാക്കി. അത്തം നക്ഷത്രം കൂടാതെ വൈഷ്ണവ നക്ഷത്രമായ തിരുവോണവും ഗണപതി ഭഗവാന്റെ ജന്മനക്ഷത്രമായി കണക്കാക്കുന്നതിന് കാരണം ഇതാണ്.

എല്ലാത്തിനും മുൻപേയുള്ള മഹാഗണപതി ഭക്തരെ അനുഗ്രഹിക്കുന്നതിനാണ് പാർവ്വതീ – പരമേശ്വര പുത്രനായി അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. ശിവനും പാർവ്വതിയും ആനയുടെ രൂപത്തിൽ ലീലയാടിയതിനാൽ ആണ് ഗണപതി ഭഗവാൻ ജനിച്ചതെന്നും പറയുന്നുണ്ട്.
കഥകൾ എന്തായാലും ഒരു കാര്യം അനുഭവ സത്യമാണ്. ഗണപതിയെ പൂജിക്കാതെ തുടങ്ങുന്ന കർമ്മങ്ങൾക്ക് പൂർണ്ണ ഫലപ്രാപ്തിയുണ്ടാകില്ല. ഗണപതി ഭഗവാൻ പ്രസാദിച്ചാൽ എല്ലാ മോഹങ്ങളും സഫലമാകും; എന്ത് കാര്യത്തിലെയും തടസം ഒഴിഞ്ഞു പോകും. പഞ്ചഭൂതങ്ങളുടെ നായകത്വം ഗണേശനാണ്. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെ നയിക്കുന്നതു കൊണ്ടാണ് ഭഗവാൻ ഗണനായകനായത്. ആനയുടെ മുഖമുള്ളതിനാൽ ഗജാനൻ എന്നും ഗജമുഖനെന്നും വിളിക്കുന്നു. വിഘ്നങ്ങൾ ഇല്ലാതാക്കുന്നതിനാൽ വിഘ്നേശ്വരനായി; വലിയ ഉദരത്താൽ ലംബോദരനും .
ഇതു കൂടാതെ അനേകം നാമങ്ങൾ ഗണേശനുണ്ട്. നവഗ്രഹങ്ങളിൽ കേതുവിന്റെ അധിപൻ ഗണപതിയാണ്. കേതു ദോഷങ്ങൾ തീർക്കാൻ ഗണപതിയെ പുജിച്ചാൽ മതി. അത്തം, തിരുവോണം, ചതുർത്ഥി, വെള്ളിയാഴ്ച എന്നീ ദിവസങ്ങളാണ് ഗണേശ പൂജയ്ക്ക് ഉത്തമം. ഈ ദിവസങ്ങളിലും ഭക്തരുടെ ജന്മനക്ഷത്ര ദിവസവും ഗണപതി ഹോമം നടത്തിയാൽ തടസങ്ങളെല്ലാം അകന്നു പോകും. അത്തം, തിരുവോണം നക്ഷത്രങ്ങളിൽ ജനിച്ചവരും കേതു നക്ഷത്രാധിപനായ അശ്വതി, മകം, മൂലം നക്ഷത്രക്കാരും പതിവായി ഓം ഗം ഗണപതയേ നമ: തുടങ്ങിയ ഇഷ്ട മന്ത്രങ്ങൾ കൊണ്ട് പതിവായി ഗണേശനെ ആരാധിച്ചാൽ എല്ലാ ദോഷങ്ങളും തീരും.

ഗണേശനെ പുരാണത്തിലെ 21 നാമങ്ങൾ അടങ്ങിയ ഗണേശ ഏക വിംശതി നാമാവലി എന്നും പ്രഭാതത്തിൽ ജപിച്ചാൽ എല്ലാ കർമ്മ വിഘ്നങ്ങളും അകലും. ശുഭകാര്യങ്ങള്‍ക്കും യാത്രകള്‍ക്കും ഒരുങ്ങുമ്പോഴും ഈ നാമങ്ങള്‍ ജപിക്കുകയോ സ്മരിക്കുകയോ വേണം. ഗണേശാനുഗ്രഹത്താല്‍ സര്‍വ കാര്യങ്ങളും മംഗളകരമാകും; ആഗ്രഹ സാഫല്യമുണ്ടാകുകയും ചെയ്യും.

ഗണേശ ഏകവിംശതി നാമാവലി

ഓം ഗണം ജയായ നമഃ
ഓം ഗണപതയേ നമഃ
ഓം ഹേരംബായ നമഃ
ഓം ധരണീധരായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം ലക്ഷ്യപ്രദായ നമഃ
ഓം ക്ഷിപ്രപ്രസാദനായ നമഃ

ഓം അമോഘ സിദ്ധയേ നമഃ
ഓം അമിതായ നമഃ
ഓം മന്ത്രായ നമഃ
ഓം ചിന്താമണയേ നമഃ:
ഓം നിധയേ നമഃ
ഓം സുമംഗളായ നമഃ
ഓം ബീജായ നമഃ

ഓം ആശാപൂരകായ നമഃ
ഓം വരദായ നമഃ
ഓം ശിവായ നമഃ
ഓം കാശ്യപായ നമഃ
ഓം നന്ദനായ നമഃ
ഓം വാചാ സിദ്ധായ നമഃ
ഓം ഢും ഢി വിനായക നമഃ

ഡോ.രാജേഷ് പുല്ലാട്ടിൽ
+91 9895502025

Story Summary: Significance of Vaishnava Ganapathy and
Powerful Genesha Eka Vimshathi Namavali

error: Content is protected !!
Exit mobile version