Saturday, 23 Nov 2024

ഇതാണ് ശിവന് ഏറ്റവും പ്രിയങ്കരമായവഴിപാട്‌; കാര്യവിജയത്തിന് അത്യുത്തമം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ശിവന് ചെയ്യാവുന്ന ഏറ്റവും പ്രധാന ചടങ്ങാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രങ്ങള്‍ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി (ഇടമുറിയാതെ) വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ സമ്പ്രദായം. ഇങ്ങനെ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും. ശിവ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ നടക്കുന്നത് ജലധാരയാണ്. പാപശാന്തിയും കാര്യവിജയമാണ് ജലധാരയുടെ ഫലം. ആഗ്രഹസാഫല്യത്തിനും മാനസികമായ വിഷമങ്ങൾ ഒഴിയുന്നതിനും ഏറ്റവും നല്ല വഴിപാടാണ് ജലധാര. തിങ്കളാഴ്ച, പ്രദോഷവ്രതം, ശിവരാത്രി, തിരുവാതിര എന്നീ ദിനങ്ങള്‍ ധാരക്ക് അതി വിശേഷമാണ്. അതിവേഗം അഭീഷ്ട സിദ്ധി നേടുന്നതിന് 7,12,21,41 തുടങ്ങിയ യഥാശക്തി ദിവസം ശിവന് ധാര ചെയ്യിക്കുന്നത് ഉത്തമമാണ്. അഷ്ടഗന്ധജലധാര എന്ന വിശേഷ ധാര നടത്തിയാൽ ശത്രുദോഷശാന്തി ലഭിക്കും എന്നത് പലരുടെയും അനുഭവമാണ്. മറ്റ് ചില ധാരകളും ഫലങ്ങളും:

ക്ഷീരധാര–കാര്യവിജയം
ഘൃതധാര –സര്‍വൈശ്വര്യ സമൃദ്ധി
ഇളനീര്‍ധാര –മന:ശാന്തി, പാപശാന്തി
പഞ്ചഗവ്യധാര–പൂര്‍വ്വജന്മദുരിതശാന്തി
തേന്‍ധാര–ശാപദോഷശാന്തി
എണ്ണധാര–രോഗശാന്തി, ആരോഗ്യം

ധാര വഴിപാടു നടത്തുന്നവർ കഴിയുന്നത്ര പഞ്ചാക്ഷര മന്ത്രം ജപിക്കാൻ ശ്രദ്ധിക്കണം. എങ്കിലേ വഴിപാടിന് പൂർണ്ണമായ ഫലസിദ്ധി ലഭിക്കൂ. നമഃ ശിവായ എന്നതാണ് പഞ്ചാക്ഷരമന്ത്രം. മിക്കവരും ഓം എന്നുകൂടി ചേര്‍ത്ത് ഇത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നത് എത്ര വലിയ പാപവും അകറ്റും. വീട്ടിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം. അതു പോലെ ശിവ ശിവ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യുന്നതും നല്ലതാണ്.
ശിവ അഷ്ടോത്തരം കേൾക്കാൻ
https://youtu.be/H-wlRVqPY-M

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Significance and Benefits of Jala Dhara for Lord Shiva


Attachments area
Preview YouTube video ശിവ അഷ്ടോത്തരം | Shiva Ashtothram | ആരെയും രക്ഷിക്കുന്ന ശിവ മന്ത്രം | Mantra For Success and Peace

error: Content is protected !!
Exit mobile version