Monday, 1 Jul 2024

ഇതാ അംഗാരക ചതുർത്ഥി; ഗണേശൻ എങ്ങനെ ചൊവ്വയുടെ ദേവനായി?

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

ഗണേശോപാസനയ്ക്ക് അതിവിശേഷമായ ഒരു ദിവസമാണ് അംഗാരക ചതുർത്ഥി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയാണ് അംഗാരക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമെടുത്ത് ഗണേശനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകലും; സകല ആഗ്രഹങ്ങളും സഫലമാകും. ഇത്തവണ മാർച്ച് 2-ാം തീയതിയാണ് അംഗാരക ചതുർത്ഥി. അംഗാരകൻ എന്നാൽ ഭൂമിപുത്രൻ അഥവാ ചൊവ്വ എന്നാണ് അർത്ഥം.

ഗണേശ പുരാണത്തിലാണ് അംഗാരക ചതുർത്ഥി വ്രതമാഹാത്മ്യം വിവരിക്കുന്നത്. ബ്രഹ്മാവ് കൃതവീര്യന്റെ പിതാവിനോടാണ് അംഗാരക ചതുർത്ഥി മാഹാത്മ്യം പറയുന്നത്. വേദങ്ങളും വേദാംഗങ്ങളും മാത്രമല്ല എല്ലാ ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയ, ദിവസവും അഗ്‌നിഹോത്രം അനുഷ്ഠിച്ച മഹാമുനിയാണ് ഭരദ്വാജൻ. ശിഷ്യരെ പഠിപ്പിക്കുന്നതിൽ അതീവ തത്പരനായിരുന്ന ഈ മുനി അവന്തി നഗരത്തിലാണ് ജീവിച്ചത്. ഒരിക്കൽ ഒരു നദീതീരത്തിൽ അനുഷ്ഠാനം ചെയ്യുന്നതിനിടയിൽ അദ്ദേഹം അതിസുന്ദരിയായ ഒരു അപ്‌സരസ്‌സിനെ കണ്ടു. ഏകാഗ്രത നഷ്ടപ്പെട്ട് മുനി അവളിൽ ഭ്രമിച്ചു; കാമബാണമേറ്റ് ഭൂമിയിൽ തളർന്നുവീണു. അപ്പോൾ അദ്ദേഹത്തിന്റെ ബീജം സ്ഖലിച്ച് ഭൂമിയുടെ ഒരു വിള്ളലിൽ പതിച്ചു. താമസിയാതെ ചെമ്പരത്തിപ്പൂവിന്റെ നിറമുള്ള ഒരു കുമാരൻ അതിൽ ജനിച്ചു. ഭൂമിദേവി അവനെ താലോലിച്ച് വളർത്തി. ഏഴുവയസായപ്പോൾ അവൻ അമ്മയോട് ചോദിച്ചു: എനിക്ക് എങ്ങനെയാണ് ചുവപ്പു നിറം വന്നത്, എന്റെ അച്ഛനാരാണ് ?
ഭരദ്വാജമുനിയാണ് അച്ഛനെന്ന് ദേവി പറഞ്ഞു. എങ്കിൽ കാണിച്ചു തരൂ എന്ന് ബാലൻ നിർബന്ധിച്ചു അങ്ങനെ ദേവി ഭരദ്വാജന്റെ അടുത്തെത്തി, അദ്ദേഹത്തിന്റെ പുത്രനാണ് തന്നോടൊപ്പമെന്ന് അറിയിച്ചു. അദ്ദേഹം സന്തോഷത്തോടെ മകനെ സ്വീകരിച്ചു. പിന്നീട് ഒരു ശുഭമുഹൂർത്തത്തിൽ അവന് ഉപനയനം നടത്തി വേദങ്ങളും ശാസ്ത്രങ്ങളും പഠിപ്പിച്ചു. ഗണേശമന്ത്രവും ഉപദേശിച്ചു. ഗണേശ പ്രീതിക്കായി അംഗാരകൻ അനുഷ്ഠാനം ചെയ്യണമെന്നും പറഞ്ഞു. ഭഗവാൻ സംപ്രീതനായാൽ അംഗാരകന്റെ എല്ലാ അഭിലാഷങ്ങളും സഫലമാക്കും എന്നും ഭരദ്വാജൻ മകനോട് പറഞ്ഞു.

ബാലൻ നർമ്മദാ തീരത്ത് പദ്മാസനത്തിൽ ഇരുന്ന് മറ്റൊരിടത്തും ശ്രദ്ധ പതിപ്പിക്കാതെ ഗണേശനെ ധ്യാനിച്ചു. ജിതേന്ദ്രിയനായി ആയിരം വർഷമാണ് തപസിരുന്നത്.‌ ഒടുവിൽ മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി നാളിൽ ചന്ദ്രോദയത്തിൽ ഗണനാഥൻ അംഗാരകന് മുന്നിൽ പ്രത്യക്ഷനായി. ദിവ്യവസ്ത്രാഭരണഭൂഷിതനായി, ശിര‌സിൽ ചന്ദ്രക്കലയുമേന്തി, ആയുധധാരിയായി തുമ്പിക്കയ്യും മുറം പോലത്തെ ചെവിയുമായി ഗജമുഖൻ കാണപ്പെട്ടു. സൂര്യകോടി പ്രഭയോടെ ഗണനാഥനെ കണ്ട് സംതൃപ്തനായ ഭാരദ്വജപുത്രൻ സാഷ്ടാംഗം നമിച്ചു.

ഗണേശ്വരനോട് പറഞ്ഞു:

വിഘ്‌നനാശകനും വിഘ്‌നകാരകനും സൃഷ്ടിസ്ഥിതി സംഹാരകനുമായ ദേവാ, അങ്ങയ്ക്കിതാ എന്റെ വിനീത നമസ്‌കാരം. ദേവന്മാർക്കും അസുരന്മാർക്കും ഒരു പോലെ ആരാധ്യനായ അങ്ങ് ജഗത്തിനെല്ലാം സേവ്യനാകുന്നു. അസംഖ്യങ്ങളാണ് അങ്ങയുടെ ഗുണഗണങ്ങൾ.

ഭൗമന്റെ, ഭൂമി പുത്രന്റെ സ്തുതി കേട്ട് ഗണേശൻ സന്തുഷ്ടനായി വരം നൽകാൻ തയ്യാറായി. അംഗാരകൻ വരം ചോദിച്ചു: അങ്ങ് എന്നിൽ സന്തുഷ്ടനാണെങ്കിൽ എനിക്ക് സ്വർഗ്ഗത്തിൽ ഉചിതമായ സ്ഥാനം നൽകുക. ദേവന്മാരോടൊപ്പം അമൃത് കുടിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. മൂന്നു ലോകത്തിനും മംഗളം ചെയ്യുന്നവനാണ് ഞാനെന്ന പ്രസിദ്ധി ഉണ്ടാകണം. ചതുർത്ഥിനാളിൽ ഞാൻ അങ്ങയെ കാണാനിടയായത് പുണ്യകരമായി തീർന്നതു പോലെ അന്ന് എന്നെ കാണുന്നവനും അതുപോലെ അനുകൂലമായ ഫലം ലഭിക്കണം. സർവജന്തുക്കൾക്കും ദു:ഖം നശിക്കാനുള്ള പുണ്യം എന്റെ ദർശനത്താൽ ഉണ്ടാകണം.

ഗണേശൻ ഇങ്ങനെ അരുളിചെയ്തു: ഭൂമിപുത്രാ അങ്ങേയ്ക്ക് ദേവന്മാരോടൊപ്പം അമൃതപാനത്തിന് അവസരമുണ്ടാകും. ലോകത്തിൽ മംഗളൻ (കുജൻ, ചൊവ്വ) എന്ന പേരിൽ അങ്ങ് പ്രസിദ്ധനായിത്തീരും. ചുവന്ന നിറമുള്ളതിനാൽ അങ്ങയ്ക്ക് അംഗാരകൻ (തീപ്പൊരിയുടെ നിറമുള്ളവൻ) എന്നും പേരുണ്ടാകും. അംഗാരകചതുർത്ഥി ഭൂമിയിൽ വിശേഷപ്പെട്ട
ഒരു ദിവസമായി ആചരിക്കപ്പെടും. അതിനാൽ എല്ലാ സങ്കടങ്ങൾക്കും നിവാരണം ഉണ്ടാകും. അംഗരക ചതുർത്ഥി ആചരിച്ചാൽ തടസങ്ങൾ നീക്കപ്പെടുകയും ചെയ്യും.

താമസിയാതെ മംഗളൻ ഗണേശമന്ദിരം പണികഴിപ്പിച്ച് ഗജമുഖനെ പ്രതിഷ്ഠിച്ചു. ജനങ്ങൾക്കു ഉപകാരപ്രദമായ ഈ കർമ്മം ചെയ്തതിനുശേഷം സ്വർഗ്ഗത്തിൽ നിന്നും വന്ന വിമാനത്തിലേറി ഗണേശപദം പ്രാപിച്ചു. അതിനാൽ അംഗാരചതുർത്ഥീ വ്രതം മംഗളപ്രദമാണെന്നു കരുതപ്പെടുന്നു. സിദ്ധന്മാരും ഗന്ധർവ്വന്മാരുമെല്ലാം ഈ വ്രതം സങ്കടനാശനത്തിനു വേണ്ടി അനുഷ്ഠിച്ചു പോന്നു.
അതിൽതന്നെ മാഘ മാസത്തിലെ അംഗാരക ചതുർത്ഥി അതി വിശേഷകരമായിത്തീർന്നു.

ശ്രീഗണേശ ഗായത്രി

1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

ജ്യോതിഷാചാര്യൻ കെ.ദേവീദാസ് , +91 8848873088

error: Content is protected !!
Exit mobile version