Monday, 1 Jul 2024

ഇതാ മുപ്പെട്ട് വെള്ളിയും ചതുർത്ഥിയും ഒന്നിച്ച് ; പ്രാർത്ഥനയ്ക്ക് ഇരട്ടിഫലം

ജ്യോതിഷരത്നം വേണു മഹാദേവ്
ഗണപതി ഭഗവാന്റെയും ലക്ഷ്മീ ദേവിയുടെയും പ്രീതി നേടാൻ ഉത്തമമായ മുപ്പെട്ട് വെള്ളിയും ഗണേശൻ സർവാനുഗ്രഹം ചൊരിയുന്ന ചതുർത്ഥിയും ഒന്നിച്ചു വരുന്ന പുണ്യ ദിവസമാണ് 1197 മിഥുനം 3, 2022 ജൂൺ 17 വെളളിയാഴ്ച. ഈ രണ്ട് വിശേഷ ദിനങ്ങളും ഒന്നിച്ചു വരുന്നതിനാൽ ഈ വെള്ളിയാഴ്ചത്തെ പ്രാർത്ഥനകൾ അതിവേഗം സഫലമാകും എന്നു മാത്രമല്ല ഇരട്ടിഫലവും ലഭിക്കും.

സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മീ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി ദിവസം ആണെങ്കിൽ അതിവിശേഷമാണ്. ഈ വെള്ളിയാഴ്ച ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കുറച്ചെങ്കിലും മോചനം നേടാം.

മുപ്പെട്ട് വെള്ളിയാഴ്ച ഗണപതി പ്രീതി വരുത്തുന്നതിനും ഉത്തമ ദിവസമാണ്. ഈ മുപ്പെട്ട് വെള്ളിയാകട്ടെ ഗണപതി ഭഗവാന്റെ സവിശേഷ ദിനമായ കറുത്ത പക്ഷ ചതുർത്ഥി തിഥികൂടിയാണ്. ഈ ദിവസം ഗണേശ പ്രീതിക്ക് ഉപാസന നടത്തിയാൽ തടസങ്ങൾ അതിവേഗം മാറി ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും.

ഓരോ മലയാള മാസത്തിലും ആദ്യ ആഴ്ചയിൽ വരുന്ന ദിനങ്ങളെയാണ് മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ, മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്ന് പറയുന്നത്. അതിൽതന്നെ മാസപ്പിറവിയും മുപ്പെട്ട് വെള്ളിയും ചതുർത്ഥി തിഥിയും മറ്റും ഒന്നിച്ചു വരുന്ന ദിവസം കൂടുതൽ ശ്രേഷ്ഠമാണ്.

മുപ്പെട്ട് വെള്ളി മഹാലക്ഷ്മീ പ്രീതിക്കായുള്ള വ്രതം ആയതിനാൽ പൂർണ ഉപവാസം വേണ്ട. പക്ഷേ അമിത ഭക്ഷണവും പാടില്ല. ദിവസം മുഴുവൻ മഹാലക്ഷ്മിയെയും ഗണപതിയെയും സ്മരിക്കണം. ദാന ധർമ്മങ്ങൾ നൽകണം. ലക്ഷ്മീ , ഗണേശ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ, , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കണം. വ്രത ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ഗം ഗണപതയേ നമഃ , ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുക . സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഗണേശ അഷ്ടോത്തരം, ഗണേശ ദ്വാദശനാമ സ്തോത്രം, ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മി അഷ്ടകം രാവിലെയും വൈകിട്ടും ജപിക്കുക. സാധാരണ ലക്ഷ്മിയെയും ഗണപതിയെയും പൂജിക്കാൻ മുപ്പെട്ട് വെള്ളി വ്രതമെടുക്കുന്നവർ അന്ന് ദേവിക്ക് വെളുത്ത പൂക്കളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കും. അല്ലെങ്കിൽ ക്ഷേത്രത്തിൽ പുഷ്‌പാഞ്‌ജലി നടത്തി ഗണപതി ഹോമം, പാൽപ്പായസം എന്നിവ വഴിപാടായി നേദിക്കും. ഇതിൽ സ്വന്തം കഴിവിനൊത്തത് ചെയ്യുക. എന്തായാലും ഗണപതി, ഭഗവതി ക്ഷേത്ര ദർശനം മുടക്കരുത്.

വെള്ളി, ചൊവ്വ ദിനങ്ങളിൽ ധനം, സ്വർണ്ണം ഇവ കടമായി നൽകരുത്. എന്നാൽ അന്ന് ധനം സ്വീകരിച്ചാൽ അത് വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ പണം ചെലവ് ചെയ്താൽ വരവിനേക്കാൾ ചെലവ് വർദ്ധിക്കും.

ഗണേശ ദ്വാദശനാമ സ്തോത്രം
പ്രഥമം വക്രതുണ്ഡം ച ഏകദന്തം
ദ്വിതീയകം ത്രിതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം
വികട മേവ ച സപ്തമം
വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ
കോലാസുരഭയങ്കരി
സർവ പാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

സർവജ്ഞേ സർവവരദേ
സർവ ദുഷ്ട ഭയങ്കരീ
സർവ ദു:ഖഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധിബുദ്ധി പ്രദേ ദേവീ
ഭുക്തി മുക്തി പ്രാദായിനീ
മന്ത്രമൂർത്തേ സദാ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

ആദ്യന്തരഹിതേ ദേവി
ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Significance and Benefits of Muppettu Velli, Chathurthi falling together


error: Content is protected !!
Exit mobile version