Saturday, 23 Nov 2024

ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവം, ഇരട്ടി ഫലദായകം

തരവത്ത് ശങ്കരനുണ്ണി
മഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം.

പ്രദോഷവും ശിവരാത്രിയും

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. ചതുർദ്ദശി തിഥി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസമാണ് വ്രതം ആചരിക്കേണ്ടത്. ഇത്തവണ മാർച്ച് 8 നാണ് മഹാശിവരാത്രി. അന്ന് തന്നെയാണ് പ്രദോഷവും. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ ഇക്കുറി ഒന്നിച്ച് വരുന്നത് ഈ ശിവരാത്രിയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരേണ്ട പ്രദോഷവും ചതുർദ്ദശിതിഥി അർദ്ധരാത്രിയിൽ തട്ടേണ്ട ശിവരാത്രിയും ഒന്നിച്ചു വരുന്നതിനാൽ ഇത് അത്യപൂർവമായതും ഇരട്ടി ഫലദായകവുമാണ്. ഒരു മാസത്തിൽ രണ്ടു രാത്രികൾക്ക് ചതുർദ്ദശി ബന്ധം വന്നാൽ ആദ്യത്തേത് എടുക്കണം എന്നാണ് പ്രമാണം.

ഉറക്കമിളച്ചിരുന്ന് പ്രാർത്ഥന

ശിവരാത്രിയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്: പാലാഴിമഥനം നടത്തിയപ്പോൾ വാസുകി വമിച്ച കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീപരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ദോഷം ഭയന്ന് പാർവതി ദേവി ആ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ മഹാവിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചു. ആ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ശിവൻ നീലകണ്ഠനാകുകയും ചെയ്തു. മഹാദേവന് ആപത്തൊന്നും വരാതെ പാർവ്വതി ദേവിയും ദേവഗണങ്ങളും അങ്ങനെ ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി.

തലേന്ന് ഒരിക്കലെടുക്കണം

ശിവരാത്രി വ്രതെടുക്കുന്നവർ തലേ ദിവസം ഒരിക്കൽ എടുക്കണം. അന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഓം നമഃ ശിവായ ജപിച്ചു ഭസ്മധാരണ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക . ശിവരാത്രി ദിനത്തിൽ പൂർണ്ണമായും ഉപവാസം അനുഷ്ഠിക്കണം. അതിന് സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. ശിവരാത്രി നാൾ ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. അന്ന് രാത്രി പൂർണ്ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് വ്രതം മുറിക്കാം.

പഞ്ചാക്ഷരി ജപവും വഴിപാടും വേണം
1
ശിവരാത്രി ദിവസം കഴിയുന്നത്ര തവണ പഞ്ചാക്ഷരി മന്ത്രം – ഓം നമഃ ശിവായ ജപിക്കണം
2
ശിവ ധ്യാനം, ശിവപഞ്ചാക്ഷര സ്തോത്രം, ബില്യാഷ്ടകം, ശിവാഷ്ടകം, ശിവ അഷ്ടോത്തരം, ശിവസഹസ്രനാമം,
ഉമാ മഹേശ്വര സ്തോത്രം, ശങ്കരധ്യാന പ്രകാരം കീർത്തനം, ശിവപുരാണം ഇവ ഭക്തിപൂർവം ചൊല്ലണം.
3
സൂര്യോദയത്തിനു മുൻപ് കുളിച്ച് നിലവിളക്കു തെളിയിച്ച് ഗായത്രിമന്ത്രം ജപിക്കുക; ഒപ്പം ശിവ ഗായതി ജപിക്കുക.
4
ശിവരാത്രി ദിവസം ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഏത് വഴിപാടും അതീവഫലദായകമാണ്
5
കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത്. ബുധനാഴ്ചയേ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കണം. കൂവളത്തില വാടിയാലും ഭഗവാന് സമർപ്പിക്കാം.
ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നതും ഏറെ വിശിഷ്ടമാണ്.
6
പിൻവിളക്ക്, ജലധാര മറ്റ് വഴിപാടുകൾ എന്നിവ യഥാശക്തി നടത്തുന്നതും ശ്രേഷ്ഠകരമാണ്.
7
ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക
8
ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
9
വിവാഹ തടസ്സങ്ങൾ മാറാൻ സ്വയംവര പുഷ്പാഞ്ജലി നല്ലതാണ്.
10
ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്കരിക്കുന്നതും നല്ലതാണ്.
11
ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം.
12
ശിവരാത്രി ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയുന്നു. ആലുവ മണപ്പുറം പോലെ പല സ്ഥലങ്ങളിലും അന്ന് ദിവസം ബലിയിടാൻ സൗകര്യം ഒരുക്കാറുണ്ട്.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്:
+91 9847118340

Story Summary: Maha Shivratri 2024: Date, Vritham and other Rituals

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version