Friday, 20 Sep 2024

ഇത് ചെയ്താൽ സർപ്പദോഷം പൂർണ്ണമായും പ്രതിരോധിക്കാം

ജ്യോത്സ്യൻ ശ്രീജിത്ത് ശ്രീനി ശർമ്മ

സർപ്പദോഷത്തിന്റെ കാഠിന്യം ജാതകം, പ്രശ്‌നം എന്നിവയിലൂടെ കണ്ടെത്തിയാൽ ഉപാസന, വ്രതം, വഴിപാടുകൾ തുടങ്ങിയ അനുഷ്ഠാനങ്ങൾ വഴി ഭക്തർക്ക് പൂർണ്ണമായും പ്രതിരോധിക്കാം. മാരക സർപ്പദോഷമുള്ള വ്യക്തികൾ മുടങ്ങാതെ സർപ്പപ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കുകയും സദാചാര നിരതരായി ജീവിക്കുകയും വേണം. . ഇവർ ശുദ്ധിയോടെ ചിട്ടയോടെ രാഹു-കേതു പ്രീതി വരുത്തുന്നതിനൊപ്പം സുബ്രഹ്മണ്യ ഉപാസന നടത്തുന്നതും സർപ്പ ദുരിത മുക്തിക്ക് ഉത്തമമാണ്. സർപ്പബലി, നാഗരൂട്ട്, ആയില്യപൂജ, അഭിഷേകം തുടങ്ങിയവയാണ് സർപ്പപ്രീതി നേടാൻ കഴിയുന്ന പ്രസിദ്ധമായ വഴിപാടുകൾ. ഒരു ഉത്തമ ജ്യോതിഷന്റെ നിർദ്ദേശമനുസരിച്ച് വഴിപാടുകൾ നടത്തിയാൽ ഉപാസനയ്ക്ക് പെട്ടെന്ന് ഫലസിദ്ധി ലഭിക്കും.

ഒരു വ്യക്തിയുടെ ജാതകം നോക്കിയും പ്രശ്‌നം വച്ചും സർപ്പദോഷം കണ്ടെത്താം. ജാതകത്തിൽ ആയാലും പ്രശ്‌നത്തിൽ ആയാലും രാഹുവിന്റെ അനിഷ്ടസ്ഥിതി സർപ്പബാധക്ക് കാരണമാകും. ജാതകത്തിൽ രാഹു 6,8,12 ഭാവങ്ങളിൽ നിന്നാലും ആ ഭാവാധിപന്മാരുമായി യോഗം ചെയ്താലും സർപ്പൻ അനിഷ്ടനാണ്. ആദിത്യൻ, ചന്ദ്രൻ, കുജൻ, ഗുരു എന്നീ ഗ്രഹങ്ങളുമായുള്ള രാഹുയോഗവും ദോഷകരമാണ്.

രാഹു – കേതുക്കളുടെ അർദ്ധവൃത്തത്തിനകത്ത് സപ്തഗ്രഹങ്ങൾ നിന്നാൽ കാളസർപ്പയോഗമായി ഭവിക്കുന്നു. കാളസർപ്പയോഗം മാരകമായ സർപ്പ ദോഷങ്ങളിൽ ഒന്നാണ്. ഇത് കർമ്മ വിജയത്തെ ഏറെ പ്രതികൂലമായി ബാധിക്കും. സർപ്പവും കേതുവും നിൽക്കുന്ന ഭാവങ്ങളനുസരിച്ച് ആ ഭാവത്തിന്റെ ദോഷത്തിന് കാരണമാകും. തന്റെ കഴിവിന് അനുസരിച്ച് ജീവിതത്തിൽ ഉയരുവാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നതാണ്.

സർപ്പദോഷമുള്ളവരും തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളിൽ ജനിച്ചവരും നിത്യവും സർപ്പാരാധന നടത്തണം. ഭരണി, രോഹിണി, ആയില്യം,പൂരം, അത്തം, തൃക്കേട്ട, പൂരാടം, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുദശാ കാലത്ത് സർപ്പ പ്രീതി വരുത്തണം. ഇതിന് നാഗ മന്ത്രജപം, വഴിപാടുകൾ എന്നിവയാണ് വേണ്ടത്. ഇവർ ആയില്യം നക്ഷത്രം, ഞായറാഴ്ച, നാഗപഞ്ചമി തുടങ്ങിയ നാഗപ്രീതിക്ക് ഉത്തമമായ ദിവസങ്ങളിൽ വ്രതമെടുത്ത് നാഗക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വളരെ നല്ലത്. നാഗസന്നിധികളിൽ നടത്തുന്ന വഴിപാടുകളിൽ ഏറ്റവും പ്രധാനം നൂറും പാലുമാണ്. എള്ളെണ്ണ, മഞ്ഞൾ, ഭസ്മം, ഇളനീർ, പശുവിൻപാൽ എന്നിവ ഉപയേഗിച്ചുള്ള അഭിഷേകം ഉത്തമമാണ്. ശർക്കരപായസം, പാൽപ്പായസം, കൂട്ട്പായസം, ശർക്കരച്ചോറ്, വെള്ളനിവേദ്യം വഴിപാടുകളും സമർപ്പിക്കാം. സർപ്പരൂപങ്ങൾ, മുട്ട, ചുവപ്പ് പട്ട് എന്നിവയുടെ സമർപ്പണവും ദോഷ പരിഹാരമാണ്. ദിവസവും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും നല്ലതാണ്.
അഷ്ടനാഗ മന്ത്രങ്ങൾ
ഓം അനന്തായ നമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാർക്കോടകായ നമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
ഓം ഗുളികായ നമ:

നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമ:

നാഗയക്ഷി മൂലമന്ത്രം
ഓം വിനായതനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷി യക്ഷിണീ സ്വാഹാനമ:

നാഗരാജഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്

അനന്തഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

വാസുകി ഗായത്രി
ഓം സർപ്പരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹി
തന്നോ വാസുകി: പ്രചോദയാത്

നവനാഗ സ്തോത്രം
അനന്തോ വാസുകി: ശേഷ: പത്മനാഭശ്ചകംബല:
ധൃതരാഷ്ട്ര ശംഖപാല: തക്ഷകകാളിയസ്തഥാ
ഏതാനി നവ നാമാനി നാഗാനാം ച മഹാത്മനാം
സായം കാലേ പഠേന്നിത്യം പ്രാത:കാലേ വിശേഷതം

ജ്യോത്സ്യൻ ശ്രീജിത്ത് ശ്രീനി ശർമ്മ
+91 8802000072, +97151272972

Story Summary: Sarppa Dosha Causes, Effects, and Remedies


error: Content is protected !!
Exit mobile version