ഇത് ജപിച്ച് ഗുരുവായൂർ ഏകാദശി എവിടിരുന്നും നോൽക്കാം; ഇരട്ടിഫലം
ഡോ. എസ്. അനിതകുമാരി
കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. മറ്റ് ഏകാദശി ദിവസങ്ങളിൽ വ്രതം നോറ്റാൽ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് പുണ്യവും ഫലസിദ്ധിയും ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ലഭിക്കും. വിഷ്ണു പ്രീതിയാർജ്ജിക്കാൻ ഏറ്റവും നല്ല ദിവസമാണ് ഇത്. ഈ ദിവസം സ്ത്രീ, പുരുഷഭേദമന്യേ ആർക്കും വ്രതമെടുക്കാം. ഇതിലൂടെ നിത്യ ജീവിതത്തിൽ നേരിടുന്ന എല്ലാ ദുരിതങ്ങളും അകറ്റാം. സർവൈശ്വര്യവും മോക്ഷവും വിശേഷ ഭാഗ്യാനുഭവങ്ങളുമുണ്ടാകും. തികഞ്ഞ ഭക്തിയോടെ, ഈശ്വര സമർപ്പണത്തോടെ വ്രതമെടുത്താൽ ആഗ്രഹിക്കുന്ന കാര്യത്തിൽ പൂർണ്ണ ഫലം ലഭിക്കും.
വ്യാഴ ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. 2021 ഡിസംബർ 14 വ്യാഴാഴ്ചയാണ് ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിൽ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ കഴിയുന്നത്ര തവണ ജപിച്ച് വേണം ഏകാദശി വ്രതാചരണം. ഈ ഏകാദശി ദിവസം ഗുരുവായൂർ ദർശനം നടത്താൻ കഴിയുന്നത് ഏറെ പുണ്യകരമാണ്. അതിന് സാധിച്ചില്ലെങ്കിൽ വ്രതം നോറ്റ് സമീപമുള്ള ശ്രീകൃഷ്ണന്റെ അല്ലെങ്കിൽ വിഷ്ണുവിന്റെ ക്ഷേത്രത്തിൽ ദർശനം നടത്തണം. എല്ലായിടവും നിറഞ്ഞു നിൽക്കുന്ന ഭഗവാനാണ് വിഷ്ണു. ആ പദത്തിന്റെ അർത്ഥം തന്നെ സർവവ്യാപി എന്നാണ്.
ഗുരുവായൂർ ഏകാദശി നാൾ ഭഗവാൻ ശ്രീ മഹാവിഷ്ണു ലക്ഷ്മീ സമേതനായി ഭുലോക വൈകുണ്ഠമായ ഗുരുപവനപുരിയിൽ പ്രത്യക്ഷനാകും എന്ന് കരുതുന്നു. അതിനാൽ ഈ രൂപത്തിൽ ഭഗവാനെ ഉപാസിക്കുന്ന വിഷ്ണു സ്തോത്രം ഈ ദിവസം ജപിക്കുന്നത് സർവ കാമനകളും കരഗതമാകാൻ അത്യുത്തമമാണ്. ലക്ഷ്മീ സമേതമായ വിഷ്ണുവിന്റെ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർത്ഥം മനസ്സിലാക്കി വേണം വിഷ്ണു സ്തോത്രം ജപിക്കാൻ. നെയ് വിളക്കിനു മുന്നിലിരുന്ന് ജപിച്ചാൽ ഇരട്ടി ഫലം അതിവേഗം ലഭിക്കും.
വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
(ശാന്തമായ ആകാരത്തോടുകൂടിയ, സർപ്പത്തിന്റെ പുറത്തു ശയിക്കുന്ന, നാഭിയിൽ താമരപ്പൂ ഉള്ള , ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവുമായ, താമരയിതള്പോലെയുള്ള കണ്ണുകളുള്ള യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്ന, അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്ന സർവലോകത്തിനും നാഥനായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന് വന്ദിക്കുന്നു.)
ഡോ. എസ്. അനിതകുമാരി, അസ്ട്രോളജർ
+91 9846561867
For Video Consultation with Dr.S. Anithakumari :
visit: http://www.astrog.in
Story Summary: Guruvayoor Ekadeshi : Benefits Of Chanting Vishnu Stothra
Copyright 2021 neramonline.com.
All rights reserved.