Saturday, 23 Nov 2024

ഇപ്പോൾ ഇത് ചെയ്താൽ ശനിദോഷങ്ങൾ പമ്പകടക്കും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ശബരിമല ശ്രീ അയ്യപ്പ സ്വാമിയുടെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും നല്ല ദിവസമാണ്. മീന മാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ പുണ്യദിനം കലിയുഗ വരദനായ അയ്യപ്പസ്വാമിക്ക് മാത്രമല്ല ശിവനും പാർവതിക്കും സുബ്രഹ്മണ്യനും മഹാലക്ഷ്മിക്കും പ്രധാനമാണ്. അയ്യപ്പസ്വാമിക്കും മഹാലക്ഷ്മിക്കും ഇത് അവതാര ദിനമാണെങ്കിൽ ശിവപാർവതിമാർക്കും പുത്രനും തൃക്കല്യാണ ദിവസമാണ്. ശബരിമലയിൽ പത്തു ദിവസത്തെ ഉത്സവം സമാപിക്കുന്നത് പെെങ്കുനി ഉത്രം ദിവസമാണ്. പൈങ്കുനി ഉത്രദിനത്തിലാണ് ഇപ്പോൾ ശബരി ഗിരീശന് പമ്പാ തീർത്ഥത്തിൽ ആറാട്ട്.

മീനത്തിലെ ഉത്രം ശബരിമലയിൽ മാത്രമല്ല എല്ലാ അയ്യപ്പ – ധർമശാസ്താ ക്ഷേത്രങ്ങളിലും വഴിപാടുകളും വിശേഷാൽ പൂജകളുമായാണ് ആചരിക്കുന്നത്. പൈങ്കുനി ഉത്രം നാളിലെ അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയായ, ഹരിഹര പുത്രനായ ധർമ്മ ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെ ഭജിച്ചാൽ ശനിദോഷങ്ങളെല്ലാം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും ഉത്രം നക്ഷത്രത്തിലും മണ്ഡല – മകര വിളക്ക് കാലത്തും നീരാജനം, എള്ളുപായസം വഴിപാട് വളരെ ഫലപ്രദമാണ്.

ഈ വഴിപാടുകൾ നടത്തുന്നതിനൊപ്പം അയ്യപ്പന്റെ മൂലമന്ത്രവും ശാസ്താ സ്തുതിയും ശാസ്തൃ ഗായത്രിയും ശാസ്താ പഞ്ചരത്ന സ്തോത്രവും ശനിദോഷമുള്ളവർ പൈങ്കുനി ഉത്രം മുതൽ 21 ദിവസം തുടർച്ചയായി കഴിയുന്നത്ര തവണ ജപിക്കണം. ശങ്കരാചാര്യർ രചിച്ച ദിവ്യ സ്തോത്രമാണ് ശാസ്താ പഞ്ചരത്നം. ഇത് നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് ഉത്തമ പരിഹാരമാണ്. ഈ സ്തുതി എന്നും ജപിക്കുന്ന ഭക്തരിൽ പ്രസാദിക്കുന്ന ശാസ്താവ് എല്ലാ ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കും എന്നാണ് ശാസ്താ പഞ്ചരത്നത്തിന്റെ ഫലശ്രുതിയിൽ പറയുന്നത് :

മൂലമന്ത്രം
ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

ശാസ്താസ്തുതി
ഭൂതനാഥ സദാനന്ദ
സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമഃ

ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്

ശാസ്താ പഞ്ചരത്ന സ്തോത്രം
ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം
കാരുണ്യാമൃതപൂരിതം
സര്‍വ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം
ദേവമസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡ്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യമേതദ്യോ
നിത്യം ശുദ്ധ: പഠേന്നര:
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവസതി മാനസേ

പൈങ്കുനി ഉത്ര ദിവസമായ 2021 മാർച്ച് 28 ന് രാവിലെ ശബരിഗിരീശന്റെ ആറാട്ട് എഴുന്നള്ളത്ത് സന്നിധാത്തു നിന്ന് തുടങ്ങും. ഉച്ചയ്ക്ക് ശേഷമാണ് പമ്പയിൽ തിരു ആറാട്ട് നടക്കുക. തന്ത്രി കണ്ഠരര് രാജീവര് മേൽശാന്തി ജയരാജ് പോറ്റി എന്നിവരുടെ കാർമ്മികത്വത്തിലാകും ആറാട്ട്. മീനമാസ പൂജകൾക്കായി തുറന്ന ശബരിമല നട 15 ദിവസത്തിനു ശേഷം 28 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഏപ്രിൽ 14 ന് ആണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18 ന് തിരുനട അടയ്ക്കും. ഇപ്പോൾ ശബരിമല ദർശനത്തിന് വരുന്നവർക്ക് ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയിട്ടുണ്ട്. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനുള്ള പാസ്സ് ലഭിച്ചവരെ മാത്രമെ കടത്തിവിടൂ. ഉത്സവബലിയും ശീവേലിയും സേവയും ഉത്സവത്തിൻ്റെ ഭാഗമായി നടക്കുന്നുണ്ട്. മാർച്ച് 27 ന് രാത്രിയാണ് പളളിവേട്ട.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Panguni Uthiram : The Day of incarnation of Lord Ayyappan

error: Content is protected !!
Exit mobile version